ഇന്ത്യയിലെ റോഡുകളില്‍ ഓരോ ദിവസവുംമരിക്കുന്നത് 56 ഓളം കാല്‍നട യാത്രക്കാര്‍

Web Desk
Posted on October 01, 2018, 10:33 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഡുകളില്‍ ഓരോ ദിവസവും ജീവന്‍ നഷ്ടപ്പെടുന്നത് 56 ഓളം കാല്‍നട യാത്രക്കാര്‍ക്ക്. സര്‍ക്കാരിന്റെ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നതാണ് ഇക്കാര്യം. 2014ല്‍ റോഡപകടങ്ങളില്‍ 12,330 കാല്‍നടയാത്രക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ 2017ല്‍ ഇത് 20,457 ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടെ അപകടങ്ങളില്‍ ഏതാണ്ട് 66 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
അപകടങ്ങളില്‍പ്പെട്ടാല്‍ കാല്‍നട യാത്രക്കാര്‍ക്ക് നാമമാത്രമായ പരിരക്ഷയെ ലഭിക്കുന്നുള്ളൂ. സൈക്കിള്‍,ഇരുചക്ര വാഹന യാത്രക്കാരുടെയും സ്ഥിതി ആശങ്കാജനകമാണ്. ഔദ്യോഗിക രേഖകള്‍ പ്രകാരം 133 ഇരുചക്രവാഹന യാത്രികര്‍ക്കും 10 സൈക്കിള്‍ യാത്രക്കാര്‍ക്കും ദിവസേന ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. 2017ലെ കണക്കുകള്‍ പ്രകാരമാണിത്. ഈ മൂന്ന് വിഭാഗങ്ങളിലുമായുണ്ടായ അപകടങ്ങളില്‍ ഇരയായത് 2017ല്‍ സംഭവിച്ച ആകെ റോഡ് അപകടങ്ങളുടെ പകുതിയിലേറെയാണ്.
വികസിത രാജ്യങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കാല്‍നടയാത്രക്കാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും പരിഗണനകളും വളരെ പരിമിതമാണെന്ന് അടുത്തിടെ കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറി വൈ എസ് മാലിക് പറഞ്ഞിരുന്നു. റോഡരികിലെ നടവഴികള്‍ പലപ്പോഴും വ്യാപാര സ്ഥാപനങ്ങള്‍ കൈയേറുന്നതും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ ഉപയോഗിക്കുന്നതും കാല്‍നടയാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു.
കാല്‍നട യാത്രക്കാര്‍ക്ക് ദിവസവും ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തമിഴ്‌നാട്ടിലാണ്. 2017ല്‍ മാത്രം 3,507 പേര്‍ക്കാണ് അവിടെ ജീവന്‍ നഷ്ടപ്പെട്ടത്. മഹാരാഷ്ട്ര (1,831), ആന്ധ്രാപ്രദേശ് (1,379) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. ഇരുചക്രവാഹന അപകടങ്ങളിലും തമിഴ്‌നാട് തന്നെയാണ് മുന്നിലുള്ളത്. 2017ല്‍ തമിഴ്‌നാട്ടില്‍ 6,329 ഇരുചക്ര വാഹന യാത്രികരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് (5.699), മഹാരാഷ്ട്ര (4,659) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
റോഡപകടങ്ങള്‍ കുറയ്ക്കാനായി 2019 ഏപ്രില്‍ മുതല്‍ എല്ലാ ഇരുചക്രവാഹനങ്ങളിലും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമാക്കാന്‍ കേന്ദ്രം നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.