ബേബി ആലുവ

കൊച്ചി

May 30, 2021, 9:34 pm

5ജി സ്പെക്ട്രം വില കുറയ്ക്കാൻ കേന്ദ്രം: കുത്തകകൾക്ക് വഴങ്ങുന്നു

Janayugom Online

സ്വകാര്യ ടെലികോം കമ്പനികളുടെ സമ്മർദ്ദത്തിനു വഴങ്ങി 5ജി സ്പെക്ട്രത്തിനു വില കുറയ്ക്കാൻ കേന്ദ്ര നീക്കം. അടുത്ത വർഷം നടക്കാനിരിക്കുന്ന സ്പെക്ട്രം ലേലം ആകർഷകമാകണമെങ്കിൽ ടെലികോം കമ്പനികളുടെ നിർദ്ദേശമപ്പാടെ പാലിച്ചേ പറ്റൂ എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ നിലപാട്. 2022‑ൽ നടക്കാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ സംബന്ധിക്കണമെങ്കിൽ തങ്ങൾ നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ പാലിക്കണമെന്നാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മുഖ്യ ടെലികോം കമ്പനികളുടെ ആവശ്യം. അതിനായി അവർ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾ കടുത്തതുമാണ്. 700 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രത്തിന്റെ അടിസ്ഥാന വില നേർപകുതിയായി കുറയ്ക്കുക, ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷയുടെ ഭാഗമായുള്ള നിക്ഷേപത്തുക (ഇഎംഡി) യിൽ ഇളവ് അനുവദിക്കുക തുടങ്ങിയവയാണ് വ്യവസ്ഥകൾ. ഇവ അംഗീകരിച്ച് ലേല നടപടികൾ സുഗമവും ആകർഷകവുമാക്കണമെന്നാണ് സർക്കാരിനോടുള്ള ടെലികോം മന്ത്രാലയത്തിന്റെ ശുപാർശ.

കേന്ദ്രത്തിന്റെ ആലോചനയും ആ വഴിക്കാണ്. ഇതാകട്ടെ, മൂന്നു ടെലികോം കമ്പനികളിൽ മുഖ്യ സ്ഥാനത്തു നിൽക്കുന്നത് റിലയൻസ് ജിയോ ആയതു കൊണ്ടും. അഞ്ചു വർഷത്തിനു ശേഷം കഴിഞ്ഞ മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടന്ന 4ജി തരംഗങ്ങൾക്കായുള്ള സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ ഇഎംഡിയായി നിക്ഷേപിച്ചത് 10,000 കോടി രൂപയാണ്. രാജ്യത്തുള്ള മൊത്തം 22 സർക്കിളുകളിലായി വാങ്ങിയ 488.35 മെഗാഹെർട്സ് സ്പെക്ട്രത്തിനായി മുടക്കേണ്ടി വന്നത് 57,122.65 കോടി രൂപയും. നിക്ഷേപത്തുകയിലും സ്പെക്ട്രത്തിന്റെ അടിസ്ഥാന വിലയിലും വലിയ തോതിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെടുന്നതിന്റെ മുഖ്യ കാരണം ഇവയാണ്.

ഇതു നടപ്പായാൽ ഗുണം തങ്ങൾക്കുമുണ്ടാകുമല്ലോ എന്ന കാഴ്ചപ്പാടോടെ, ബിസിനസ് എതിരാളികളാണെങ്കിലും ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും ജിയോയോടൊപ്പം നിൽക്കുന്നു. കഴിഞ്ഞ ലേലത്തിൽ നാലു ലക്ഷം കോടിയുടെ വിറ്റുവരവാണ് കേന്ദ്രം പ്രതീക്ഷിച്ചതെങ്കിലും നേടാനായത് 77,814.80 കോടി രൂപ മാത്രം. അതിൽത്തന്നെ മുക്കാൽ പങ്കും റിലയൻസിന്റെ സംഭാവന. മൊത്തം വിറ്റ 855.60 മെഗാഹെർട്സ് സ്പെക്ട്രത്തിൽ 488.35- ഉം വാങ്ങിയതും റിലയൻസ് ജിയോ. ഈ ഇടപാടുകളുടെ ഏഴയലത്തൊന്നും പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് ഇടമില്ല എന്നത് ശ്രദ്ധേയം. സ്വകാര്യ കമ്പനികൾക്കായി 5 ജി സ്പെക്ട്രത്തിന്റെ ലേല നടപടികൾ നീങ്ങുമ്പോഴും 2ജി സ്പെക്ട്രത്തിന്റെ സൗകര്യമുപയോഗിച്ച് ഉപഭോക്താക്കൾക്ക് 3ജി സേവനം നൽകുന്നിടത്ത് ബിഎസ്എൻഎല്ലിനെ തളച്ചിട്ടിരിക്കുകയാണ്.

You may also like this video;