24 April 2024, Wednesday

ആലപ്പുഴയില്‍ കോൺഗ്രസ് ഭരിച്ചിരുന്ന സഹകരണ ബാങ്കിൽ 60 കോടിയുടെ തട്ടിപ്പ്

Janayugom Webdesk
മാവേലിക്കര
August 8, 2022 12:39 pm

മാവേലിക്കര: കോൺഗ്രസ് ഭരിച്ചിരുന്ന ആലപ്പുഴ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ്. ഏകദേശം 60 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാതെ കാലങ്ങളായി പറ്റിച്ചുകൊണ്ടിരിക്കുന്നതായാണ് ആരോപണം. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഒരു നടപടിയും എടുത്തില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.

കൃഷിയും പ്രവാസവും വഴി സമ്പാദിച്ചതും പെൻഷൻ തുകയുമെല്ലാം മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. 60 ശതമാനം നിക്ഷേപകരും 65 വയസ് പിന്നിട്ടവരാണ്.

2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കരശാഖയില്‍ തട്ടിപ്പ് കണ്ടെത്തുന്നത്. 38 കോടി രൂപയുടെ തട്ടിപ്പ് നടന്നതെന്നായിരുന്നു ആദ്യഘട്ടത്തിൽ കണക്കാക്കിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ 60 കോടിക്കു മുകളിലാണ് തട്ടിപ്പെന്നായിരുന്നു സഹകരണ വകുപ്പിന്റെ വിലയിരുത്തൽ. വ്യാജ വായ്പ, ഉരുപ്പടികളില്ലാതെ സ്വര്‍ണ വായ്‌പ, സ്ഥിര നിക്ഷേപത്തിന് വ്യാജ സർട്ടിഫിക്കറ്റ് എന്നിങ്ങനെ വിവിധ രീതികളിലായിരുന്നു തട്ടിപ്പ് .

തഴക്കര ശാഖ മാനേജര്‍, രണ്ടു ജീവനക്കാര്‍, അന്നത്തെ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവരായിരുന്നു പ്രതികള്‍. 2017 മാര്‍ച്ചില്‍ ക്രെംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഏഴ് ഡിവൈഎസ്പിമാര്‍ കേസ് അന്വേഷിച്ചു. കേസിൽ പുരോഗതി ഉണ്ടാകാത്തതിനാൽ നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്നു ക്രൈംബ്രാഞ്ച് പറയുന്നു. ബാങ്കിന് മുന്നില്‍ ദിവസങ്ങളായി സമരം നടത്തുകയാണ് നിഷേപകര്‍.

Eng­lish Sum­ma­ry: 60 crore fraud in Alap­puzha Co-oper­a­tive Bank
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.