പഞ്ചാബിൽ 607 കോടി രൂപയുടെ ഗോതമ്പ് നശിച്ചതായി റിപ്പോർട്ട്. പഞ്ചാബ് നിയമസഭയിൽ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2014 മുതൽ 2018 വരെയുള്ള വർഷങ്ങളിലായാണ് ഇത്രയും വിലവരുന്ന ഗോതമ്പ് നശിച്ചുപോയത്.
ധാന്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പഞ്ചാബ് ഭക്ഷ്യധാന്യ കോർപ്പറേഷനും സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷനും വേണ്ട സജ്ജീകരണങ്ങൾ നടത്താത്തതാണ് ഇതിനു കാരണമെന്ന് 2017–18ലെ സിഎജി റിപ്പോർട്ടിൽ പറയുന്നു. പുതുതായി വിളവെടുത്ത ഗോതമ്പും കെട്ടിക്കിടന്ന ഗോതമ്പും ഒരുമിച്ച് സംഭരിച്ച് വച്ചതാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കേടുവന്ന ഗോതമ്പ് നീക്കം ചെയ്യാത്തതുമൂലം ഇവ സൂക്ഷിക്കുന്നതിനു വേണ്ടിയുള്ള വാടക ഇനത്തിലും മറ്റുമായി 8.57 കോടി രൂപയുടെ അധിക ചെലവും സർക്കാരിനു വന്നുവെന്നും സിഎജി പറഞ്ഞു.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കു വേണ്ടി പിഎഎഫ്സിഎൽ ഉം പിഎസ്ഡബ്ളിയുസിയുമാണ് ഗോതമ്പ് സംരഭിക്കുന്നത്. ഇതിൽ മോശം വന്ന ഗോതമ്പ് തരംതിരിച്ച് പ്രത്യേക വില നിശ്ചയിച്ച് നശിപ്പിക്കുന്നതിനായി ഇ ടെൻഡറുകൾ വഴി രണ്ട് കമ്പനികൾക്ക് നൽകുകയാണ് പതിവ്. 2014–15, 2017–18 വർഷങ്ങളിൽ 2.83 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് ഇത്തരത്തിൽ മോശം വന്നതായി കണ്ടെത്തിയത്. ആട്ട ദാൽ സ്കീമിലൂടെ 8.70 ലക്ഷം മെട്രിക് ഗോതമ്പ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്നു. ഇതാദ്യമായാണ് നശിച്ചു പോയ ഗോതമ്പിനെ കുറിച്ച് സിഎജി റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.
English Summary; 607 crores worth of wheat destroyed in Punjab
YOU MAY ALSO LIKE THIS VIDEO