ജി ആര്‍ അനില്‍

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി

June 22, 2021, 4:30 am

കേരളത്തിലെ നെല്ല് സംഭരണം

തിരുവാതിര ഞാറ്റുവേലയ്ക്ക് ഇന്ന് തുടക്കം
Janayugom Online

മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേലയ്ക്ക് ഇന്ന് തുടക്കംകുറിക്കുകയാണ്. സമയവും ദിവസവും കാലാവസ്ഥയും അറിയാൻ പഴമക്കാർ തയ്യാറാക്കിയ കാർഷിക കലണ്ടറാണ് ഞാറ്റുവേലകൾ. ശാസ്ത്രത്തിന്റെ വളർച്ച ഞാറ്റുവേലകളുടെ പ്രാധാന്യത്തിൽ കുറവുവരുത്തിയെങ്കിലും നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി അവ ഇന്നും നിലനിന്നുപോരുന്നു. കേരളത്തിലെ നെൽകൃഷിയും ഞാറ്റുവേലയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ കേരളീയർക്ക് നെൽകൃഷിയോടുണ്ടായിരുന്ന ആഭിമുഖ്യവും പ്രതിപത്തിയും കുറഞ്ഞു വരുന്നു. പലകാരണങ്ങളാൽ നെൽപ്പാടങ്ങളുടെ വിസ്തൃതി ക്രമാനുഗതമായി കുറയുന്നു. തൊഴിലാളികളെ അമിതമായി ആശ്രയിക്കേണ്ടിവന്നതും അവശ്യസമയങ്ങളിലെ തൊഴിലാളി ദൗർലഭ്യവും മറ്റു വിളകളെ അപേക്ഷിച്ച് നെൽകൃഷി ആദായകരമല്ലാതാക്കിയിരിക്കുന്നു. എന്നാൽ കർഷകരെ നെൽകൃഷിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള നയങ്ങളും സമീപനങ്ങളുമാണ് കേരളത്തിൽ വന്ന ഇടതു സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളത്. 2016–2021 കാലഘട്ടം കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഈ കാലയളവിൽ നെൽപ്പാടങ്ങളുടെ വിസ്തൃതിയിൽ വലിയ വർധനവുണ്ടായി. കരനെൽകൃഷി എന്ന ആശയം പ്രാവർത്തികമാക്കി. കർഷകർ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വില നൽകാൻ നടപടി സ്വീകരിച്ചു. നെല്ല് സംഭരണം കാര്യക്ഷമവും ഊർജ്ജിതവുമാക്കി. ഇതിലൂടെ കാർഷികവൃത്തിയിൽ നിന്നും വിട്ടുനിന്നിരുന്ന ഒരു വലിയ വിഭാഗം കർഷകരെ നെൽകൃഷിയിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞു.
നെൽകൃഷി നമ്മുടെ സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമല്ല പാരിസ്ഥിതികവും ജൈവികവുമായ സന്തുലനം നിലനിർത്താനും അത്യന്താപേക്ഷിതമാണ്. കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞുവരികയും കർഷകർ ലാഭകരമല്ലാത്ത നെൽകൃഷിയുപേക്ഷിച്ച് മറ്റ് മേഖലകളിലേക്ക് ചേക്കേറുകയും ചെയ്യുന്ന പ്രവണത സംസ്ഥാനത്തിന് വിനാശകരമായിത്തീരുമെന്ന ഒരു ഘട്ടത്തിലാണ് സർക്കാർതലത്തിൽ കാര്യക്ഷമവും കർഷകർക്ക് ലാഭകരവുമായ നെല്ല് സംഭരണപദ്ധതി ആരംഭിച്ചത്. സപ്ലൈകോ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ മില്ലുടമകളുടെ വലിയ തോതിലുള്ള സഹകരണവും ലഭിച്ചുവരുന്നു. കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടുകൂടി നെൽകൃഷി ലാഭകരമാക്കുന്നതിനും അതിലൂടെ കർഷകരെ കാർഷികവൃത്തിയിൽ ഉറപ്പിച്ചു നിർത്താനുമാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ സ്വയംപര്യാപ്തമാവുക എന്ന വലിയ ലക്ഷ്യം നമുക്ക് കൈവരിക്കേണ്ടതുണ്ട്.
സങ്കീർണമായ സാമൂഹ്യ, സാമ്പത്തിക ക്രമത്തിലാണ് നാം ജീവിക്കുന്നത്. നവലിബറൽ നയങ്ങളുടെ പ്രയോക്താക്കളായ മൂലധനശക്തികൾ കൂടുതൽ കരുത്താർജിക്കുകയും സാമാന്യജനങ്ങളുടെ നേർക്കുള്ള കടന്നാക്രമണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. യുപിഎയുടെ ഭരണകാലത്ത് തുടങ്ങിവച്ച ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ രണ്ടാം എൻഡിഎ കാലത്ത് കൂടുതൽ ഹിംസാത്മകമായിരിക്കുന്നു. ശിങ്കിടിമുതലാളിത്തത്തിന് ഒത്താശ ചെയ്തുകൊണ്ട് കർഷകരും തൊഴിലാളികളുമുൾപ്പെടെയുള്ള ജനവിഭാഗങ്ങളെ പാർശ്വവൽക്കരിക്കാനുമുള്ള ശ്രമങ്ങളെ നാം ശക്തമായി പ്രതിരോധിക്കേണ്ട ഒരു സാഹചര്യമാണ് നിലവിലുള്ളത്. പ്രതിലോമശക്തികളുടെ തീട്ടൂരങ്ങൾക്ക് കീഴ്പ്പെടാതെ പുതിയ നയസമീപനങ്ങളിലൂടെ രാജ്യത്തിനാകെ മാതൃകയാവുന്ന ബദൽ സൃഷ്ടിച്ചുകൊണ്ടാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ മുന്നേറുന്നത്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് നെല്ല്സംഭരണപദ്ധതി. വിപണിയുടെ മേധാവിത്വത്തിൽ നിന്നും നെൽക്കർഷകരെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ഒരു ചുവടുവയ്പ് എന്ന നിലയിലാണ് എൽഡിഎഫ് സർക്കാർ 2006 വർഷത്തിൽ നെല്ല് സംഭരണപദ്ധതി നടപ്പിലാക്കിയത്. 

കേരളത്തിലെ നെൽകൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനും നെൽകർഷകരെ സംരക്ഷിക്കുന്നതിനുമായി 2005‑ലാണ് കേരളസർക്കാർ കേരളസിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി നെല്ല് സംഭരണം ആരംഭിച്ചത് (04.06.2005‑ലെ സർക്കാർ ഉത്തരവ് (എം. എസ്. )22/2005/ഭ. പൊ. വി. വ.). കടലാസിലായിരുന്ന പ്രസ്തുത പദ്ധതിക്ക് ജീവൻ പകർന്നുനൽകിയത് 2006‑ൽ നിലവിൽ വന്ന എൽഡിഎഫ് സർക്കാരാണ്. സപ്ലൈകോ സംഭരിക്കുന്ന നെല്ല് സ്വകാര്യമില്ലുകളുടെ പങ്കാളിത്തത്തോടെ അരിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്തുവരുന്നു. കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണം ചെയ്യുന്ന ഒരു പദ്ധതിയാണിത്. നെല്ല് സംഭരണത്തിന്റെ ആരംഭകാലത്ത് നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് ഏഴു രൂപയിൽ താഴെയായിരുന്നത് നാലിരട്ടി വർധിച്ച് നിലവിൽ 28 രൂപയായി. ഇക്കാരണത്താൽ കേരളത്തിലെ നെൽകൃഷി അഭിവൃദ്ധിപ്പെട്ടു. നെൽകൃഷിയിൽ നിന്നും മാറിനിന്ന കർഷകർ വലിയതോതിൽ നെല്ലുല്പാദനത്തിൽ ഏർപ്പെടാൻ തുടങ്ങി. നെല്ലിന്റെ ഉല്പാദനത്തിൽ വലിയ വർധനവുണ്ടായി. 

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി മില്ലുടമകൾ പാടശേഖരങ്ങളിൽ പോയി നെല്ല് സംഭരിച്ച് മില്ലുകളിൽ എത്തിച്ച് സംസ്കരിച്ച് അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറുന്ന രീതിയാണ് കേരളത്തിൽ അനുവർത്തിച്ചുപോരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കർഷകർ അവർ ഉല്പാദിപ്പിക്കുന്ന വിളകൾ ഗോഡൗണുകളിൽ എത്തിക്കുകയെന്ന ശ്രമകരമായ ഉത്തരവാദിത്തവും നിർവഹിക്കേണ്ടതായിട്ടുണ്ട്. നെല്ലിന്റെ സംഭരണ വിലയിൽ രണ്ട് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു. മിനിമം സപ്പോർട്ട് പ്രൈസും (എംഎസ്‌‌ പി) സ്റ്റേറ്റ് ഇൻസന്റീവ് ബോണസും (എസ്ഐബി). കേന്ദ്രകൃഷിമന്ത്രാലയത്തിനു കീഴിലുള്ള കമ്മിഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ് ആന്റ് പ്രൈസസ് (സിഎസിപി) ശുപാർശ ചെയ്യുന്ന പ്രകാരം മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്‌പി) നിശ്ചയിക്കുമ്പോൾ, പ്രോത്സാഹന ബോണസ് സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി നൽകി വരുന്നു. നിലവിൽ ഒരു കിലോയ്ക്ക് 27.48 രൂപ എന്ന നിരക്കിലാണ് കേരളത്തിൽ നെല്ല് സംഭരിച്ചു വരുന്നത്. ഇതിൽ കേന്ദ്രസർക്കാരിന്റെ വിഹിതം 18.68 രൂപയും സംസ്ഥാന സർക്കാരിന് 8.80 രൂപയുമാണ്. നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ നൽകിവരുന്ന വിഹിതം ഏപ്രിൽ ഒന്ന് മുതൽ 52 പൈസ വർധിപ്പിച്ച സാഹചര്യത്തിൽ, അടുത്ത സീസൺ മുതൽ കർഷകർക്ക് ഒരു കിലോ നെല്ലിന് 28 രൂപ കിട്ടും. 

കേരളത്തിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ നിലവിൽ പൂർണമായും കമ്പ്യൂട്ടർവല്‍കൃതമാണ്. ഇതിനായി http://supplycopaddy.in എന്ന വെബ്സൈറ്റ് പ്രവർത്തനസജ്ജമാണ്. പ്രസ്തുത സൈറ്റിൽ നിന്നും കർഷകർക്കും മില്ലുടമകൾക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നെല്ല് സംഭരണം സംബന്ധിച്ച എല്ലാ വിവരങ്ങളും വളരെ കൃത്യതയോടെ യഥാസമയം അറിയുവാൻ കഴിയും. കേരളത്തിൽ രണ്ട് സീസണുകളിലായിട്ടാണ് നെല്ല് സംഭരണം നടത്തുന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വിളവെടുപ്പ് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ വരെ സംഭരിക്കുന്നു. നെല്ല് സംഭരണത്തിനായി ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 15 വരെ കർഷകർക്ക് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള വിളവെടുപ്പ് ജനുവരി മുതൽ ജൂൺ വരെ സംഭരിക്കുന്നു. ഈ കാലയളവിലെ നെല്ല് സംഭരണത്തിനായി ഡിസംബർ ഒന്നു മുതൽ ജനുവരി 15 വരെയും, മാർച്ച് ഒന്നു മുതൽ മാർച്ച് 31 വരെയും കർഷകർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അഞ്ച് ഏക്കർ വരെ കൃഷിചെയ്യുന്ന വ്യക്തിഗത കൃഷിക്കാരിൽ നിന്നും 15 ഏക്കർ വരെ കൃഷി ചെയ്യുന്ന പാടശേഖരസമിതികളിൽ നിന്നും സപ്ലൈകോ നെല്ല് സംഭരിച്ചു വരുന്നു. സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള മില്ലുകാരാണ് കർഷകരിൽ നിന്നും നെല്ല് നേരിട്ട് സംഭരിക്കുന്നത്. സംഭരിച്ച നെല്ല് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സംസ്കരണം നടത്തി അരിയാക്കി മില്ലു‍ടമകൾ സപ്ലൈകോയ്ക്ക് നൽകേണ്ടതുണ്ട്. ഇതിനുള്ള ചെലവിനായി കർഷകർക്ക് കയറ്റുകൂലി ഇനത്തിൽ നൽകേണ്ട 12 രൂപ സഹിതം, 214 രൂപയാണ് ഒരു ക്വിന്റലിന് മില്ലുടമകൾക്ക് നൽകുന്നത്. മില്ലുടമകൾക്ക് നൽകുന്ന നെല്ലിന്റെയും മില്ലുടമകൾ തിരികെ നല്കുന്ന അരിയുടെയും ഗുണമേന്മ നിശ്ചയിക്കുന്നതിനും നെല്ലുസംഭരണ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സപ്ലൈകോ കൃഷിവകുപ്പിലെ അസിസ്റ്റന്റ് ‍ഡയറക്ടർമാരെ പാഡി മാർക്കറ്റിങ് ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.
ഭക്ഷ്യ‑പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന സപ്ലൈകോയുമായി കരാറിൽ ഏർപ്പെടുന്ന മില്ലുകൾ വഴിയാണ് കേരളത്തിലെ കർഷകരിൽ നിന്നും നെല്ല് സംഭരണം നടത്തുന്നത്. 53 മില്ലുകളാണ് നെല്ലുസംഭരണത്തിനായി നിലവിൽ സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്കുവേണ്ടി മില്ലുടമകൾ കർഷകന് പിആർഎസ് (പാഡി റസീപ്റ്റ് ഷീറ്റ്) നൽകുന്നു. പ്രസ്തുത പിആർഎസ് സപ്ലൈകോയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പാഡി മാർക്കറ്റിങ് ഓഫീസർ പരിശോധിച്ച് അംഗീകരിക്കുകയും സപ്ലൈകോയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുള്ള ബാങ്കുകൾ വഴി വായ്പയായി കർഷകർക്ക് നെല്ലിന്റെ വില നൽകുകയും ചെയ്യുന്നു. പ്രസ്തുത തുക പലിശ സഹിതം സപ്ലൈകോ ബാങ്കുകൾക്ക് നൽകുന്നു. ഇപ്രകാരം കർഷകന് സമയബന്ധിതമായി നെല്ലിന്റെ വില ലഭ്യമാക്കുന്നു. മില്ലുടമകൾ കർഷകരിൽ നിന്നും സംഭരിക്കുന്ന 100കിലോ നെല്ലിന് 64.5 കിലോ അരി തിരികെ നൽകണം. 100 കിലോ നെല്ലിന് 68 കിലോ അരി തിരികെനൽകണമെന്നതാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ള നിലപാട്. എന്നാൽ കേരളത്തിലെ പ്രത്യേക കാലാവസ്ഥയും കൃഷിരീതിയും മണ്ണിന്റെ പ്രത്യേകതയും പരിഗണിച്ചാണ് കേരളസർക്കാർ ഇത് 64.5 കിലോ ആയി നിശ്ചയിച്ചിട്ടുള്ളത്. ഇതിലൂടെ മില്ലുടമകൾ സംഭരിച്ച് നല്കുന്ന അരിയുടെ അളവിലുണ്ടായ 3.5 കിലോയുടെ വ്യത്യാസത്തിന്റെ ബാധ്യതയും സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. 

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഓരോ വർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടി വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018–2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും 6.93 ലക്ഷം മെട്രിക്ക് ടൺ നെല്ലാണ് സംഭരിച്ചതെങ്കിൽ 2019–2020 ആയപ്പോഴേയ്ക്കും 2,58,295 കർഷകരിൽ നിന്നും 7.09 ലക്ഷം മെട്രിക്ക് ടൺ ആയി വർധിച്ചു. ജൂൺ 30ന് അവസാനിക്കുന്ന നടപ്പ് സംഭരണ വർഷത്തിൽ ഇതുവരെ 7.60 ലക്ഷം മെട്രിക്ക് ടൺ നെല്ല് സംഭരിക്കുവാൻ കഴിഞ്ഞു. ഈ വർഷം നെല്ല് സംഭരണം നടത്തിയ വകയിൽ നാളിതുവരെ 1710 കോടിരൂപ കർഷകർക്ക് നൽകുകയുണ്ടായി. ബാക്കി തുകയായ 400 കോടി രൂപ നല്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. കോവിഡ്, ഇടയ്ക്കുണ്ടായ വെള്ളപ്പൊക്കം എന്നിവ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ കാരണം പാടശേഖര സമിതികളിൽ നിന്നും സമയബന്ധിതമായി കണക്കുകൾ ശേഖരിക്കുന്നതിലും ബാങ്കിങ് ഇടപാടുകളിലുണ്ടായ കാലതാമസവുമാണ് തുക നല്കുന്നതിന് തടസമായത്. 

കാലംതെറ്റി പെയ്യുന്ന മഴ കാരണം കൃത്യമായി കൊയ്ത്തു നടത്താൻ കഴിയാത്തതും നെല്ല് വെള്ളത്തിൽ കുതിർന്ന് കേടാകുന്നതും നെല്ല് സംഭരണപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നു. നനഞ്ഞ നെല്ല് ഉണക്കി എടുക്കുമ്പോൾ അതിന്റെ ഗുണനിലവാരം കുറയുന്നതിനാൽ മടക്കി നല്കേണ്ട അരിയുടെ അളവിൽ കുറവ് വേണമെന്ന് മില്ലുടമകളും അതിനു കഴിയില്ലെന്ന കർഷകരുടെ നിലപാടും നെല്ല് സംഭരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ മന്ത്രി എന്ന നിലയിൽ നേരിട്ട് ഇടപെട്ടുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സമീപനമാണ് ഞാൻ സ്വീകരിച്ചുവരുന്നത്. ലോക്ഡൗൺ മൂലമുള്ള നിയന്ത്രണങ്ങൾ നേരിട്ടുള്ള ചർച്ചകൾക്കും യോഗങ്ങൾക്കും വിഘാതം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രശ്നപരിഹാരത്തിനുള്ള ചർച്ചകളും യോഗങ്ങളും നടത്തിവരുന്നു. നെല്ല് സംഭരണത്തിൽ കർഷകരെയും മില്ലുടമകളെയും വിശ്വാസത്തിലെടുത്തുകൊണ്ട് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക.