Web Desk

തിരുവനന്തപുരം

October 12, 2021, 10:50 pm

ലൈഫ് പദ്ധതിയിൽ ഇക്കൊല്ലം 88,000 വീടുകൾ കൂടി നിർമ്മിക്കും

Janayugom Online

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇക്കൊല്ലം 88,000 വീടുകൾ കൂടി നിർമ്മിക്കുമെന്ന് മന്ത്രി എം ഗോവിന്ദൻ. നൂറ് ദിന പരിപാടിയുടെ ഭാഗമായി 10,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിൽ 12,067 വീടുകൾ കൈമാറാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തിൽ 2.45 ലക്ഷം വീടുകളാണ് നിർമ്മിച്ചത്. ഈ സർക്കാർ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ബില്ലുകളിലെ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള കൂലി കഴിഞ്ഞ വർഷം സർക്കാർ പുതുക്കിയില്ല. 291 രൂപയാണ് ഇപ്പോഴുള്ളത്. അതേസമയം മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും അപേക്ഷിച്ച് കേരളത്തിലെ കൂലി കുറവാണെന്നും പറയാനാവില്ല. ലക്ഷദ്വീപ്-266, പഞ്ചാബ്-269, രാജസ്ഥാൻ‑261, മഹാരാഷ്ട്ര‑248, ഗുജറാത്ത്-229, കർണ്ണാടക-289, തമിഴ്‌നാട്-273 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ തൊഴിലുറപ്പിനുള്ള പ്രതിദിന കൂലി. ഗോവയും ഹരിയാനയും മാത്രമാണ് കൂലിക്കാര്യത്തിൽ കേരളത്തിന് മുന്നിലുള്ളത്. തൊഴിലുറപ്പിന് മിനിമം കൂലി നൽകണമെന്നും തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്നും തന്നെയാണ് സർക്കാർ നിലപാട്. 

കേന്ദ്രസർക്കാർ സമയത്ത് ഫണ്ട് അനുവദിക്കാത്തത് മൂലമാണ് കൂലിയിൽ കുടിശ്ശികയുണ്ടാകുന്നത്. പ്രശ്നം പരിഹരിച്ച് വരികയാണ്. തൊഴിലുറപ്പിലുള്ളവർക്ക് ജോലിയില്ലാത്ത ഘട്ടങ്ങളിലുള്ള ‘അൺഎംപ്ലോയ്‌മെന്റ് അലവൻസ്’ രാജ്യത്തെങ്ങും ആരംഭിച്ചിട്ടില്ല. അതേ സമയം കേരളത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് 1000 രൂപ അലവൻസ് അനുവദിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയും മറ്റും കണക്കിലെടുത്ത് മാനദണ്ഡ ദിവസങ്ങൾ കുറച്ച് ഇക്കുറി 75 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയവർക്കാണ് 1000 രൂപ നൽകിയത്.
മുൻ പഞ്ചായത്തംഗങ്ങൾക്ക് പെൻഷൻ അനുവദിക്കുന്നത് പരിശോധിക്കാമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വിയോജിപ്പില്ലെങ്കിലും സാമ്പത്തിക സ്ഥിതിയും പരിമിതിയും കൂടി കണക്കിലെടുത്തേ തീരുമാനമെടുക്കാനാകൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Eng­lish Sum­ma­ry : 88000 more hous­es to be built in life mis­sion project

You may also like this video :