അമിത്ഷായുടെ ബാങ്കില്‍ 745.59 കോടിയുടെ നിരോധിത നോട്ടുകള്‍

Web Desk
Posted on June 21, 2018, 10:45 pm

മുംബൈ: നോട്ട് നിരോധനത്തിന് പിന്നാലെ ഏറ്റവും കൂടുതല്‍ നിരോധിത നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണബാങ്കിലെന്ന് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം വിവരം ശേഖരിച്ച മുംബൈ സ്വദേശിയാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 745.59 കോടിരൂപയാണ് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്.

സഹകരണ ബാങ്കുകളില്‍ പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി നവംബര്‍ 14ന് സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുമ്പാണ് അമിത് ഷായുടെ ബാങ്കില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടത്. സഹകരണബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചാം ദിവസം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അഹമ്മദാബാദ് ബാങ്കിന് പുറമെ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ നിക്ഷേപിക്കപ്പെട്ടത് 693.19 കോടിയാണ്. ഈ ബാങ്കിന്റെ ചെയര്‍മാനായ ജയേഷ്ബായ് വിത്തല്‍ഭായ് റാഡിയ വിജയ് റൂപാനി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയാണ്.
നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകളെ ഇടപാടുകളില്‍ നിന്നും വിലക്കിയ കാലയളവില്‍ ഗുജറാത്തിലെ 18 ജില്ലാ ബാങ്കുകളിലും അതിന്റെ ആയിരത്തിലേറെ വരുന്ന ശാഖകളിലുമായി വലിയ നിക്ഷേപമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.