മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉത്തര്‍പ്രദേശ് സർക്കാർ മറച്ചുവച്ചുവെന്ന ആരോപണം ശരിയെന്ന് വസ്തുതാന്വേഷണം. യഥാർത്ഥത്തിൽ മരിച്ചത് 79 പേരെന്ന് ന്യൂസ് ലോൺഡ്രി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രി രേഖകളും പൊലീസ് റെക്കോഡും ബന്ധുക്കളുടെ പ്രതികരണങ്ങളും അടക്കം പരിശോധിച്ചാണ് നിഗമനത്തിലെത്തിയതെന്ന് ന്യൂസ് ലോൺഡ്രിയുടെ റിപ്പോർട്ടില്‍ പറയുന്നു. 30 പേരാണ് മരിച്ചതെന്നാണ് യുപി സർക്കാരിന്റെ വാദം.
കുംഭമേള ദുരന്തത്തിലെ യഥാർത്ഥ മരണസംഖ്യ യുപി സർക്കാർ പുറത്തുവിടണമെന്ന ആവശ്യം പാര്‍ലമെന്റിലടക്കം ശക്തമായിരിക്കുകയാണ്. ജനുവരി 29ന് പുലർച്ചെയാണ് പ്രയാഗ് രാജിൽ വന്‍ ദുരന്തമുണ്ടായത്. ഏറെ വൈകി 30 പേർ മരിച്ചതായും 60ലേറെ പേർക്ക് പരിക്കേറ്റതായും യുപി സർക്കാർ അറിയിച്ചു. എന്നാല്‍ ഇത് കള്ളക്കണക്കാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ആശുപത്രി രേഖകൾ പ്രകാരം 79 പേര്‍ മരിച്ചെന്നാണ് ന്യൂസ് ലോൺഡ്രി റിപ്പോർട്ട്. മൃതദേഹങ്ങള്‍ പ്രയാഗ്‌രാജ് മോത്തിലാൽ നെഹ്രു മെഡിക്കൽ കോളജിൽ നിന്നാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഈ പട്ടിക പ്രകാരം 69 പേർ മരിച്ചതായാണ് കണ്ടെത്തൽ. ഇതില്‍ 66 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. രണ്ട് സ്ത്രീകളുൾപ്പെടെ മൂന്നുപേരെ തിരിച്ചറിയാനായില്ല. ഇവ മോർച്ചറിയിൽ സൂക്ഷിക്കാതെ, അധികൃതര്‍ സംസ്കരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. യുപി പൊലീസിന്റെ അകമ്പടിയോടെ സൗജന്യ ആംബുലൻസുകളിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം തിരിച്ചറിയാൻ തീയതി രേഖപ്പെടുത്താത്ത രസീതുകളാണ് ബന്ധുക്കൾക്ക് കൈമാറിയതെന്നും ന്യൂസ് ലോൺഡ്രി പറയുന്നു.
സ്വരൂപ് റാണി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിൽ 10 പേരാണ് മരിച്ചത്. ആശുപത്രിയിലെ ബോർഡിൽ ഏഴ് മരണവും 36 പേർക്ക് പരിക്കുമെന്ന് ആദ്യം രേഖപ്പെടുത്തി. പിറ്റേദിവസം ഈ വിവരങ്ങളും നീക്കം ചെയ്തു. തിരിച്ചറിയാത്ത ആറ് മൃതദേഹങ്ങളുണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് നാല് പേര്‍ മരിച്ചിരുന്നുവെന്നും പൊലീസ് രേഖ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.