അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചരണം

Web Desk
Posted on May 05, 2019, 8:37 am

ന്യൂഡല്‍ഹി: അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചരണം.
അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങളിലാണ് അഞ്ചാംഘട്ടത്തിലെ തെരഞ്ഞെടുപ്പ്. പരമാവധി വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമങ്ങളിലാണ് സ്ഥാനാര്‍ഥികള്‍.

രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠിയടക്കം ശ്രദ്ധേയമായ നിരവധി മണ്ഡലങ്ങളില്‍ ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലക്‌നൗവുമാണ് ഉത്തര്‍പ്രദേശിലെ പ്രധാനപ്പെട്ട മറ്റ് രണ്ട് മണ്ഡലങ്ങള്‍. ഇത് കൂടാതെ, യുപിയിലെ 14 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

കേന്ദ്രന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും മത്സരിക്കുന്നതും തിങ്കളാഴ്ചയാണ്. രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. അവശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതോടെ ജമ്മുകശ്മീരിലെ വോട്ടെടുപ്പും പൂര്‍ത്തിയാകും. മധ്യപ്രദേശില്‍ 7 , പശ്ചിമബംഗാളിലെ 8 മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തില്‍ വിധിയെഴുതും.