Web Desk

March 25, 2020, 6:11 pm

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പേർ വിദേശത്ത് നിന്നെത്തിയവർ. പാലക്കാട് 2 എറണാകുളത്ത് 3 പത്തനംതിട്ടയിൽ 2, ഇടക്കിയിലും കോഴിക്കോടും ഓരോകേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തത്. നാല് പേർ ദുബായിൽ നിന്നാണ് എത്തിയ്ത്. യുകെയിൽ നിന്നും ഫ്രാൻസിൽ നിന്നും ഓരോരുത്തരും എത്തി.സംസ്ഥാനത്ത് 12 പേർ രോഗമുക്തരായി. ആകെ 112  പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 76542 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരില്‍ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

കാര്യങ്ങൾ നിയന്ത്രിക്കാൻ സന്നദ്ധപ്രവർത്തകരെ വാർഡ് തലത്തിൽ വിന്യസിക്കും.സംസ്ഥാനത്ത് ആരും പട്ടിണികിടക്കരുതെന്നും ആവശ്യമുള്ളവർക്ക് ഭക്ഷണമെത്തിക്കാൻ പ്രത്യേകം നമ്പർ നൽകുമെന്നും തദ്ദേശ സ്ഥാപനങ്ങൾ കമ്മ്യൂണിറ്റി കിച്ചൺ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതു ജനങ്ങളുടെയും ഗ്രൂപ്പുകളുടെയും പരിപാടികൾ തടയാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഓർഡിനൻസ്. വീട്ടിൽ നിന്ന് പുറത്തിങ്ങുന്നവർ ഐഡി കാർഡ് അല്ലെങ്കിൽ പാസ് കയ്യിൽ വെക്കണം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വര്‍ക്കല റിസോര്‍ട്ടില്‍ നിന്നും വന്ന ഇറ്റാലിയന്‍ സ്വദേശിയേയും തൃശൂരില്‍ ചികിത്സയില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശിയേയും കോവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇറ്റാലിയന്‍ സ്വദേശിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള ട്രാവന്‍കൂര്‍ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിന്‍ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കിയും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാര്‍ മേഖലയില്‍ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്-2020 എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതനുസരിച്ച് സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാന്‍സ്പോര്‍ട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.
സര്‍ക്കാര്‍ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാം. ഫാക്ടറികള്‍, കടകള്‍, വര്‍ക്ഷോപ്പുകള്‍, ഗോഡൗണുകള്‍ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സര്‍വീസുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പൊലീസിന് നേരിട്ട് കേസെടുക്കാം.

Eng­lish Sum­ma­ry: new 9 covid cas­es report­ed in kerala

You may also like this video