ലൈംഗിക ശേഷി വര്‍ധിപ്പിക്കാന്‍ ആമ സൂപ്പ്; പിടികൂടിയവയില്‍ 482 എണ്ണവും ചത്തു

Web Desk
Posted on November 29, 2018, 10:52 am

ലക്‌നൗ: ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന 654 ആമകളെ കള്ളക്കടത്തുകാരില്‍ നിന്ന് പിടികൂടി. കണ്ടെടുത്ത ആമകളില്‍ 482 എണ്ണവും ചത്തു. 172 ആമകളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ഭര്‍താനയിലാണ് സംഭവം.

ആമക്കടത്തുമായി ബന്ധപ്പെട്ട് മാഫിയകള്‍ പ്രദേശത്ത് വ്യാപകമാണ്. ഇത്തരം മാഫിയകളെ കുറിച്ച് വനപാലകര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവരുടെ സങ്കേതത്തിലെ കുളത്തില്‍ നിന്നാണ് ആമകളെ കണ്ടെത്തിയത്. അറസ്റ്റ് ഭയന്ന് മാഫിയ തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ ആമകളെ കുളത്തില്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

സുന്ദരി എന്ന പേരില്‍ അറിയപ്പെടുന്ന ആമകളെയാണ് കണ്ടെടുത്തത്. മാര്‍ക്കറ്റില്‍ വലിയ വില ലഭിക്കുന്ന ഇത്തരം ആമകളെ കടത്തുന്നത് പ്രദേശത്ത് വ്യാപകമാണ്. ഇവയെ സൂപ്പാക്കി കുടിച്ചാല്‍ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ആമക്കടത്തിനു പിന്നില്‍.