ഡൽഹി എംഎൽഎമാരിൽ 74 ശതമാനവും കോടീശ്വരൻമാർ

Web Desk

ന്യൂഡൽഹി

Posted on February 13, 2020, 10:30 pm

ഡൽഹി എംഎൽഎമാരിൽ മുക്കാൽഭാഗവും കോടീശ്വരൻമാരെന്ന് റിപ്പോർട്ട്. മൂന്നിലൊന്ന് പേരും പന്ത്രണ്ടാംക്ലാസിനപ്പുറം പഠിച്ചിട്ടുമില്ല. പകുതി പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. 62 എഎപി എംഎൽഎമാരിൽ 45 പേരും ബിജെപിയുടെ എട്ടംഗങ്ങളിൽ ഏഴ് പേരും ഒരു കോടിയിൽ കൂടുതൽ സ്വത്തുള്ളവരാണ്. ഇക്കാര്യം ഇവർ നാമനിർദ്ദേശപത്രികയ്ക്കൊപ്പം നൽകിയിട്ടുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുമുണ്ട്. 44 കോടീശ്വരൻമാരാണ് 2015ൽ ഉണ്ടായിരുന്നത്. ന്യൂഡൽഹി നിയമസഭയിലെ ഒരംഗത്തിന്റെ ശരാശരി ആസ്തി 14.96 കോടിയാണ്. 2015ൽ ഇത് 6.29 കോടിയായിരുന്നു. ധരംപാൽ ലക്രയാണ് എഎപിയിലെ അതിസമ്പന്നൻ. ആർകെപുരം എംഎൽഎ പ്രോമിള തോകാസ് ആണ് തൊട്ടുപിന്നിൽ. പട്ടേൽ നഗറിൽ നിന്നുള്ള രാജ് കുമാർ തൊട്ടുപിന്നിലുണ്ട്. മംഗൽപുരിയിൽ നിന്നുള്ള എംഎൽഎ രാഖി ബിർലയാണ് എഎപിയിൽ നിന്നുള്ള ഏറ്റവും പാവപ്പെട്ട വ്യക്തി.76,000 മാത്രമാണ് ഇവരുടെ ആസ്തി. ബുരാരി എംഎൽഎ സഞ്ജീവ് ഝാ തൊട്ടുപിന്നാലെയുണ്ട്. പത്ത് ലക്ഷമാണ് ഇദ്ദേഹത്തിന്റെ ആസ്തി. പതിനൊന്ന് ലക്ഷവുമായി സദർ ബസാറിൽ നിന്നുള്ള സോം ദത്തും തൊട്ടുപിന്നാലെയുണ്ട്. ക്രിമിനൽ കേസുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. 43 എംഎൽഎമാർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലവിലുണ്ട്. 2015ൽ ഇത് 24 മാത്രമായിരുന്നു. മുപ്പത്തേഴു പേരുടെ മേൽ ബലാത്സംഗം, കൊലപാതകശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇരുപത്തെട്ട് എംഎൽഎമാർ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. 42 പേർക്ക് ബിരുദവും ഇതിന് മുകളിലും വിദ്യാഭ്യാസമുണ്ട്. അഞ്ച് പേർക്ക് ഡിപ്ലോമയുമുണ്ട്. മുപ്പത്തിയൊൻപത് എംഎൽഎമാർ 25നും അൻപതിനുമിടയിൽ പ്രായമുള്ളവരാണ്. 31 പേർക്ക് 51നും എൺപതിനുമിടയിലാണ് പ്രായം. 70 എംഎൽഎമാരിൽ എട്ട് പേർ മാത്രമാണ് സ്ത്രീകൾ. 2015ൽ ഇത് ആറായിരുന്നു.

ENGLISH SUMMARY: 74 Del­hi MLA’s are crorepathi

YOU MAY ALSO LIKE THIS VIDEO