September 29, 2022 Thursday

Related news

September 29, 2022
July 23, 2022
July 12, 2022
June 1, 2022
May 22, 2022
May 12, 2022
May 2, 2022
April 17, 2022
April 8, 2022
March 26, 2022

ഉംപുൻ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 72 മരണം

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 21, 2020 10:54 pm

ഉംപുൻ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചു. ലക്ഷം കോടി രൂപയുടെയെങ്കിലും നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്തയില്‍ മാത്രം മരണം 15 ആയി. വീട് തകര്‍ന്നുവീണും, വീടിന് മുകളില്‍ മരം വീണും, തകര്‍ന്നുവീണ വൈദ്യുതക്കമ്പികളില്‍ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായത്. കൊല്‍ക്കത്തയില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ നിലം പൊത്തി. കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി. വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.വൈദ്യുതി, ഇന്റർനെറ്റ് എന്നിവ വിച്ഛേദിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നല്‍കണമെന്ന് മമത അഭ്യര്‍ത്ഥിച്ചു. ഒരു ലക്ഷം കോടിയുടെ നഷ്ടമെങ്കിലും ഉംപുൻ വീശിയടിച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായെന്നും കോവിഡിനേക്കാള്‍ ഭയാനകമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും മമത വ്യക്തമാക്കി. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മമതാ രണ്ടരലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹസ്‌നാബാദ് — ഹിന്‍ഗള്‍ഗഞ്ച് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഈ പ്രദേശത്തെ ഇച്ഛാനദിക്കരയിലുള്ള എല്ലാ വീടുകളും ഒഴുകിപ്പോയി. 50 ഗ്രാമങ്ങളില്‍ വെള്ളം കയറി. ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായി. മിക്കവരെയും ക്യാമ്പുകളിലേക്ക് മാറ്റാന്‍ പോലുമായിട്ടില്ല. റോഡുകൾ വെള്ളം കയറി തകര്‍ന്നതിനാല്‍ നിരവധിപ്പേര്‍ വഴിയടഞ്ഞ് നിൽക്കുകയാണ്. പശ്ചിമബംഗാളിലും ഒഡീഷയുടെ തീരമേഖലകളിലുമാണ് ഉംപുൻ ചുഴലിക്കാറ്റ് ഏറെ നാശം വിതച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെ സുന്ദര്‍ബനടുത്ത് തീരം തൊട്ടത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ വന്‍നാശം വിതച്ചുകൊണ്ട് കടന്നുപോയ ചുഴലിക്കാറ്റ്, ഇപ്പോള്‍ ബംഗ്ലാദേശിലെത്തിയെന്നും, തീവ്രത കുറഞ്ഞെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗ്ലാദേശില്‍ ഇതുവരെ ചുഴലിക്കാറ്റില്‍ പത്തു പേരാണ് മരിച്ചത്. പശ്ചിമ ബംഗാളിനും ഒഡിഷയ്ക്കും ആവശ്യമായ സഹായങ്ങള്‍ വേഗത്തില്‍ വേണമെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ യോഗത്തിനു ശേഷമാണ് സെക്രട്ടറി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയയ്ക്കും. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) കൂടുതല്‍ സംഘത്തെ ബംഗാളിലേക്ക് അയക്കുമെന്ന് ക്യാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. ഫുഡ് കോര്‍പറേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ പ്രത്യേകിച്ച് അരിയുടെ ലഭ്യത ഉറപ്പാക്കും. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമയോജിതമായി തന്നെ ഇരു സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതുകൊണ്ട് ആളുകളെ ഒഴിപ്പിക്കാനായതാണ് മരണ നിരക്കു പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ബംഗാളില്‍ അഞ്ചു ലക്ഷം പേരെയും ഒഡിഷയില്‍ രണ്ടു ലക്ഷം പേരെയുമാണ് താഴ്ന്ന പ്രദേശങ്ങളില്‍നിന്നും മാറ്റി പാര്‍പ്പിച്ചത്. ഊര്‍ജ്ജ മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും വൈദ്യുതി വിതരണവും വാര്‍ത്താ വിനിമയ ബന്ധങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമം തുടരുകയാണ്.

ബംഗാളില്‍ വൈദ്യുതി, വാര്‍ത്താ വിതരണം, കൃഷി എന്നീ മേഖലകളാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. ഒഡിഷയിലാകട്ടെ കൃഷിക്കും. ഒഡിഷയിലെയും ബംഗാളിലെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരെ അറിയിച്ചു. ഉംപുൻ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ജനങ്ങള്‍ക്കൊപ്പം രാജ്യം മുഴുവനുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ സദാ സന്നദ്ധരാണെന്നും മോഡി ട്വീറ്റ് ചെയ്തു. ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളില്‍ എന്‍ഡിആര്‍എഫ് ടീമിനെ ദുരിതാശ്വാസത്തിനായി വിന്യസിച്ചിട്ടുണ്ട്. ജനജീവിതം സാധാരണ നിലയില്‍ എത്തിക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry;72 peo­ple killed in West Bengal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.