March 24, 2023 Friday

ബാങ്കുകൾ എഴുതിത്തള്ളിയത് 68,607 കോടി; രക്ഷപ്പെട്ടത് വിജയ് മല്യയും മെഹുല്‍ ചോക്‌സിയും ഉൾപ്പെടെ 50 പേര്‍

Janayugom Webdesk
ന്യൂഡൽഹി:
April 28, 2020 8:38 pm

വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സി ഉൾപ്പെടെ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ 50 പേരുടെ വായ്പകൾ വിവിധ ബാങ്കുകൾ എഴുതിത്തള്ളിയെന്ന് റിസർവ് ബാങ്ക്. 68,607 കോടി രൂപയുടെ വായ്പയാണ് ഇത്തരത്തിൽ എഴുതിത്തള്ളിയതെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ആർബിഐ മറുപടി നൽകി.

സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവർത്തകൻ നൽകിയ അപേക്ഷയിലാണ് ആർബിഐ മറുപടി നൽകിയിരിക്കുന്നത്. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. സെന്‍ട്രല്‍ പബ്ലിക് ഇൻഫര്‍മേഷന്‍ ഓഫീസര്‍ അഭയ് കുമാറാണ് എഴുതിത്തള്ളിയവരുടെ പട്ടികയടക്കം വിശദമായ മറുപടി നൽകിയിട്ടുള്ളത്.
ചോക്സിയുടെ വിവാദ കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് 5,492 കോടി രൂപയുമായി ഈ പട്ടികയിൽ മുന്നിലുള്ളത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡിന് 1,109 കോടി രൂപയുമാണ് കടം. ചോക്സി ഇപ്പോൾ ആന്റിഗ്വയിലെ പൗരനാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരീക്ഷണത്തിലുള്ള സന്ദീപ് ജുൻജുൻവാലയും സഞ്ജയ് ജുൻജുൻവാലയും ഡയറക്ടറായുള്ള ആര്‍ഇഐ അഗ്രോ ലിമിറ്റഡ് 4,314 കോടി രൂപ കടവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബാബാ രാംദേവ് ആന്‍ഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇന്‍ഡോറിലുള്ള രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 2,212 കോടി രൂപ വായ്പയാണ് എഴുതി തള്ളിയിരിക്കുന്നത്.

2000 കോടി രൂപയ്ക്കു മുകളില്‍ കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളില്‍ ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ് ആന്‍ഡ് ജ്വല്ലറി, കുഡോസ് കെമീ ലിമിറ്റഡ്, സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. 1000 കോടി രൂപയ്ക്കു മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയ വിഭാഗത്തിലാണ് വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഇടംപിടിച്ചിരിക്കുന്നത്.

ENGLISH SUMMARY:68607 crore writ­ten off by banks; Fifty peo­ple includ­ing Vijay Mallya and Mehul Chok­si escaped

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.