കോവിഡ് നിയന്ത്രണത്തില്‍ ലോകത്തിന് മാതൃകയായി മാറിയെങ്കിലും പ്രവാസി മലയാളികളുടെ മരണസംഖ്യ ഉയരുന്നത് കേരളത്തിന് തീരാവേദന. വികസിത രാജ്യങ്ങളുടെ വരെ അത്ഭുതാദരങ്ങള്‍ നേടിയെടുക്കാന്‍ കേരളസര്‍ക്കാരിന്റെ കൊറോണ നിയന്ത്രണ നടപടികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും അടക്കം മലയാളികള്‍ ഒട്ടേറെപ്പേര്‍ രോഗബാധിതരായിട്ടുണ്ട്. രോഗബാധിതരുടെ കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസമാണ്. കോവിഡ് ബാധിച്ച് 85 മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം മരണത്തിന് കീഴടങ്ങിയത്. കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ ഭൗതിക ശരീരങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനാകാത്തതും ഉറ്റവര്‍ക്കും നാട്ടുകാര്‍ക്കും കനത്ത സങ്കടമാണുണ്ടാക്കുന്നത്. കോവിഡ് ബാധിച്ച് ഇതുവരെ കേരളത്തില്‍ മരിച്ചത് മൂന്നുപേര്‍ മാത്രമാണെങ്കില്‍ രോഗബാധ മൂലം മരിച്ച പ്രവാസി മലയാളികളുടെ എണ്ണം ഇതിനകം 85 ആയി. ഇതില്‍ ഏറ്റവുമധികം പേര്‍ മരിച്ചത് യുഎഇയിലാണ്. അബുദാബിയിലും ദുബായിലുമായി ഇതുവരെ മരിച്ച മലയാളികളുടെ എണ്ണം 36 ആണ്.
മെയ് മൂന്നിന് മാത്രം അഞ്ച് മലയാളികളാണ് യുഎഇയില്‍ കോവിഡ് ബാധ മൂലം മരിച്ചത്. മെയ് മൂന്നുവരെ യു എസില്‍ മരിച്ചത് 32 പേരാണ്. ഇതില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്. ബ്രിട്ടനിലും കോവിഡ് ബാധ മൂലം മലയാളികള്‍ മരിച്ചിട്ടുണ്ട്. അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയാണ് ഏപ്രില്‍ അവസാനം മരിച്ചത്. ലണ്ടനില്‍ മലയാളിയായ നഴ്‌സ് അടക്കം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബ്രിട്ടനില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മലയാളികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് രോഗം ഭേദമായി. മലയാളിയായ ഡോക്ടര്‍ അടക്കമുള്ളവരാണ് ബ്രിട്ടനില്‍ മരിച്ചത്. സൗദിയില്‍ ഇതിനകം കോവിഡ് ബാധിച്ച് മരിച്ചത് ഏഴു മലയാളികളാണ്.
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ആരോഗ്യസുരക്ഷാരംഗത്ത് മലയാളികളായ നഴ്‌സുമാരും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിദഗ്ധരും ജോലി ചെയ്യുന്നുണ്ട്. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഒട്ടേറെ പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധയെ നേരിടാന്‍ കേരളം സ്വീകരിച്ച നടപടികളെ ആരോഗ്യരംഗത്ത് തൊഴിലെടുക്കുന്ന മലയാളികള്‍ ഒന്നടങ്കം അഭിനന്ദിക്കുന്നുണ്ട്. കോവിഡ് ബാധ മൂലം കേരളത്തിന് പുറത്ത് കൊല്‍ക്കത്തയിലും മുംബൈയിലും അടക്കം മലയാളികള്‍ മരിച്ചിട്ടുണ്ട്. മുംബൈയില്‍ അന്ധേരിയില്‍ താമസിക്കുന്ന അറുപത്തൊമ്പതുകാരിയാണ് കോവിഡ് ബാധ മൂലം ഇന്നലെ മെയ് നാലിന് മരിച്ചത്. തൃശൂര്‍ സ്വദേശിനിയാണ്. മുംബൈയില്‍ ഇതിന് മുമ്പ് ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിനിയായ എഴുപതുകാരിയാണ് കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം മരിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും കോവിഡ് മഹാമാരി ഇപ്പോഴും മരണതാണ്ഡവം തുടരുമ്പോള്‍ ലോകത്തെമ്പാടും പ്രവാസികളായിരിക്കുന്ന മലയാളികളെയോര്‍ത്ത് ജന്മനാടും കുടുംബാംഗങ്ങളും ബന്ധുക്കളും കനത്ത ആശങ്കയില്‍ തന്നെയാണ്. കോവിഡ് ബാധ ഇതിനകം മുപ്പത്തിയഞ്ച് ലക്ഷം കടക്കുകയും ലോകമെമ്പാടും ഇതുവരെ രണ്ടരലക്ഷത്തിലേറെ ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.
ENGLISH SUMMARY: 85 Malayalees lost their lives outside Kerala
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.