വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.82 ശതമാനം വര്‍ധന

Web Desk
Posted on May 31, 2019, 10:23 pm

തിരുവനന്തപുരം: പ്രളയാനന്തര കാലത്തെ പ്രശ്‌നങ്ങള്‍ അതിജീവിച്ച കേരളത്തിലേക്ക് ഈ വര്‍ഷം ആദ്യം എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 6.82 ശതമാനം വര്‍ധന. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ കണക്കാണ് ഇത്. ഇക്കാലയളവില്‍ 46,12,937 ആഭ്യന്തരവിദേശ വിനോദസഞ്ചാരികളാണ് കേരളത്തിന്റെ പ്രകൃതിസൗന്ദര്യം നുകരാനെത്തിയത്. കഴിഞ്ഞവര്‍ഷം ഇതേസമയം 43,18,406 സഞ്ചാരികളായിരുന്നു എത്തിയത്.

ഈ വര്‍ഷം ആദ്യപാദത്തില്‍ 41,90,468 ആഭ്യന്തര സഞ്ചാരികള്‍ കേരളത്തില്‍ എത്തിയതിലൂടെ 8.07 ശതമാനം വളര്‍ച്ച കൈവരിക്കാനായി. 38,77,712 ആഭ്യന്തര വിനോദസഞ്ചാരികളായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേസമയം എത്തിയത്. എന്നാല്‍ വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 4.14 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രളയം കൂടുതല്‍ നാശം വിതച്ച എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ സഞ്ചാരികളെത്തിയത് ജനുവരി മുതല്‍ മൂന്നുമാസം സംസ്ഥാന വിനോദസഞ്ചാരമേഖല ശക്തമായ തിരിച്ചുവരവ് നടത്തി എന്നതിന്റെ വ്യക്തമായ തെളിവാണ്. 108,169 ആഭ്യന്തര വിനോദസഞ്ചാരികള്‍ അധികമായി എത്തിയ എറണാകുളമാണ് മുന്നില്‍. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ 8,87,922 എത്തിയപ്പോള്‍ 9,96,091 പേരാണ് ഈ വര്‍ഷം എത്തിയത്. ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഇടുക്കിയില്‍ 3,43,938 (2018ല്‍ 2,48,052) ആലപ്പുഴയില്‍ 1,80,562 (1,32,442), കണ്ണൂരില്‍ 2,10,247 (1,84,389), കോഴിക്കോട് 3,20,795 (2,76,188) സഞ്ചാരികളുമാണ് സന്ദര്‍ശിച്ചത്. കൊല്ലം, കോട്ടയം, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലും ചെറിയ വര്‍ധനയുണ്ട്. തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തില്‍ പിന്നിലേക്കു പോയത്. ഗുരുവായൂര്‍, പത്മനാഭസ്വാമിക്ഷേത്രം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലെ കുറവാണ് ഇതിന് കാരണം.

അടിസ്ഥാന സൗകര്യങ്ങളിലുള്‍പ്പെടെയുണ്ടായ കനത്ത നാശനഷ്ടങ്ങളെ അതിജീവിക്കാന്‍ ടൂറിസം മേഖലയ്ക്ക് ദീര്‍ഘനാള്‍ വേണ്ടിവരുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വിനോദസഞ്ചാരികളുടെ ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുക്കാനും ഫലപ്രദമായ പദ്ധതികള്‍ തയാറാക്കി ഈ ആശങ്ക മാറ്റാനും പ്രളയത്തെ വിജയകരമായി അതിജീവിക്കാനും സാധിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഇതിന്റെ വ്യക്തമായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.