76 ടണ്‍ സവാളകൂടി ഉടന്‍ വിപണിയില്‍

Web Desk
Posted on December 13, 2019, 10:42 am

തിരുവനന്തപുരം:  ഉള്ളിവില പിടിച്ചുനിർത്താൻ അഫ്ഗാൻ, തുർക്കി എന്നിവിടങ്ങളിൽനിന്ന് സവാളയെത്തിയതോടെ വിപണിയിൽ വില കുറഞ്ഞു. 140 രൂപവരെ ഉയർന്ന സവാള വില വ്യാഴാഴ്ച 80 രൂപയായി. ഈജിപ്തിൽനിന്നുള്ള വലിയ ഉള്ളിയും പല ജില്ലകളിലും എത്തിയിട്ടുണ്ട്. എന്നാൽ, മഹാരാഷ്ട്ര, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള സവാളയ്ക്ക് 120 രൂപയാണ് വില. കഴിഞ്ഞ ദിവസം 110 ആയിരുന്നു. ചെറിയ ഉള്ളിക്ക് 80 മുതൽ 120 രൂപവരെയാണ് വില.

അഫ്ഗാൻ ഉള്ളി എത്തിയതോടെ ഹോട്ടൽ വിപണിക്കും ഉണർവായി. വിദേശ ഉള്ളികൾ പൊള്ളാച്ചി, കോയമ്ബത്തുർ മാർക്കറ്റുകൾ വഴിയാണ് പാലക്കാട്ടെത്തിക്കുന്നത്. പാലക്കാട് വ്യാഴാഴ്ച നാല് ലോഡ് ഉള്ളിയാണ് എത്തിയത്. എന്നാൽ ഗുണത്തിൽ ഇന്ത്യൻ ഉള്ളിയോളം വരില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. വലിപ്പവും വെളുത്ത നിറവുമാണ് അഫ്ഗാൻ ഉള്ളിക്ക്. ഹോട്ടലുകാരാണ് ആവശ്യക്കാർ ഏറെ. രുചിയിലും ഇന്ത്യൻസവാളയുടെ പിറകിലാണ്.

സവാള വില നിയന്ത്രണത്തിനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായി വരുംദിവസങ്ങളിൽ കൂടുതൽ സവാള വിപണിയിലെത്തും. 76 ടൺ സവാള സപ്ലൈകോ, ഹോർട്ടി കോർപ് ഔട്ട്ലെറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിക്കും.

നാഫെഡ് മുഖേന സംഭരിച്ച 26 ടൺ സവാളയാണ് ഹോർട്ടികോർപ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. സപ്ലൈകോ, ഹോർട്ടികോർപ് ചുമതലക്കാരുടെ യോഗം മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിൽ സ്ഥിതിഗതി വിലയിരുത്തി.