Web Desk

ന്യൂഡല്‍ഹി

July 19, 2021, 9:28 pm

വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍: രാജ്യത്ത് 60 കേസുകള്‍

ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിനുകള്‍ ഫലപ്രദമെന്ന് ഐസിഎംആര്‍
Janayugom Online

വാക്സിന്‍ സ്വീകരിച്ച 60 പേരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ കാണപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം കേസുകളെക്കുറിച്ച് പഠിക്കുന്ന ദ നാഷണല്‍ അഡ്‌വേഴ്സ് ഇവന്റ്സ് ഫോളോവിങ് ഇമ്മ്യുണൈസേഷന്‍ (എഇഎഫ്ഐ) എന്ന കേന്ദ്ര സമിതിയുടേതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അവസാനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 31 കേസുകളാണ് ഉണ്ടായിരുന്നത്. 

മെയ് 27നാണ് വാക്സിന്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വിവരശേഖരണം എഇഎഫ്ഐ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

60 കേസുകളില്‍ 55 പേരില്‍ വാക്സിന്‍ സ്വീകരിച്ചതിനു ശേഷം സ്ഥിരമായി ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി. 36 പേരില്‍ ഉത്കണ്ഠയും 18 പേരില്‍ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കണ്ടെത്തി. ഒരാള്‍ക്ക് ഈ രണ്ട് പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് കേസുകളില്‍ വാക്സിനേഷനുമായി ബന്ധപ്പെടുത്താന്‍ പറ്റാത്ത രോഗാവസ്ഥകളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു മരണവും ഉള്‍പ്പെടുന്നു. യാദൃശ്ചിക സംഭവമായാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ നടത്തിയ പഠനം വ്യക്തമാക്കി. 

ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്.
‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്’. കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.

റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വാക്സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന്‍ എന്നിവയാണ് രാജ്യത്ത് നിലവിലുപയോഗിക്കുന്ന കോവിഡ് വാക്സിനുകള്‍. കുത്തിവയ്പ്പിനെക്കുറിച്ച് ആളുകള്‍ കൂടുതലായി ബോധവാന്മാരാകേണ്ടതുണ്ടെന്നും ഡോ. എന്‍ കെ അറോറ പറഞ്ഞു.

Eng­lish Sum­ma­ry : 60 cas­es on vac­cine side effects

You may also like this video :