വയോധികനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി വഴിയരുകിൽ തള്ളിയ നിലയിൽ കണ്ടെത്തി. മറയൂർ പഞ്ചായത്തിൽ ബാബുനഗറിൽ അമ്പാടി ഭവനിൽ പെരുമാൾ മകൻ മാരിയപ്പൻ (70) ന്റെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടു കൂടി കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് എരുമേലി തെക്ക് വില്ലേജ് ശാന്തിപുരം തുവരൻ പാറ ആലയിൽ വീട്ടിൽ മോഹനൻ മകൻ മിഥുൻ (29), മറയൂർ ബാബു നഗർ സ്വദേശി അൻപ് എന്ന അൻപഴകൻ (65) എന്നിവരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു.
മറയൂർ പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉഷാ തമ്പിദുരയുടെ പിതാവാണ് കൊല്ലപ്പെട്ട മാരിയപ്പൻ.വത്തൽ കുണ്ടിൽ നിന്നും മറയൂരിൽ മടങ്ങിയെത്തിയ മാരിയപ്പൻ പ്രതികളായ അൻപഴകന്റെ കൂടെയും വാടക വീട്ടിൽ താമസിക്കുന്ന മിഥുനിന്റെ കൂടെയും മദ്യപിച്ചു. വീണ്ടും മദ്യം വാങ്ങുന്ന കാര്യത്തിലുണ്ടായ തർക്കത്തിനൊടുവിൽ മാരിയപ്പനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കാലും കൈയ്യും കെട്ടി മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി മറയൂർ കാന്തല്ലൂർ റോഡിൽ ബാബുനഗർ കോളനിക്ക് സമീപത്ത് ഇറിഗേഷൻ കോമ്പൗണ്ടിന് പിന്നിലായി ടിഎൽബി കനാലിന്റെ അരികിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇടുക്കി എസ് പി പി കെ മധു, തൊടുപുഴ ഡി വൈ എസ് പി കെ പി ജോസ്, മൂന്നാർ ഇൻസ്പെക്ടർ റെജി എം കുന്നിപറമ്പൻ, മറയൂർ ഇൻസ്പെക്ടർ വി ആർ ജഗദീശ്, മറയൂർ എസ് ഐമാരായ ജി അജയകുമാർ, വി എം മജിദ്, മാഹിൻ സലിം, വിദ്യ വി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തി വരുന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച വാക്കത്തിയും കയറിന്റെ ബാക്കി ഭാഗവും കണ്ടെടുത്തു. ഇടുക്കിയിൽ നിന്നുള്ള പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
English Summary; 70 year old man was found dead
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.