മോഡി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 700 ആക്രമണം

Web Desk
Posted on May 28, 2018, 10:49 pm
  • ഡല്‍ഹി ആര്‍ച്ചുബിഷപ്പ് പ്രകടിപ്പിച്ചത് ഇതിലുള്ള ആശങ്ക

ബേബി ആലുവ

കൊച്ചി: നരേന്ദ്ര മോഡി ഭരണമേറ്റ ശേഷം മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരായി നടന്നത് 700 ആക്രമണങ്ങള്‍ നടന്നതായി കത്തോലിക്കാ സഭ.
ജനാധിപത്യ മൂല്യങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും ഭീഷണിയായ പ്രക്ഷുബ്ധ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും രാജ്യത്തിന്റെ ഭാവിക്കു വേണ്ടി ഉപവാസവും പ്രാര്‍ത്ഥനയും വേണമെന്നുമുള്ള ഡല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കൂട്ടോയുടെ ഇടയലേഖനം ഈ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.2019ല്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, ഡല്‍ഹി അതിരൂപതയുടെ കീഴിലുള്ള ഇടവകകള്‍ക്കു നല്‍കിയ പ്രാര്‍ത്ഥനാ സന്ദേശത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

ആര്‍ച്ചുബിഷപ് അനില്‍ കൂട്ടോയുടെ ഇടയലേഖനം വാര്‍ത്തയായതിനു പിന്നാലെ, അതിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ചു കൊണ്ടും മോഡി സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ടും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അദ്ധ്യക്ഷന്‍ സയിദ് ഖയോറുള്‍ ഹസന്‍ റിസ്വി ‚ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ രംഗത്തു വന്നിരുന്നു. മതത്തിന്റെ പേരില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം നിലവിലില്ലെന്നുമായിരുന്നു ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അദ്ധ്യക്ഷന്റെ വിശദീകരണം. ബിഷപ്പിന്റെ ഇടയലേഖനമാണ് ഭീതിയുടെ അന്തരീക്ഷത്തിലേക്കു നയിക്കുന്നതെന്നും അതിനാല്‍ ഇത്തരം പ്രസ്താവനകളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കണമെന്നുമായിരുന്നു റിസ്വിയുടെ പക്ഷം.ആര്‍ച്ച് ബിഷപ് മുന്‍വിധി മാറ്റണമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വിയും സര്‍ക്കാരിന് ആരോടും വിവേചനമില്ലെന്ന് രാജ്‌നാഥ് സിങും പറഞ്ഞു.

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ സമീപകാലത്തായി നേരിടുന്ന ആക്രമണങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ്സില്‍ ഭീതിയുടെ കനലുകള്‍ എരിയുന്ന നെരിപ്പോടുകളുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ലെന്നും ‘ഭീതിയുടെ റിപ്പബ്ലിക്’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയില്‍ മധ്യപ്രദേശിലെ സത്‌നയില്‍ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും വര്‍ഗ്ഗീയ വാദികളാല്‍ ആക്രമിക്കപ്പെട്ടു. തൊട്ടടുത്ത ദിവസം രാജസ്ഥാനിലെ ജയ്പൂരിലും ക്രിസ്മസ് ആഘോഷവേദി ആക്രമിക്കപ്പെട്ടു. യുപി യിലെ വിദ്യാലയങ്ങളില്‍ ഹിന്ദു സംഘടനകളുടെ ഭീഷണിയും വിലക്കും മൂലം ക്രിസ്മസ് ആഘോഷിക്കാനായില്ല.മംഗലാപുരത്ത് പള്ളി ആക്രമിച്ചു. യുപി യിലെ പല ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നുവെന്നും ലേഖനം വ്യക്തമാക്കുന്നു. ഈ സ്ഥിതിക്കു പരിഹാരം കാണാന്‍ ഉന്നതങ്ങളില്‍ നിന്ന് ശക്തമായ നടപടികള്‍ സഭ പ്രതീക്ഷിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

എന്നാല്‍ ഒരു വെളിപാടിന്റെ പുറത്തൊന്നുമായിരുന്നില്ല ഡല്‍ഹി ആര്‍ച്ചുബിഷപ്പിന്റെ ഇടയലേഖനത്തിലെ പരാമര്‍ശങ്ങളെന്നാണ് കത്തോലിക്കാ സഭയോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.രാജ്യത്ത്, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യാതൊരു പ്രകോപനവുമില്ലാതെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ പലപ്പോഴായി കണക്കുകള്‍ സഹിതം ആ വിഭാഗങ്ങള്‍ കേന്ദ്ര അധികതരുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതും പ്രസിദ്ധം ചെയ്തിട്ടുള്ളതുമാണ്. അതിലൊന്നാണ്, തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭ’യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വെളിപ്പെടുത്തലുകള്‍.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നശേഷം മൂന്നവര്‍ഷത്തിനിടെ (ഡിസംബര്‍ വരെ) ക്രൈസ്തവര്‍ക്കെതിരെ 700 ആക്രമണങ്ങളുണ്ടായി. ഇന്ന് ലോകത്ത് ഏറ്റവുമധികം മത പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ 15 ാം സ്ഥാനത്താണ് ഇന്ത്യ.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മതന്യൂനപക്ഷങ്ങള്‍ കൂടുതല്‍ വേട്ടയാടപ്പെടുന്നത്. ഇത് യാദൃച്ഛികമല്ല.2022ല്‍ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ് വര്‍ഗ്ഗീയ സംഘടനകളുടെ പ്രഖ്യാപനം. പടരുന്ന ആക്രമണങ്ങള്‍ ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ഗുരുതരമാണെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു.