Saturday
16 Feb 2019

ദത്തെടുക്കപ്പെടുന്നതില്‍ അറുപത് ശതമാനവും പെണ്‍കുട്ടികള്‍

By: Web Desk | Tuesday 12 February 2019 10:12 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് ദത്തെടുക്കപ്പെട്ട കുട്ടികളില്‍ ഏറെയും പെണ്‍കുഞ്ഞുങ്ങളെന്ന് റിപ്പോര്‍ട്ട്. 2015-2018 വര്‍ഷത്തില്‍ 6,962 പെണ്‍കുട്ടികളെയാണ് ദത്തെടുത്തത്. അതേസമയം ആണ്‍കുട്ടികളുടെ എണ്ണം 4,687ആണെന്നും വനിതാ ശിശുവികസന മന്ത്രാലയം കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിദേശത്തേക്ക് അടക്കം ദത്തെടുക്കപ്പെട്ട കുട്ടികളുടെ കണക്കാണിത്.

2015-16ല്‍ രാജ്യത്തിനകത്ത് ദത്തെടുത്ത 3,011 കുട്ടികളില്‍ 1,855 പേര്‍ പെണ്‍കുട്ടികളായിരുന്നു. 2016-17ല്‍ ഇത് 1,915 ആയി വര്‍ധിച്ചു. 2017-18ല്‍ 1,943ഉം ആയി. രാജ്യത്തിന് പുറത്തേക്ക് ആണ്‍കുട്ടികളുടെ ഇരട്ടി പെണ്‍കുട്ടികളെ ദത്തെടുത്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ ദത്തെടുത്ത 2,310 കുട്ടികളില്‍ 1,594 പേര്‍ പെണ്‍കുട്ടികളായിരുന്നു. അതേസമയം ആണ്‍കുട്ടികളുടെ എണ്ണം 716 മാത്രമാണ്. ഹിന്ദു ദത്തെടുക്കല്‍ നിയമപ്രകാരമാണ് കൂടുതല്‍ കുട്ടികളെയും ഏറ്റെടുത്തിട്ടുള്ളത്.

നഗരങ്ങളില്‍ ദത്തെടുക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും ഗ്രാമങ്ങളിലെ സ്ഥിതി വ്യത്യസ്തമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിലെയും മധ്യവര്‍ഗ കുടുംബങ്ങളിലെയും ആളുകള്‍ പെണ്‍കുട്ടികളെ ദത്തെടുക്കാന്‍ ആഭിമുഖ്യം കാട്ടുന്നുണ്ട്.

അതേസമയം ജനന സമയത്തെ ലിംഗ നിരക്കില്‍ വലിയ വ്യത്യാസമുണ്ടെന്നും കണക്കുകള്‍ പറയുന്നു. ആയിരം ആണ്‍കുട്ടികള്‍ക്ക് 877 പെണ്‍കുട്ടികള്‍ മാത്രമാണ് ജനിക്കുന്നത്.