മധ്യപ്രദേശിൽ കൂട്ട ശിശുമരണം

Web Desk

ഭോപ്പാൽ

Posted on January 15, 2020, 9:44 pm

മധ്യപ്രദേശിൽ 15 മണിക്കൂറിനുള്ളിൽ മരണമടഞ്ഞത് ആറ് ആദിവാസി ശിശുക്കൾ. ശാഹ്ഡോളിലെ സർക്കാർ ആശുപത്രിയിലാണ് കൂട്ട ശിശുമരണം. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ആരോഗ്യമന്ത്രി തുളസി സിലാവത്ത് ചൊവ്വാഴ്ച ഉത്തരവിട്ടു. രാജസ്ഥാനിലെ കോട്ടയിലെയും ഗുജറാത്തിലെയും ശിശുമരണങ്ങൾ വാർത്തയായതിന് തൊട്ടുപിന്നാലെയാണ് ശാഹ്ഡോളിലെ ശിശുമരണവും ചർച്ചയായിരിക്കുന്നത്. 13 -ാം തീയതി ഉച്ചയ്ക്ക് ഒരുമണിയ്ക്കും 14 ന് പുലർച്ചെ നാലുമണിക്കും ഇടയിലാണ് മരണങ്ങൾ സംഭവിച്ചത്.

ഒരു ദിവസം പ്രായമുള്ള കുഞ്ഞു മുതൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞുവരെ മരിച്ചവരിൽ ഉൾപ്പെടുന്നു. കുട്ടികളെ ആശുപത്രിയിലെ സിക് ന്യൂബോൺ കെയർ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് ചീഫ് മെഡിക്കൽ ആന്റ് ഹെൽത്ത് ഓഫീസറായ ഡോ. രാജേഷ് പാണ്ഡെ അറിയിച്ചു. മരിച്ച കുട്ടികളിൽ രണ്ടുപേരെ ജനുവരി ഏഴ്, ഡിസംബർ 30 എന്നീ ദിവസങ്ങളിലായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനനശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ശാഹ്ഡോളിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് മറ്റു നാലുകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലാമത്തെ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നെന്നും കുട്ടിയെ രക്ഷിക്കാൻ 40 മിനിട്ടോളം ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചെന്നും ഡോ. രാജേഷ് പാണ്ഡെ പറയുന്നു. എന്നാൽ ചികിത്സകളോട് പ്രതികരിക്കാതിരുന്ന കുട്ടി മരണമടയുകയായിരുന്നു. മണിക്കൂറുകൾക്കിടയിൽ ആറുകുട്ടികൾ മരിച്ചത് അന്വേഷിക്കുന്നതിനായി ജില്ലാ കളക്ടറും അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്.

Eng­lish sum­ma­ry: 6 trib­al infants die in Mad­hyapradesh

you may also like this video