തൂക്കക്കുറവും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയാത്തതിനാലുള്ള പ്രശ്നങ്ങളും പൂര്‍ണ വളര്‍ച്ച പ്രാപിക്കാതിരുന്ന ശ്വാസകോശങ്ങളുമായി അടിയ്ക്കടിയുള്ള അണുബാധകളോട് പൊരുതിയിരുന്ന എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ആധുനിക വൈദ്യശാസ്ത്രത്തിന് വിസ്മയകരമായ മറ്റൊരു നേട്ടം സമ്മാനിച്ചു. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ നെച്ചിത്തടത്തില്‍ നൗഫലിന്റേയും ജിഷാബിയുടെയും മകന് റബീഹാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
2019 ജൂലൈയില്‍ വിപിഎസ് ലേക്ക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ 6 കിലോ മാത്രമായിരുന്നു കുഞ്ഞുറബീഹിന്റെ തൂക്കം. ആ പ്രായത്തില്‍ ചുരുങ്ങിയത് 9 കിലോയെങ്കിലും വേണ്ടിടത്തായിരുന്നു ഈ തൂക്കം. കടുത്ത മഞ്ഞപ്പിത്തബാധയായിരുന്നു മറ്റൊരു പ്രശ്നം. ബിലിറൂബിന്‍ ലെവലുകള്‍ സാധാരണ നിരക്കിനേക്കാള്‍ 42 മടങ്ങാണ് ഉയര്‍ന്നിരുന്നത്. ബിലിയറി അട്രീസീയ എന്ന അപൂര്‍വ രോഗമായിരുന്നു റബീഹിനെ വലച്ചത്. ഇതിനായി നേരത്തെ ഒരു ശസ്ത്രക്രിയ ചെയ്തിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
റബീഹിനെ പരിശോധിച്ച ഡോ. അഭിഷേക് യാദവിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ കരള്‍മാറ്റിവെയ്ക്കല്‍ മാത്രമേ റബീഹിനെ രക്ഷിക്കുകയുള്ളുവെന്ന് കണ്ടെത്തി. ‘പക്ഷേ കുഞ്ഞു റബീഹിന് കരള്‍ മാറ്റിവെയ്ക്കുക എന്നു പറയുന്നതും വലിയ അപകടസാധ്യതയുള്ള കാര്യമായിരുന്നു. തൂക്കക്കുറവിനു പുറമെ കടുത്ത പോഷണക്കുറവും വളര്‍ച്ച പ്രാപിക്കാതിരുന്ന ശ്വാസകോശങ്ങളും അടിയ്ക്കടിയുള്ള അണുബാധകളുമായിരുന്നു അവന്റെ കാര്യത്തിലെ ഭീഷണികള്‍,’ ഡോ. അഭിഷേക് പറഞ്ഞു.
കുഞ്ഞിന്റെ കുഞ്ഞു വയറില്‍ കൊള്ളാവുന്ന ചെറിയ കരള്‍ഭാഗം കണ്ടുപിടിയ്ക്കലും 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്റര്‍ മാറ്റുന്നതുമായിരുന്നു ഈ ശസ്ത്രക്രിയയിലെ പ്രധാന വെല്ലുവിളികള്‍. കുഞ്ഞിന്റെ പിതാവിന്റെ കരളിന്റെ ഇടതുവശത്തു നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് ഡോക്ടര്‍മാര്‍ ആദ്യവെല്ലുവിളിക്ക് ഉത്തരം കണ്ടെത്തി. ‘രണ്ടാമത്തേതായിരുന്നു കൂടുതല്‍ അപകടം പിടിച്ചത്. തനിച്ച് ശ്വസിക്കാന്‍ അവന് കൂടുതല്‍ സമയം വേണമായിരുന്നു. വളര്‍ച്ചയെത്താത്ത ശ്വാസകോശങ്ങളാണ് ഈ അപടക സാധ്യത കൂട്ടിയത്. എന്നാല്‍ വെന്റിലേറ്റിനെ അധിക സമയം ആശ്രയിക്കുന്നതും ആലോചിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു,’ ഡോ. അഭിഷേക് പറഞ്ഞു.
‘അതുകൊണ്ട് കരള്‍മാറ്റത്തിനു പിന്നാലെ കുഞ്ഞിന്റെ ശ്വാസനാളത്തിലേയ്ക്ക് ഒരു കൃത്രിമ വഴിയുണ്ടാക്കുന്ന ട്രാക്കിയോസ്റ്റോമി (tracheotomy) എന്ന മാര്‍ഗം ഞങ്ങള്‍ അവലംബിച്ചു. സുഗമമായി ശ്വാസമെടുക്കുന്നതിന് അവനെ സഹായിക്കാനായിരുന്നു ഇത്. ശ്വാസനാളം പൂര്‍ണവളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞുങ്ങളില്‍ ട്രാക്കിയോസ്റ്റോമി ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. എന്തായാലും റബീഹിന്റെ കാര്യത്തില്‍ ഞങ്ങള്‍ വിജയിച്ചു. സ്വന്തമായി ശ്വസിക്കാറാവും വരെ ശസ്ത്രക്രിയക്കു ശേഷം 89 ദിവസമാണ് അവന് വെന്റിലേറ്ററില്‍ കിടന്നത്. വെന്റിലേറ്ററില്‍, ഐസിയുവില്‍ കിടക്കുമ്പോഴായിരുന്നു അവന്റെ ഒന്നാം ജന്മദിനം ഞങ്ങള്‍ എല്ലാവരും ആഘോഷിച്ചത്. അവനെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഞങ്ങള്‍ക്കും അവന്റെ കുടുംബാംഗങ്ങള്മുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ,’ ഡോ. അഭിഷേക് കൂട്ടിച്ചേര്‍ക്കുന്നു.
വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ കോംപ്രിഹെന്‍സീവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അഭിഷേക് യാദവിനു പുറമെ ഹെപ്പറ്റോളജിസ്റ്റ് ഡോ. മായാ പീതാംബരന്, അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്മെന്റിലെ ഡോ. മോഹന്‍ മാത്യു, ഡോ. നിത, നിയോനേറ്റോളജിസ്റ്റ് ഡോ. സതീഷ്കുമാര്‍ എന്നിവരും റബീഹിന്റെ ചികിത്സയില്‍ പങ്കെടുത്തു.
English Summary: 8‑month-old and underweight infant undergoes liver transplantation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.