രാജ്യത്ത് പ്രവേശിക്കുന്നതിനോ, താമസിക്കുന്നതിനോ, ഇവിടെ നിന്ന് വിദേശത്തേക്ക് പോകുന്നതിനോ വ്യാജ പാസ്പോര്‍ട്ടോ, വിസയോ ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 10 ലക്ഷം രൂപ വരെ പിഴയും പുതിയ ഇമിഗ്രേഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ നിയമമാകും.
ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍ എന്നിവ വിദേശികളുടെ വിവരങ്ങള്‍ നിര്‍ബന്ധമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിയമത്തില്‍ നിര്‍ദേശിക്കുന്നു. വിസാ കാലാവധി കഴിഞ്ഞ വിദേശികളെ കണ്ടെത്താന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. വിദേശികളെയും കുടിയേറ്റത്തെയും സംബന്ധിച്ച എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ നിയമനിര്‍മ്മാണമാണ് ഇമിഗ്രേഷന്‍ ആന്റ് ഫോറിനേഴ്സ് ബില്‍— 2025 എന്ന് കേന്ദ്രം അവകാശപ്പെടുന്നു.
അന്താരാഷ്ട്ര വിമാനക്കമ്പനികളും കപ്പലുകളും ഇന്ത്യയിലെ തുറമുഖത്തോ, വിമാനത്താവളങ്ങളിലോ ഉള്ള യാത്രക്കാരുടെയും ജീവനക്കാരുടെയും എല്ലാ വിവരങ്ങളും മുന്‍കൂറായി സമര്‍പ്പിക്കണം. ഏതെങ്കിലും രാജ്യത്തെ യഥാര്‍ത്ഥ പാസ്പോര്‍ട്ടോ, മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് പ്രവേശിക്കുന്ന വിദേശികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു. വിദേശികള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന് അധികാരവും നല്‍കുന്നു. 1920ലെ പാസ്പോര്‍ട്ട് നിയമം, 1939ലെ വിദേശി രജിസ്ട്രേഷന്‍ നിയമം, 1946ലെ ഫോറിനേഴ്സ് ആക്ട്, 2000ലെ ഇമിഗ്രേഷന്‍ നിയമം എന്നിവയാണ് വിദേശികളെയും കുടിയേറ്റവും സംബന്ധിച്ച് നിലവിലുള്ളത്. ഇത് നാലും റദ്ദാക്കാനാണ് നിര്‍ദേശം. ഈ നിയമങ്ങളിലെ നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതിനൊപ്പം പുതിയ വ്യവസ്ഥകളും ചേര്‍ത്ത്, ദേശ സുരക്ഷയും വിദേശ കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കേണ്ടതും ലക്ഷ്യംവച്ചാണ് പുതിയ നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ പൗരത്വം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും ബില്ലിലില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.