സംസ്ഥാനത്ത് ഈ വര്‍ഷം 79 കേരഗ്രാം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും

Web Desk
Posted on November 24, 2018, 9:02 pm
ചെറുവണ്ണൂരില്‍ നടന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കുന്നു

പേരാമ്പ്ര: തൊഴിലുറപ്പ് പദ്ധതിയെ കൃഷിയുമായി ബന്ധിപ്പിക്കാന്‍ അതിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തിയതായി കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുക, തെങ്ങിന്റെ തടം തുറക്കുക, ജൈവവളങ്ങളും ജൈവകീടനാശിനികളും നല്‍കുക, ബണ്ടു നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ലേബര്‍ ബജറ്റില്‍ മാറ്റം വരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.

നാളികേര ഉത്പാദനം ത്വരിതപ്പെടുത്താന്‍ സംസ്ഥാനത്ത് ഈ വര്‍ഷം 79 കേരഗ്രാമം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രളയാനന്തര പുനഃസൃഷ്ടി ലക്ഷ്യമിടുന്ന പുനര്‍ജനി പദ്ധതിയുടെ ഭാഗമായും കാര്‍ഷികക്ഷേമ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകള്‍ക്കു ചെയ്യാവുന്നതാണ്. നാളികേരത്തിന്റെ ഉത്പാദന ക്ഷമത, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ സാധ്യത, കൃഷിവിസ്തൃതി എന്നിവ വര്‍ധിപ്പിക്കാനായി കൃഷിമന്ത്രി ചെയര്‍മാനായി നാളികേര വികസന കൗണ്‍സില്‍ സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ചിരിക്കയാണ്. പത്തുവര്‍ഷം കൊണ്ട് കേരളത്തിലെ പ്രധാന വിളയായി തെങ്ങിനെ മാറ്റാനും നാളികേരത്തിനു സുസ്ഥിര വില ലഭ്യമാകുന്ന സ്ഥിതി ഉണ്ടാക്കിയെടുക്കുവാനുമുള്ള ഒരു മിഷന്‍ ആണ് കൗണ്‍സിലിന്റേത്. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം ആദ്യ ഘട്ടമെന്ന നിലയില്‍ 20,000 വാര്‍ഡുകളില്‍ ഓരോ വാര്‍ഡിലും ചുരുങ്ങിയത് 75 പുതിയ തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുമന്നും മന്തി പറഞ്ഞു. അന്‍പതു ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള കേരഗ്രമം പദ്ധതി 250 ഹെക്ടര്‍ സ്ഥലത്തെ 43,750 തെങ്ങുകളുടെ ഉത്പാദനവര്‍ധനയാണ് ലക്ഷ്യമിടുന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഒന്‍പതു വാര്‍ഡുകളിലാണ് പദ്ധതി നടപ്പാകുന്നത്. 2,400 കര്‍ഷകരാണ് ഗുണഭോക്താക്കള്‍. പഞ്ചായത്തില്‍ 2018 — 19 വര്‍ഷം 50 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് വേണ്ടിവകയിരുത്തിയത്. 250 ഹെക്ടര്‍ സ്ഥലത്തെ43,750 തെങ്ങുകളുടെ ഉല്പാദന വര്‍ധനവാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് കോടി രൂപ ഇതിന് വേണ്ടി ചെലവഴിക്കും. വെട്ടി മാറ്റേണ്ട തെങ്ങുകള്‍ വെട്ടിമാറ്റാന്‍ തെങ്ങ് ഒന്നിന് 1000 രൂപ നല്‍കും. ചകിരിയില്‍ നിന്നും ചകിരി നാരും മറ്റു ഉല്പന്നങ്ങളും ഉണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കും. പഞ്ചായത്തിലെ വിട്ടുപോയ വാര്‍ഡുകള്‍ അടുത്ത ഘട്ടത്തില്‍ കൂട്ടിചേര്‍ക്കും. തെങ്ങ് കൃഷിയുടെ വിസ്തൃതി വര്‍ധിപ്പിക്കുക നാളികേരോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക, ഒരു വര്‍ഷം ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കുക, തുടങ്ങിയയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍ . ഇതിന്റെ ഭാഗമായി വാര്‍ഡുകള്‍ തോറും കേരകര്‍ഷക സമിതികള്‍ രൂപീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ‚കൃഷി വകുപ്പ് ‚വ്യവസായ വകുപ്പ് എന്നിവ ചേര്‍ന്നും സമിതി രൂപീകരിക്കും. നാളീകേരാധിഷ്ഠിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് വിപണമാണ് ലക്ഷ്യം. ഇതിലൂടെ നാളികേര കര്‍ഷര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് വന്‍ വില ലഭിച്ച് അവരുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്റെ പരിപാടി.

തൊഴിലുറപ്പ് പദ്ധതി 100 ദിവസം തൊഴില്‍ എന്നത് 160 ദിവസമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കേരഗ്രാമം, പച്ചക്കറി, തോട് നിര്‍മ്മിക്കല്‍, കൃഷിപ്പണി, തുടങ്ങിയവയ്ക്കുള്ള ജോലികളെല്ലാം തൊഴിലുറപ്പിന്റെ ഭാഗമാക്കും. തൊഴിലുറപ്പിന്റെ ഭാഗമായി എത്ര കോടി രൂപയുടെ ബഡ്ജറ്റും ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഉണ്ടാക്കാം. പ്രളയത്തിന് ശേഷം പുന:ര്‍ജനി എന്ന പദ്ധതിയും നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി ടി പി രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായി തരിശായി കിടന്നിരു ന്ന ആയിരക്കണക്കിന് ഏക്ര വിസ്തൃതി വരുന്ന ആവള പാണ്ടിയും കരു വോട് ചിറയും കൃഷിയോഗ്യമാക്കിയ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കേരഗ്രാമം പദ്ധതിയും വിജയിപ്പിക്കാം എന്നത് കൊണ്ടാണ് ഈ പദ്ധതിയില്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വെച്ച് പമ്പ് സെറ്റ് വിതരണോല്‍ഘാടനം, തെങ്ങ് കയറ്റ യന്ത്രം വിതരണം, പച്ചക്കറിതൈ വിതരണം എന്നിവയെല്ലാം മന്ത്രി നിര്‍വ്വഹിച്ചു. ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 18 ലക്ഷത്തി 9000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡണ്ട് മാലേരി മൊയ്തു മന്ത്രി ടി.പി.രാമകൃഷ്ണനെ ഏല്പിച്ചു. പരിപാടിയില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ എം നാരായണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. എ. പുഷ്പ (എ.ഡി.എ) റിപ്പോര്‍ട്ട് അവതരിപ്പിച്ചു ‑ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുജാതാ മനയ്ക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബി.ബി.ബിനീഷ്, കെ. കുഞ്ഞി കൃഷ്ണന്‍, വി.കെ.മോളി, എന്‍.എം.കുഞ്ഞബ്ദുല്ല, കെ.കെ.കുഞ്ഞബ്ദുല്ല എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആര്‍.ശശി, കേരഗ്രാം പദ്ധതി ചെയര്‍മാന്‍ കൊയിലോത്ത് ഗംഗാധരന്‍,എന്‍ ആര്‍ രാഘവന്‍,എ.കെ ഉമ്മര്‍, കരിം കോച്ചേരി, എന്‍.കെ.വത്സന്‍, വി.കെ.മൊയ്തു, കണ്‍വീനര്‍ വി.കെ.നാരായണന്‍, കെ.ലിനീഷ്, സി.വേണു, കെ.നാരായണന്‍, പഞ്ചായത്ത് സിക്രട്ടറി വിനോദ് കുമാര്‍, കെ.വി.കാര്‍ത്തിയനി, കൃഷി ഓഫീസര്‍ അഥിന എന്നിവര്‍ സംസാരിച്ചു .മോഡല്‍ അഗ്രോ സെന്റര്‍ നേഴ്‌സറിയുടെയും ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റര്‍ വിപണന കേന്ദ്രത്തിന്റെറെയും ഉദ്ഘാടനവും മന്ത്രി സുനില്‍ കുമാര്‍നിര്‍വ്വഹിച്ചു.