Saturday
14 Dec 2019

എസ്ബിഐയില്‍ 8904 ക്ലാര്‍ക്ക്

By: Web Desk | Thursday 25 April 2019 3:28 PM IST


സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 251 ബാക്ക്‌ലോഗ് ഒഴിവുകളുള്‍പ്പെടെ 8904 ഒഴിവുകളാണുള്ളത്. കേരള സര്‍ക്കിള്‍/ സെന്ററില്‍ 250 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് മൂന്ന്.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക. ഉദ്യൊഗാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.
ശമ്പളം: 11765-31450 രൂപ

വിദ്യാഭ്യാസ യോഗ്യത (2019 ഓഗസ്റ്റ് 31ന്): ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.
പ്രായം: 2019 ഏപ്രില്‍ ഒന്നിന് 20-28. അപേക്ഷകര്‍ 1991 ഏപ്രില്‍ രണ്ടിനു മുന്‍പോ 1999 ഏപ്രില്‍ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്ക് 10 വര്‍ഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്തഭടന്‍മാര്‍ക്കും മറ്റും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ടാകും.ജൂണില്‍ പ്രിലിമിനറി പരീക്ഷ നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയില്‍ ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസനിങ് എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 100 ഒബ്‌ജെക്ടീവ് ചോദ്യങ്ങളാണ്.
പ്രിലിമിനറി പരീക്ഷയ്ക്കു ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കു മെയിന്‍ പരീക്ഷ നടത്തും. ഓഗസ്റ്റ് 10 നു മെയിന്‍ പരീക്ഷ നടത്തും. ഒബ്‌ജെക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓണ്‍ലൈന്‍ വഴിയുള്ള മെയിന്‍ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാന്‍ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാര്‍ക്ക് ഷീറ്റ് / സര്‍ട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവര്‍ക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറു മാസം പ്രൊബേഷനുണ്ടാകും.

കേരളത്തില്‍ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. ലക്ഷദ്വീപില്‍ കവരത്തിയിലാണ് പരീക്ഷാകേന്ദ്രം.
സംവരണാനുകൂല്യമുള്ളവര്‍ അഭിമുഖത്തിനു ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പട്ടികവിഭാഗം, വികലാംഗര്‍, വിമുക്തഭടന്‍, ഒബിസി എന്നിവരുടെ ഇളവുകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ വിജ്ഞാപനത്തിലുണ്ട്. കാഴ്ചക്കുറവുള്ളവര്‍ക്കു വ്യവസ്ഥകള്‍ക്കു വിധേയമായി പരീക്ഷയെഴുതാന്‍ സഹായിയെ നിയോഗിക്കാം. പട്ടികജാതി/വര്‍ഗം/ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് പ്രീ–എക്‌സാമിനേഷന്‍ ട്രെയിനിങ്ങിന് സൗകര്യമുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്താണ് പ്രീ–എക്‌സാമിനേഷന്‍ ട്രെയിനിങ്ങുള്ളത്. മേല്‍പറഞ്ഞവ സംബന്ധിച്ച വിവരങ്ങള്‍ വിജ്ഞാപനത്തില്‍ നോക്കി മനസിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വിമുക്തഭടന്‍, വികലാംഗര്‍ക്ക് 125 രൂപ മതി. ഓണ്‍ലൈന്‍ രീതിയിലൂടെ ഫീസ് അടയ്ക്കണം. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സ്‌ക്രീനില്‍ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം: www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ക്ക് ഇ–മെയില്‍ വിലാസം ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാന്‍ (ഡിജിറ്റല്‍ രൂപം) ചെയ്തതു വേണ്ടിവരും. ഓണ്‍ലൈന്‍ അപേക്ഷാഫോം പ്രിന്റൗട്ടും ഫീസ് അടച്ച രസീതും അപേക്ഷകര്‍ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും. അപേക്ഷിക്കുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും വ്യവസ്ഥകളും വായിച്ചു മനസിലാക്കണം.