കൊറോണ (കോവിഡ് 19) വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ 58 ഇന്ത്യക്കാരെ ഗാസിയാബാദിൽ എത്തിച്ചു. തെഹ്റാനിൽ നിന്നുള്ള തീർത്ഥാടകരെയാണ് വ്യോമസേനാ വിമാനത്തിൽ തിരിച്ചെത്തിച്ചത്. ഇറാനില്‍ കുടുങ്ങിയ കൂടുതല്‍ ആളുകളെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു.
വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ആദ്യ സംഘത്തെ ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ എത്തിച്ചത്. ഇവര്‍ക്ക് കോവിഡ് ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരെ ആരോഗ്യ പരിശോധനകൾക്ക് ശേഷമാകും പുറത്തേക്ക് വിടുക. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി ഇവർക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഡോക്ടർമാരുടെ സംഘം കഴിഞ്ഞ ആഴ്ച ഇറാനിലെത്തിയിരുന്നു.
പൂണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ എന്നിവയിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘം മാർച്ച് നാലിനാണ് ഇറാനിലേക്ക് തിരിച്ചത്. തുടർന്ന് വിദഗ്ധ സംഘം108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കൊറോണയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ തുടങ്ങിയവരാണ് ഇറാനിൽ കുടുങ്ങിയത്.
അതേസമയം കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 4,027 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ 3136 പേർ മരിച്ചു. ഇറ്റലിയിൽ 463, ഇറാനിൽ 237, ദക്ഷിണ കൊറിയയിൽ 51, യുഎസിൽ 26 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ. 100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതിനായിരത്തലധികം ആളുകളുടെ രോഗം ഭേദമായി.
അതേസമയം ചൈനയ്ക്ക് പുറത്ത് കൊറോണ ഏറ്റവും ഭയനാകമായി ബാധിച്ച ഇറ്റലി പൂർണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ അറിയിച്ചു. രാജ്യത്ത് പൊതുപരിപാടികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തി. യാത്രാ നിരോധനവും പ്രഖ്യാപിച്ചു. തിങ്കളാഴ്ച മരണം 463 ആയി ഉയർന്നതോടെയാണ് ഇറ്റലി കർശന നടപടികൾ സ്വീകരിച്ചത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.