മീടൂ: സഹപ്രവർത്തകരോടുള്ള പുരുഷന്മാരുടെ ഇടപെടൽ അതീവ ജാഗ്രതയോടെ

Web Desk
Posted on November 30, 2018, 10:20 am

മുംബൈ: മീടൂ ക്യാമ്പയിന്‍ വന്നതിനു ശേഷം സഹപ്രവർത്തകരോടുള്ള പുരുഷന്മാരുടെ ഇടപെടൽ അതീവ ജാഗ്രതയോടെയാണെന്ന് റിപ്പോർട്ട്. 80 % പുരുഷന്മാരും ഇക്കാര്യത്തിൽ ആവശ്യത്തിലധികം ജാഗരൂകരാണെന്നാണ് മുംബൈ, ഡൽഹി, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി 2500 പേർക്കിടയിൽ നടത്തിയ സർവേ ഫലം സൂചിപ്പിക്കുന്നത്.

തൊഴിൽ നഷ്ടം, കുടുംബത്തിന്റെ സൽപേര്, അപകീർത്തി എന്നിവ ഭയന്നാണ് ഇരകൾ ആദ്യ കാലങ്ങളിൽ പീഡനം വെളിപ്പെടുത്താത്തതെന്ന് 80 % പേർ പ്രതികരിച്ചു. കേസ് കൊടുത്തതിനു ശേഷം പോലും ഇരകൾ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന് 70% പറയുന്നു. പീഡനത്തെ കുറിച്ചു കാലങ്ങൾക്കു ശേഷം പ്രതികരിക്കുന്നതു ശരിയല്ലെന്ന് 50 ശതമാനത്തോളം പേർ കരുതുന്നു. എന്നാൽ ഇതിൽ തെറ്റൊന്നുമില്ലെന്ന് അഞ്ചിൽ രണ്ടു പുരുഷന്മാർ വാദിക്കുന്നു.

നിലവിൽ കൂടുതൽ ആരോപണങ്ങളും വന്നത് മാധ്യമ – ബോളിവുഡ് രംഗങ്ങളിൽ നിന്നാണെങ്കിലും മറ്റു വ്യവസായ മേഖലകൾ സുരക്ഷിതമെന്ന് കരുതാനാവില്ലെന്നാണ് 77% പേരുടെ പ്രതികരണം. മീടൂ ആരോപണങ്ങളിൽ വ്യാജമായ പരാതികളുമുണ്ടെന്ന് 83 % പേർ കരുതുന്നുണ്ടെങ്കിലും ഈ മുന്നേറ്റം ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് അഞ്ചിൽ നാലു പേർ പ്രതീക്ഷിക്കുന്നു.