സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം 63 ആയി; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Web Desk
Posted on August 11, 2019, 8:20 am

സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം 63 ആയി. മലപ്പുറം കവളപ്പാറയില്‍ ഇതുവരെ 9 മൃതദേഹങ്ങള്‍ കണ്ടെത്തി. കവളപ്പാറയിലും വയനാട് പുത്തുമലയിലും അല്‍പസമയിത്തിനകം മണ്ണിനടിയില്‍പെട്ടവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കും. കവളപ്പാറയില്‍ തിരച്ചിലിനായി സൈന്യമെത്തും. അതേസമയം, വയനാട്ടിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇന്ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും.

കണ്ണൂരില്‍ മഴ തുടരുന്നെങ്കിലും കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴക്ക് ശമനമുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നോടെ മഴയുടെ ശക്തി കുറയുമെന്ന് ശക്തികുറയുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴയുടെ ശക്തികുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി.

കാലാവസ്ഥ അനുകൂലമായാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, ഒരാഴ്ചയോളം ശ്രമിച്ചാലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാകുമോ എന്നതിലും ആശങ്കയുണ്ട്. വാണിയമ്പുഴയില്‍ കുടുങ്ങിയ 200ഓളം പേരെ പുറത്തെത്തിക്കാന്‍ ഇന്നു രാവിലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സമഗ്രരക്ഷാപ്രവര്‍ത്തനം ആരംഭിക്കും.

കനത്തമഴയില്‍ കനത്ത നാശനഷ്ടമുണ്ടായ വയനാട്ടിലും ഞായറാഴ്ച രാവിലെ തെളിഞ്ഞ ആകാശമാണ്. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ ഞായറാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരും. ഇനി ഒമ്പതുപേരെ ഇവിടെനിന്ന് കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശനിയാഴ്ച രാത്രിമുതല്‍ വയനാട്ടില്‍ തോരാമഴയില്ല എന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസംനല്‍കുന്നു.