ജയലളിതയുടെ ചികിത്സ; മൊത്തം 6.86 കോടി, ഭക്ഷണത്തിനു മാത്രം 1.17 കോടി

Web Desk

ചെന്നൈ

Posted on December 19, 2018, 9:30 am
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ 75 ദിവസം ചെലവായത് 6.86 കോടി രൂപ. ഭക്ഷണത്തിനുമാത്രം 1.17 കോടി രൂപയും ചികിത്സച്ചെലവ് 1.92 കോടി രൂപയുമായി. യലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ആറുമുഖസ്വാമി കമ്മി‌ഷൻ മുമ്പാകെ ആശുപത്രി അധികൃതരുടേതാണ് ഈ റിപ്പോർട്ട്.
ലണ്ടനിൽ നിന്നെത്തിയ ഡോ. റിച്ചാർഡ് ബെയ്‌ലിന് 92.7 ലക്ഷം രൂപ, ഫിസിയോ തെറാപ്പിക്കായി 1.29 കോടി രൂപ, ജയലളിതയുടെ മുറിവാടകയായി 24 ലക്ഷം രൂപ, വി കെ ശശികലയും കുടുംബാംഗങ്ങളും താമസിച്ച മുറികൾക്ക് 1.24 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് പ്രധാന ചെലവുകൾ.
മൊത്തം ആശുപത്രി ചെലവിൽ 6.41 കോടിരൂപ സർക്കാർ ഖജനാവിൽനിന്ന് നൽകിയിട്ടുണ്ട്. ബാക്കിതുക ഇനിയും ലഭിക്കാനുണ്ടെന്നും കമ്മിഷൻ മുമ്പാകെ ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ജയലളിതയുടെ ചികിത്സയ്ക്കുമാത്രമായി ചെലവായ 1.92 കോടി രൂപയിൽ കൺസൾട്ടേഷൻ ഫീസ് 71 ലക്ഷം രൂപയാണ്. വെന്റിലേറ്റർ, സിറിഞ്ച്, പമ്പ് തുടങ്ങിയവയ്ക്കായി 7.10 ലക്ഷം രൂപയും ആശുപത്രി ഫാർമസിയിൽനിന്നുള്ള മരുന്നിനായി 38 ലക്ഷം രൂപയും മുറിയുടെ വാടകയായി 24 ലക്ഷം രൂപയും ഈടാക്കി.
6.86 കോടിരൂപയിൽ രണ്ടുകോടി രൂപ മറ്റുള്ളവർക്കായി ചെലവഴിച്ചതാണ്. മുറിവാടക, ഭക്ഷണം, എൻജിനീയറിങ് സർവീസ് എന്നിവയ്ക്കായി 1.24 കോടി രൂപ ചെലവായി. ജയലളിതയുടെ സഹായികൾ, പാർട്ടിനേതാക്കൾ, ജയലളിതയുടെ തോഴി വി.കെ. ശശികലയും കുടുംബാംഗങ്ങളും എന്നിവർക്കായി ബുക്കുചെയ്ത മുറികൾ, ഭക്ഷണം എന്നിവയ്ക്കായാണ് ഈ പണം ചെലവായത്.
ഭക്ഷണത്തിനുചെലവായ 1.17 കോടി രൂപയിൽ ജയലളിതയുടെ ആരോഗ്യ പുരോഗതി റിപ്പോർട്ടുചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് 48 ലക്ഷം രൂപ, പൊലീസ് സേനാംഗങ്ങൾ, സഹായികൾ, എസ്‌കോർട്ട് അംഗങ്ങൾ എന്നിവർക്ക് 19 ലക്ഷം രൂപ, പാർട്ടിപ്രവർത്തകർക്കായി 17 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവായതെന്ന് അപ്പോളോ ആശുപത്രി സമർപ്പിച്ച രേഖകളിൽ പറയുന്നു.