കോവിഡ് വ്യാപനത്തെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാത്ത കേരളത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും പലവ്യജ്ഞനങ്ങളടങ്ങുന്ന സൗജന്യ ഭക്ഷ്യ കിറ്റ് ഈ ആഴ്ചതന്നെ വിതരണം ചെയ്തു തുടങ്ങും. 87 ലക്ഷം കുടുംബങ്ങൾക്കാണ് സൗജന്യ കിറ്റ് ലഭിക്കുക. സൗജന്യ കിറ്റ് നൽകുന്നതിന് 756 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ഏപ്രിൽ 20നു മുൻപു സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കും. അതിനു ശേഷമാകും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷൻ വിതരണം ചെയ്യുക. റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം നൽകും.
ഇതിനായി ആധാർ കാർഡും ഫോൺ നമ്പറും ചേർത്തുള്ള സത്യവാങ്മൂലം റേഷൻ വ്യാപാരിക്കു നൽകണം. കളവായി സത്യവാങ്മൂലം നൽകി റേഷൻ കൈപ്പറ്റുന്നവരിൽനിന്നു ധാന്യത്തിന്റെ മാർക്കറ്റ് വിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മുൻഗണനേതര വിഭാഗങ്ങൾക്കും 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകാൻ, കേന്ദ്ര പൂളിൽനിന്ന് അധിക തുക നൽകിയാണ് 50,000 മെട്രിക് ടൺ ഭക്ഷ്യധാന്യം ശേഖരിക്കുന്നത്. ഇതിന് 130 കോടി രൂപ ചെലവു വരും. 74,000 മെട്രിക് ടൺ അരി സൗജന്യമായി നൽകണമെന്നു കേന്ദ്രത്തോടു സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും അതിനു കഴിയില്ലെന്നാണു കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിൽനിന്നുള്ള സൗജന്യ റേഷൻ മുൻഗണനാ വിഭാഗങ്ങൾക്കു മാത്രമാണു ലഭിക്കുന്നത്. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള സൗജന്യ റേഷനുള്ള ബാധ്യത കേരളം തന്നെ വഹിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. അന്ത്യോദയ വിഭാഗങ്ങൾക്കു നിലവിൽ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകും.
പ്രയോറിറ്റി ഹൗസ് ഹോൾഡ്സ്(പിഎച്ച്എച്ച്) വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉള്ളവർക്കു കാർഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നൽകും. വെള്ള, നീല കാർഡുകളുള്ള മുൻഗണനേതര വിഭാഗങ്ങൾക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയിൽ കൂടുതൽ ധാന്യം നിലവിൽ ലഭിക്കുന്ന നീല കാർഡ് ഉടമകൾക്ക് അതു തുടർന്നും ലഭിക്കും. സൗജന്യ ഭക്ഷ്യ കിറ്റ് ആദ്യം എഎവൈ, പിഎച്ച്എച്ച് വിഭാഗങ്ങളിൽപ്പെടുന്ന മുൻഗണനാ കുടുംബങ്ങൾക്കും പിന്നീട് മുൻഗണനേതര വിഭാഗങ്ങൾക്കും നൽകാനാണു തീരുമാനിച്ചിരിക്കുന്നത്. 56 സപ്ലൈകോ ഡിപ്പോകളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
കിറ്റ് ആവശ്യമില്ല എന്നു സ്വയം വെളിപ്പെടുത്തുന്നവരേയും നികുതിദായകരായ ഉയർന്ന വരുമാനക്കാരെയും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകുന്നതിൽനിന്ന് ഒഴിവാക്കും. ക്വാറന്റൈനിൽ കഴിയുന്നവർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കുമുള്ള കിറ്റുകളും തയാറാക്കുന്ന നടപടികൾ നടക്കുന്നുണ്ട്. കിറ്റിന്റെ വിതരണവും ഏപ്രിൽ മാസത്തിൽത്തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഇവർക്ക് റേഷൻ കാർഡ് ഉണ്ടെങ്കിൽ സംസ്ഥാനത്തെ റേഷൻ കടകളിൽനിന്നു സാധനങ്ങൾ വാങ്ങാം. നിലവിൽ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽനിന്നുള്ള മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്കാണു രാജ്യത്ത് എവിടെനിന്നും ഭക്ഷ്യധാന്യം വാങ്ങുന്നതിന് അനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. നരസിംഹുഗരി ടി എൽ റെഡ്ഡി, ദിവ്യ എസ് അയ്യർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
English Summary: 87 lakhs food kit will distribute
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.