25 April 2024, Thursday

Related news

January 30, 2024
September 12, 2023
September 4, 2023
August 28, 2023
June 28, 2023
June 24, 2023
May 2, 2023
February 26, 2023
January 30, 2023
January 30, 2023

ചരിത്രമെഴുതിയ കൂടിക്കാഴ്ചക്ക് : 85 വർഷം തികയുന്നു

വലിയശാല രാജു
August 24, 2022 5:15 am

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അയിത്തോച്ചാടനത്തെക്കൂടി ഉൾപ്പെടുത്തിയത് ഗാന്ധിജിയുടെ ആഗ്രഹപ്രകാരമായിരുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവർണരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നാലേ സ്വാതന്ത്ര്യസമരത്തിന് ഊർജം പകരാൻ കഴിയൂ എന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായ അയിത്ത നിർമ്മാർജ്ജന പോരാട്ടത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചതും കേരളമാണ്. 1924ലെ വൈക്കം സത്യഗ്രഹമായിരുന്നു അത്. ഇന്ത്യയിലെ അയിത്തോച്ചാടന സമരങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് സവർണരായിരുന്നു. കേരളത്തിലും സ്ഥിതി ആദ്യകാലത്ത് വ്യത്യസ്തമായിരുന്നില്ല. പക്ഷെ പിന്നീട് ഒരു ഉശിരുള്ള നേതാവ് അവർക്കിടയിൽ നിന്നും ഉയർന്നുവന്നു. അതാണ് അയ്യൻകാളി. ആശയപരമായിട്ടാണെങ്കിലും കായികമായിട്ടാണെങ്കിലും സവർണ പൗരോഹിത്യത്തെ ചോദ്യം ചെയ്ത നേതാവ്.

ഗാന്ധിജിക്ക് ഇങ്ങനെയൊരു ഊർജസ്വലനായ നേതാവ് ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്നതിൽ ആദ്യം അത്ഭുതവും പിന്നീട് ആദരവുമാണുണ്ടായത്. അതുകൊണ്ടാണ് അയ്യൻകാളി ഗാന്ധിജിയെ കാണണമെന്ന് പലരോടും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതറിഞ്ഞ ഗാന്ധിജി താൻ അങ്ങോട്ട് പോയി അദ്ദേഹത്തെ കാണാമെന്ന് പറഞ്ഞത്. ഇതിനിടയിൽ അയ്യൻകാളി ഗാന്ധിജിക്ക് ഒരു കത്തും അയച്ചിരുന്നു സന്ദർശനാനുവാദം ചോദിച്ചുകൊണ്ടായിരുന്നു അത്. അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ ദേശീയ നേതാക്കളോട് ഗാന്ധിജി കൂടുതൽ ചോദിച്ച് മനസിലാ‌ക്കിയിരുന്നു. അപ്പോൾ അയ്യന്‍കാളിയോടുള്ള ബഹുമാനം വർധിക്കുകയാണ് ചെയ്തത്.


ഇതുകൂടി വായിക്കൂ: ഗാന്ധിജിയെ വീണ്ടും വീണ്ടും വധിക്കുന്നു; ഗോഡ്സെ വാഴ്ത്തപ്പെട്ടവനാകുന്നു


അഞ്ച് തവണ കേരളം സന്ദർശിച്ച ഗാന്ധിജി തന്റെ അവസാന സന്ദർശനമായ 1937ൽ ഒരു തീർത്ഥടകൻ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് കേരളത്തിലെത്തിയപ്പോഴാണ് അയ്യന്‍കാളിയെ ജനുവരി 14ന് അദ്ദേഹത്തിന്റെ ജന്മദേശമായ വെങ്ങാനൂരിൽ ചെന്ന് കണ്ടത്. 1904ൽ അയ്യൻകാളി സ്ഥാപിച്ചതും സവര്‍ണർ പലതവണ തീവച്ച് നശിപ്പിച്ചതുമായ സ്കൂൾ ഗാന്ധിജി സന്ദർശിച്ചു. മാത്രമല്ല അയ്യൻകാളി മുൻകയ്യെടുത്തു സ്ഥാപിച്ച നെയ്ത്തുശാലയും, വായനശാലയുമൊക്കെ കണ്ട് ആവേശം പൂണ്ട മഹാത്മജി എന്താണ് താങ്കളുടെ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ വിനീതനായി അയ്യൻകാളി ആവശ്യപ്പെട്ടത് ഇന്നറിയുമ്പോൾ മഹാത്ഭുതം തോന്നും. ഒപ്പം അന്നത്തെ അധഃകൃതരുടെ ദയനീയാവസ്ഥയും. “എന്റെ സമുദായത്തിൽ നിന്നും പത്ത് പേരെയെങ്കിലും ബിഎക്കാരാക്കണമെന്നാണ്” ആഗ്രഹമെന്ന് അറിയിക്കുകയും അതിന് ഗാന്ധിജിയുടെ സഹായം അയ്യൻകാളി തേടുകയും ചെയ്തു. അതുകേട്ട് ഗാന്ധിജി പറഞ്ഞത് പത്തു പേരല്ല നൂറ് പേർ ബിഎക്കാരായി ഈ നാട്ടിലുണ്ടാകുമെന്നാണ്. അതിന് അദ്ദേഹം തന്റെ ഹരിജൻ ഫണ്ടിൽ നിന്നും കുറച്ച് തുക അനുവദിക്കുകയും ചെയ്തു. അന്നുതന്നെ വെങ്ങാനൂരിൽ വച്ചുനടന്ന മഹാ പുലയ സമ്മേളനത്തിൽ അയ്യൻകാളി ഗാന്ധിജിക്ക് മംഗളപത്രം സമർപ്പിച്ചു.

മറുപടി പ്രസംഗത്തിൽ ഗാന്ധിജി “പുലയ രാജാവ്” എന്നാണ് അയ്യൻകാളിയെ അഭിസംബോധന ചെയ്തത്. അയ്യൻകാളി സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്ന പോരാളിയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനം സമുദായത്തിന് സുസ്ഥിര വികസനം ഉണ്ടാക്കുമെന്നും ഗാന്ധിജി പറഞ്ഞു. തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം വന്നശേഷമുള്ള ഗാന്ധിജിയുടെ കേരളത്തിലേക്കുള്ള ആദ്യ വരവ് കൂടിയായതിനാൽ അദ്ദേഹം കൂടുതൽ ആവേശഭരിതനായിരുന്നു. ഇക്കാര്യം അയ്യന്‍കാളിയോട് സൂചിപ്പിക്കുകയും ചെയ്തു. ക്ഷേത്ര പ്രവേശന വിളംബരം വലിയൊരു അവസരമാണെന്നും അത് ബുദ്ധിപൂർവം സമുദായത്തിന് വേണ്ടി പ്രയോജനപ്പെടുത്തണമെന്നും ഗാന്ധിജി പൊതുയോഗത്തിൽ അഭ്യർത്ഥിച്ചു. പക്ഷെ ഇതിനോട് അയ്യൻകാളിക്ക് യോജിപ്പില്ലായിരുന്നു. ക്ഷേത്രത്തിൽ പോകുന്നതുകൊണ്ടോ ആരാധനാ സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടോ തന്റെ സമുദായത്തിന് പ്രത്യേകിച്ച് ഒന്നും നേടാനില്ലെന്ന് അയ്യൻകാളി മനസിലാക്കിയിരുന്നു. വിദ്യാഭ്യാസപരമായ മുന്നേറ്റമാണ് അവർണര്‍ക്ക് വേണ്ടതെന്നും അതിന് സവർണ മേലാളന്മാർ സൃഷ്ടിക്കുന്ന തടസങ്ങളാണ് ചെറുത്ത് തോല്പിക്കേണ്ടതെന്നും അയ്യൻകാളി വിശ്വസിച്ചു. അതാണ് കൂടിക്കാഴ്ചയിൽ ഗാന്ധിജിയോട് അഭ്യർത്ഥിച്ചതും എല്ലാ സഹായങ്ങളും ഗാന്ധിജി വാഗ്ദാനം ചെയ്തതും. ഗാന്ധിജിയുടെ ഈ സന്ദർശനവും കൂടിക്കാഴ്ചയും തിരുവിതാംകൂറിൽ ഒതുങ്ങിനിന്നിരുന്ന അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ തന്നെ എത്താൻ സഹായിച്ചു. നിരക്ഷരനായ അയ്യൻകാളി ദളിതര്‍ക്കുവേണ്ടി ദീർഘ വീക്ഷണത്തോടു കൂടി നടപ്പിലാക്കിയ പദ്ധതികൾ അദ്ദേഹത്തിന്റെ പ്രശസ്തി രാജ്യമെങ്ങും എത്താൻ സഹായകരമായി. അതുകൊണ്ട് കൂടിയാണ് അയ്യൻകാളി — ഗാന്ധിജി കൂടിക്കാഴ്ച ചരിത്രപരമാകുന്നത്.


ഇതുകൂടി വായിക്കൂ: അയ്യൻകാളിയുടെ ചരിത്രം വഴി കാട്ടും: കാനം രാജേന്ദ്രൻ


ഗാന്ധിജിയുടെ ഉപദേശപ്രകാരം ജീവിതാവസാനം വരെ പിന്നീട് ഖദർ വസ്ത്രമേ അയ്യൻകാളി ധരിച്ചിരുന്നുള്ളൂ. ഈ കൂടിക്കാഴ്ചക്ക് ശേഷം നാല് വർഷം കൂടിയേ അയ്യൻകാളി ജീവിച്ചിരുന്നുള്ളൂ 1941ജൂൺ 18 ന് മഹാനായ ഈ പുലയ രാജാവ് ജീവിതത്തിൽ നിന്നും വിടവാങ്ങി. അപ്പോൾ അദ്ദേഹത്തിന് 77 വയസായിരുന്നു പ്രായം. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമായി അയ്യൻകാളിയുടെ ജീവിതം നിലകൊള്ളുന്നു. 2022 ഓഗസ്റ്റ് 28 ലെ അയ്യൻകാളിയുടെ നൂറ്റിഅമ്പത്തിയൊൻപതാമത് ജന്മവാർഷിക ദിനത്തിൽ 85 വർഷം പൂർത്തിയായ അദ്ദേഹത്തിന്റെ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയുടെ സ്മരണ ഒരു ജനതയെ മുഴുവൻ ചവിട്ടിയരച്ച വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങൾ, അവകാശങ്ങൾ ഒരു തങ്കത്തളികയിൽ വച്ച് ആരും സൗജന്യമായി നൽകിയതല്ലെന്ന് പുതിയ തലമുറയ്ക്ക് ഓർമ്മിക്കാനുള്ള അവസരം കൂടിയാകും. അയ്യൻകാളി ആഗ്രഹിച്ചതുപോലെ സ്വതന്ത്ര ഇന്ത്യയിൽ കേരളത്തിലെ ദളിതരുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. പൊതുസമൂഹത്തിന്റെ പൊതു ധാരയിലേക്ക് അവർ എത്തി. പക്ഷെ വടക്കേ ഇന്ത്യയിലെ സ്ഥിതി ഇന്നും വളരെ ദുരിതപൂർണമാണ്. കോവിഡ് മഹാമാരിക്കാലത്ത് അവർ അനുഭവിച്ച യാതനകൾ വിവരണാതീതമായിരുന്നു. സുപ്രീം കോടതിക്ക്പോലും പല പ്രാവശ്യമാണ് ഇടപെടേണ്ടിവന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വൻതോതിലുള്ള ജാതീയമായ അടിമത്വങ്ങളും ദുരഭിമാനക്കൊലകളും ഇന്ന് നിത്യസംഭവങ്ങളായിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടുകുത്തി വാഴുന്നു. തൊട്ടയൽസംസ്ഥാനത്തെ സ്ഥിതി പോലും വളരെ ദയനീയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.