1573 കുത്തകകളിൽ നിന്ന് ബിജെപിക്ക് 698 കോടി

Web Desk

ന്യൂഡല്‍ഹി

Posted on October 16, 2020, 10:41 pm

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പ്പറേറ്റുകളും വാണിജ്യ സ്ഥാപനങ്ങളും ബിജെപിക്ക് സംഭാവനയായി നല്‍കിയത് 698 കോടി രൂപ. 2018–19 വർഷത്തിൽ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച ദേശീയ പാര്‍ട്ടിയും ബിജെപിയാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്.
സംഭാവനകളില്‍ ബിജെപിക്ക് തൊട്ടുപുറകെയുള്ളത് കോണ്‍ഗ്രസാണ്. സംഭാവന ഇനത്തില്‍ ബിജെപിക്ക് 698 കോടി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 112.5 കോടിയാണെന്ന് എഡിആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എഡിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച സംഭാവന 876 കോടി രൂപയാണ്. 

ഓരോ സാമ്പത്തിക വര്‍ഷത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20,000 രൂപയില്‍ അധികം സംഭാവന നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. 2018–19 കാലയളവില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച 92 ശതമാനം സംഭാവനകളും നല്‍കിയത് കോര്‍പ്പറേറ്റുകളും വാണിജ്യ സ്ഥാപനങ്ങളുമാണെന്ന് എഡിആര്‍ പറയുന്നു.
പ്രധാനമായും 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് ബിജെപിക്ക് 698.082 കോടി സംഭാവന ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്ന് കോണ്‍ഗ്രസിന് 122.5 കോടി രൂപ ലഭിച്ചപ്പോള്‍ എന്‍സിപിക്ക് 17 കോര്‍പ്പറേറ്റുകളില്‍ നിന്ന് 11.345 കോടി രൂപയാണ് സംഭാവന ലഭിച്ചത്. അതേസമയം ഈ കാലയളവില്‍ അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച 20.54 കോടിയുടെ സംഭാവന നല്‍കിയ കോര്‍പ്പറേറ്റുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

319 സംഭാവനകളില്‍ നിന്നായി ലഭിച്ച 31.42 കോടിയുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാന്‍ കാര്‍ഡ് വിവരങ്ങള്‍ ലഭ്യമല്ലാത്ത 34 സംഭാവനകള്‍ കിട്ടി. 13.57 കോടിയാണ് ഈ ഇനത്തിലെ തുക. ഇതില്‍ 13.33 കോടി (99.75 ശതമാനം) യും ലഭിച്ചത് ബിജെപിയ്ക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 20,000 രൂപ ഒരു തവണയായോ നിരവധി തവണയായോ സംഭാവനകളായി നല്‍കുന്നവരുടെ പാന്‍ വിവരങ്ങള്‍ നല്‍കുന്നത് ഉറപ്പുവരുത്തണമെന്ന് എഡിആര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. 

ENGLISH SUMMARY:698 crore to the BJP out of 1573 monopolies
You may also like this video