ഏഴുവയസ്സുകാരി ദേവനന്ദയെ ആരും മറന്നുകാണില്ല. ഇപ്പോഴും ആ കൊച്ചുമിടുക്കി അകാലത്തിൽ വിട്ടകന്നുപോയതിന്റെ സങ്കടക്കടലിലാണ് വീട്ടുകാരും നാടുമുഴുവനും. എന്നാൽ ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹത നിലനിൽക്കുകയാണ്. കുട്ടിയുടെ മരണത്തിൽ സത്യം പുറത്ത് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് അമ്മയും മുത്തച്ഛനുമടക്കം ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കുട്ടി ഒറ്റക്ക് ആറ്റിൻ തീരത്തേക്ക് പോകില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയതാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
എന്നാൽ ദേവനന്ദയുടേത് മുങ്ങിമരണമാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും കുട്ടി ആറിന്റെ ഏതു ഭാഗത്താണു വീണതെന്ന സംശയം ഇപ്പോഴും ദുരൂഹമാണ്. ഇന്ന് ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്നതോടെ ഈ ദുരൂഹത നീങ്ങും. ആറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നു ചെളിയും വെള്ളവും ഫൊറൻസിക് വിദഗ്ധർ പരിശോധനയ്ക്ക് എടുത്തിരുന്നു. കുട്ടിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ ചെളിയും വെള്ളവും ഇതിൽ ഏത് ഭാഗത്തേതിന് സമാനമാണെന്നാണ് വിശദമായി പരിശോധിച്ചത്.
ദേവനന്ദയുടെ മൃതദേഹം കണ്ട താൽക്കാലിക തടയണയുടെ അഞ്ച് മീറ്റർ ഭാഗത്തു മാത്രമാണ് കുട്ടിയെ കാണാതായ ദിവസം മുങ്ങൽ വിദഗ്ധർ പരിശോധന നടത്തിയത്. അടുത്ത ദിവസം രാവിലെ തടയണയുടെ 10 മീറ്റർ അകലെ കുട്ടി ധരിച്ചിരുന്ന ഷാളും 15 മീറ്റർ അകലെ മൃതദേഹവും കാണപ്പെട്ടു. വീടിനടുത്തുള്ള കൽപടവിൽ കുട്ടി വീണതാകാമെന്നാണു സംശയമെങ്കിലും 500 മീറ്ററിലധികം ഒഴുകി താൽക്കാലിക തടയണയിലൂടെ ശരീരത്ത് മുറിപ്പാടുകളില്ലാതെ മൃതദേഹം കണ്ട സ്ഥലത്ത് എത്താൻ സാധിക്കില്ല.
ഒന്നുകിൽ താൽക്കാലിക തടയണയിൽ നിന്നു വീണതാകാം. അല്ലെങ്കിൽ തടയണയ്ക്ക് 10 മീറ്റർ അകലെ മൃതദേഹം കണ്ടതിനു സമീപത്തെ കുറ്റിക്കാടിനോടു ചേർന്ന ഭാഗത്തു നിന്നു വീണതാകാം. കുട്ടി ആറിനു സമീപത്ത് തനിച്ച് എത്തേണ്ട സാഹചര്യം ഇപ്പോഴും അവ്യക്തമായതിനാൽ മറ്റേതെങ്കിലും ബാഹ്യ ശക്തിയുടെ കരങ്ങളിലൂടെയാകാം കുട്ടിയുടെ മരണമെന്ന നിഗമനത്തിലും അന്വേഷണം നടക്കുന്നുണ്ട്.
ഈ സാധ്യത തള്ളികളയാനാവാത്ത തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രതിയെക്കുറിച്ച് ഏകദേശ ധാരണ പൊലീസിന് ലഭിച്ചതായാണ് വിവരം. പൊലീസ് സംശയിക്കുന്നവരുടെ പട്ടിക നേരത്തേ തയ്യാറാക്കി ഇവരെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടെന്ന നിർദ്ദേശം ലഭിച്ചതിനാലാണ് അറസ്റ്റ് നീളുന്നത്. ഫോറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിച്ചാൽ ഉടൻതന്നെ അറസ്റ്റ് ഉണ്ടായേക്കും.
English Summary; 7 year old child devananda death investigation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.