20 April 2024, Saturday

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023
May 27, 2023

യുപിയിലെ വിചാരണത്തടവുകാരില്‍ 75 ശതമാനം പിന്നാക്കക്കാര്‍; കേരളത്തിലും തമിഴ്നാട്ടിലും കുറവ്

Janayugom Webdesk
ന്യൂഡല്‍ഹി
March 16, 2023 9:16 pm

ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരില്‍ 75 ശതമാനവും പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖയിലേതാണ് വിവരങ്ങള്‍. 2021ൽ സംസ്ഥാനത്ത് തടവിലാക്കപ്പെട്ട വരിൽ 75 ശതമാനവും എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 96,606ല്‍ 21,942 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ്. പട്ടിക വര്‍ഗം 4657, ഒബിസി 41,678 എന്നിങ്ങനെയാണ് കണക്ക്. ബിഎസ്‌പി അംഗം ശ്യാം സിങ് യാദവിന്റെ ചോദ്യത്തിനുള്ള മറുപടിയായി ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയാണ് ഈ വിവരങ്ങള്‍ സഭയെ അറിയിച്ചത്. 1,410 കുറ്റവാളികൾ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തതിനാൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നും സർക്കാർ വെളിപ്പെടുത്തി. രാജ്യത്തെ ജയിലുകളില്‍ മൂന്നര ലക്ഷത്തിലധികം പേരാണ് വിചാരണകാത്ത് കഴിയുന്നത്.

തടവറകളിലെ നാലില്‍ മൂന്നും (76 ശതമാനം) വിചാരണകാത്ത് കഴിയുന്നവരാണ്. ഇത് ആഗോള ശരാശരിയായ 34 ശതമാനത്തിനേക്കാള്‍ വളരെ ഉയര്‍ന്നതാണെന്നും ശ്യാം സിങ് യാദവ് ചൂണ്ടിക്കാട്ടി. ലോക്ഡൗണിന് ശേഷം അറസ്റ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടായത് ജയിലുകൾ തിങ്ങിനിറയുന്നതിനും സാംക്രമിക രോഗങ്ങൾ പടരുന്നതിനും കാരണമായോ എന്ന ചോദ്യത്തിന് ജയിലുകളും, തടവുകാരും സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്നതാണെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടി. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കേണ്ടത് അതത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തടവുകാരുള്ളത് യുപിയിലാണ്, 1,17,789. ബിഹാര്‍ (66,879), മധ്യപ്രദേശ് (48,517), മഹാരാഷ്ട്ര ((36,853), പഞ്ചാബ് (26,146), പശ്ചിമ ബംഗാള്‍ (25,769) എന്നിങ്ങനെയാണ് കണക്ക്. 2021ലെ കണക്ക് പ്രകാരം രാജ്യത്തെ ജയിലുകളില്‍ 5,54,034 തടവുകാരാണ് ഉള്ളത്. ഇത് അനുവദനീയമായ 4,25,609 നേക്കാളും അധികമാണ്. അതേസമയം കേരളം, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്. ഗോവ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ഒഡിഷ, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡീഗഢ്, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ എണ്ണം അനുവദനീയമായ ശേഷിയേക്കാൾ കുറവാണ്.

Eng­lish Sum­ma­ry: 75% of all under­tri­al pris­on­ers lodged in UP from SC andST
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.