ന്യൂഡൽഹി: രാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ പുതിയ തന്ത്രവുമായി മോഡി സർക്കാർ. ദേശീയ ജനസംഖ്യാ രജിസ്റ്റർ (നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ- എൻപിആർ) സംവിധാനം നടപ്പാക്കി പൗരത്വ രജിസ്റ്റർ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കാനാണ് തീരുമാനം. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ദേശ ദേശാന്തര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം എൻപിആർ സംവിധാനത്തിനായി 8500 കോടി രൂപ അനുവദിച്ചത്. അടുത്ത വർഷം ഏപ്രിൽ മുതൽ പുതിയ സംവിധാനം ആരംഭിക്കാനാണ് ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച പ്രതിഷേധം ശക്തമായതിനെ തുടർന്ന് ദേശീയ പൗരത്വ രജിസ്റ്റർ (എൻസിആർ) സംവിധാനം നടപ്പാക്കില്ലെന്നും അക്കാര്യം മന്ത്രിസഭാ യോഗമോ പാർലമെന്റോ ചർച്ച ചെയ്തിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പൊതുയോഗത്തിൽ മോഡി പറഞ്ഞത്. എന്നാൽ ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും വ്യക്തി- ആസ്തി- ബയോമെട്രിക് വിവരങ്ങൾ എൻപിആറിലൂടെ ശേഖരിക്കാനുള്ള തന്ത്രമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്.
എൻപിആർ സർവേയുമായി ബന്ധപ്പെട്ട ഫോർമാറ്റിൽ വ്യക്തിഗത വിവരങ്ങൾ, പൗരത്വം, ജനിച്ച രാജ്യം, ജനിച്ച വർഷം ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇതിൽ പൗരത്വം, ജനിച്ച രാജ്യം അഥവാ സ്ഥലം എന്നീ വിവരങ്ങളാണ് പൗരത്വ ഭേദഗതി ബില്ലിൽ നിന്നും ഒഴിവാക്കപ്പെട്ട മുസ്ലിം വിഭാഗങ്ങൾക്ക് വിന ആകുന്നത്. എൻപിആർ വിവരങ്ങളിൽ പൗരത്വം സംബന്ധിച്ച സംശയം തോന്നിയാൽ അധികൃതർ ബന്ധപ്പെട്ടവർക്ക് കത്ത് നൽകും. പൗരത്വം തെളിയിക്കുന്നതിനായി രേഖകൾ ആവശ്യപ്പെട്ടുള്ള കത്തായിരിക്കും ലഭിക്കുന്നത്. വ്യക്തികൾ നൽകുന്ന രേഖകൾ മോഡി സർക്കാരിന്റെ സംശയ നിവാരണത്തിന് പോന്നതല്ലെങ്കിൽ അവരുടെ പൗരത്വം നഷ്ടമാകും. ഇത് തന്നെയാണ് പൗരത്വ ഭേദഗതി ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയിലൂടെ മോഡി സർക്കാർ ലക്ഷ്യമിട്ടത്. പുതിയ എൻപിആറിൽ നിന്നും അസമിനെ ഒഴിവാക്കിയത് സംശയം ബലപ്പെടുത്തുന്നു.
മോഡി സർക്കാരിന്റെ ലക്ഷ്യത്തിന് പിന്നിൽ വർഗീയ കുതന്ത്രങ്ങൾ ഇല്ലായിരുന്നുവെങ്കിൽ എൻപിആർ സംവിധാനത്തിൽ അസമിനെയും ഉൾപ്പെടുത്തുമായിരുന്നുവെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. അസമിനെ പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് മാത്രമല്ല എൻപിആർ സർവേ ഫോർമാറ്റിൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കങ്ങളും മോഡി സർക്കാർ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പൗരത്വത്തിൽ സംശയം തോന്നിയവർക്ക് അസമിൽ നോട്ടീസ് അയച്ചിരുന്നു. പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 19 ലക്ഷം പേരാണ് പുറത്തായത്. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഫോറിൻ ട്രിബ്യൂണലുകളെ സമീപിക്കാൻ അനുമതി നൽകിയത്. ഇപ്പോഴും പൗരത്വം ലഭിക്കാത്തതിനെ തുടർന്ന് ആയിരങ്ങളാണ് അസമിലെ തടങ്കൽ പാളയങ്ങളിൽ കഴിയുന്നത്.
എല്ലാ സംസ്ഥാനങ്ങളിലും അസം മാതൃകയിലുള്ള തടങ്കൽ പാളയങ്ങൾ സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ട് മോഡി സർക്കാർ കത്തയിച്ചിരുന്നു. തടങ്കൽ കേന്ദ്രങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും കത്തിലുണ്ട്. മുസ്ലിം ഇതര വിഭാഗങ്ങൾക്ക് നിരുപാധികമായി പൗരത്വം അനുവദിക്കാനുള്ള നീക്കങ്ങൾ തുടരുന്നു. മുസ്ലിങ്ങളെ ഒഴിവാക്കുന്നു. ഇതിനായി പൗരത്വ ഭേദഗതി ബിൽ പാസാക്കി. ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു. നടപ്പാക്കില്ലെന്ന് മോഡിയും. ഇവിടേയും ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഈ ലാക്കോടെയാണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാനും അതിനായി 8500 കോടി രൂപ അനുവദിച്ചതുമായ മോഡി സർക്കാരിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.