രാജ്യത്താകെ അതിഥി തൊഴിലാളികൾക്കുള്ള സുരക്ഷാകേന്ദ്രങ്ങളിൽ 65 ശതമാനവും കേരളത്തിൽ

Web Desk

ന്യൂഡല്‍ഹി

Posted on April 09, 2020, 9:51 pm

അതിഥി തൊഴിലാളികൾക്കായി രാജ്യത്താകെ ഏർപ്പെടുത്തിയ അഭയകേന്ദ്രങ്ങളിൽ 65 ശതമാനവും പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര സർക്കാറിന്റെ സത്യവാങ്മൂലം. അതിഥി തൊഴിലാളികളുടെ അധിവാസം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിലെ നടപടികൾ സുപ്രീം കോടതിയെ അറിയിച്ചത്. രാജ്യത്ത് ആകെ 5.3 ലക്ഷം അതിഥി തൊഴിലാളികൾക്കാണ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക താമസ സൗകര്യങ്ങൾ ഒരുക്കിയത്.

ഇതിൽ 45 ശതമാനം തൊഴിലാളികളേയും പാർപ്പിക്കുന്നതിനുള്ള നടപടികൾ കേരളം സ്വീകരിച്ചതായാണ് സുപ്രീം കോടതിയെ അറിയിച്ചത്. മനുഷ്യാവകാശ പ്രവർത്തകരായ ഹർഷ് മന്ദിർ, അഞ്ജലി ഭരദ്വജ് എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് തേടിയത്. മുൻകൂർ അറിയിപ്പ് ഇല്ലാതെ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ അതിഥി തൊഴിലാളികൾക്ക് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും ഹർജി സമർപ്പിച്ചത്.

വിവിധ സംസ്ഥാനങ്ങളിലായി 22, 567 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 15,541 ക്യാമ്പുകളും കേരളത്തിലാണ്. സർക്കാരിന് പുറമേ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ 3909 ക്യാമ്പുകളും പ്രവർത്തിക്കുന്നു. കേരളത്തിൽ പ്രത്യേക കേന്ദ്രങ്ങൾക്കു പുറമേ അതിഥി തൊഴിലാളികൾ താമസിക്കുന്ന അതാതിടങ്ങളിൽ ആവശ്യമായ ഭക്ഷണമുൾപ്പെടെ സർക്കാർ നൽകുന്നുണ്ട്.

Eng­lish Sum­ma­ry: 65% migrant work­ers shel­ter in ker­ala

You may also like this video