പ്രായമൊക്കെ വെറുമൊരു നമ്പരല്ലേ? നാജിക്ക് 75ല്‍ എംബിഎ

Web Desk
Posted on November 03, 2018, 8:40 am

ബിരുദാനന്തര ബിരുദദാന ചടങ്ങില്‍ നാജി മുത്തച്ഛന്‍ മകന്‍ ഫഹേദ് അലിക്കൊപ്പം

കെ രംഗനാഥ്

ദുബായ്: പ്രായത്തെക്കുറിച്ചു ചോദിച്ചാല്‍ അലി മുഹമ്മദ് നാജി മുത്തച്ഛന്‍ പറയും; ‘പ്രായമൊക്കെ വെറുമൊരു നമ്പരല്ലേ?’ അടുത്തിരിക്കുന്ന നാലാം തലമുറയിലെ പേരക്കുട്ടിയെപ്പോലെ എന്നിട്ടൊരു കുസൃതിച്ചിരി. ഗള്‍ഫിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഇന്നൊരു മിന്നുംതാരമാണ് 75 കാരനായ അലിമുഹമ്മദ് നാജി അപ്പൂപ്പന്‍. വയസില്‍ മുക്കാല്‍ സെഞ്ച്വറി തികച്ച അദ്ദേഹം കഴിഞ്ഞ ദിവസം എംബിഎയുടെ ബിരുദാനന്തര ബിരുദം സ്വീകരിക്കാനെത്തിയപ്പോള്‍ കോണ്‍വൊക്കേഷന്‍ ചടങ്ങിനെ ഏക ആകര്‍ഷണബിന്ദുവായി. മകന്‍ ഫഹേദ് അലി ബിരുദദാന ചടങ്ങളിലെ വേഷത്തിലുള്ള വാപ്പയുമായി സെല്‍ഫിയെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെ ആകെ സന്തോഷത്തിലാണ് ഈ മുത്തച്ഛന്‍.
യുഎഇയിലെ എണ്ണക്കമ്പനിയായ അഡ്‌നോമില്‍ ഉദ്യോഗസ്ഥനായിരുന്ന അലിമുഹമ്മദ് നാജി പണ്ട് സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നാണ് ബിരുദം നേടിയത്. ഉദ്യോഗം കിട്ടിയതോടെ ഗ്രന്ഥക്കെട്ടുകള്‍ ഷെല്‍ഫില്‍ അടുക്കിവച്ചു. കല്യാണം കഴിച്ച് പിന്നാലെ നാലാം തലമുറകള്‍ വരെ എത്തിനില്‍ക്കുന്നു. പെന്‍ഷന്‍ പറ്റിക്കഴിഞ്ഞപ്പോള്‍ പിന്നെയും വിദ്യാര്‍ഥിയാകാനുള്ള മോഹം ഉയര്‍ന്നു. 38 വര്‍ഷത്തിനുശേഷം വീണ്ടും വിദ്യാര്‍ഥിയായി. ഇടയ്‌ക്കൊന്ന് എംബിഎക്കു ചേര്‍ന്നുവെങ്കിലും അതിവിപുലമായ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാനുള്ളതിനാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയതു വീണ്ടും പുനരാരംഭിച്ചു. 73 വയസായപ്പോള്‍ ബിരുദാനന്തര പഠനത്തിനു ചേര്‍ന്നു. രണ്ടുവര്‍ഷത്തെ എംബിഎ കോഴ്‌സ് പുഷ്പംപോലെ പാസായ ഈ മുത്തച്ഛന്‍ പുതിയ തലമുറയെ ഓര്‍മ്മിപ്പിക്കുന്നു. വിദ്യാര്‍ഥിക്കു പ്രായമില്ല, വിദ്യാധനം ആര്‍ജ്ജിക്കുന്നതിന് അതിരുകളുമില്ല.