തായ്‌ലന്‍ഡ് രാജാവിന്റെ ശവസംസ്‌കാര പരിശീലനത്തിന് 90 മില്യണ്‍ ഡോളര്‍

Web Desk

ബാങ്കോക്ക്

Posted on October 21, 2017, 10:16 pm

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന തായ്‌ലാന്‍ഡ് രാജാവ് ഭൂമിപോല്‍ അതുല്യതേജിന്റെ ശവസംസ്‌കാര ചടങ്ങിന്റെ പരിശീലനത്തിന് മാത്രം ചെലവായത് 90 മില്യണ്‍ അമേരിക്കന്‍ ഡോളര്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് ഭൂമിപോല്‍ അന്തരിച്ചത്. 70 വര്‍ഷക്കാലമാണ് അദ്ദേഹം രാജപദവിയിലിരുന്നത്. അദ്ദേഹത്തിന്റെ മൃതശരീരം ഇപ്പോള്‍ ശവമജ്ഞലില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.
ആര്‍ഭാടപൂര്‍ണമായ സംസ്‌കാരചടങ്ങുകളാണ് മിലിട്ടറി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷം ഗംഭീരമായ ഒരുക്കങ്ങളാണ് സര്‍ക്കാര്‍ ഇതിനുവേണ്ടി നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രി അഞ്ചുമണിക്കൂറിലധികമെടുത്താണ് ശവസംസ്‌കാരറാലിയുടെ പരിശീലനം പൂര്‍ത്തിയാക്കിയത്.
ബാന്‍ഡ് മേളം, സ്വര്‍ണരഥം, കറുത്ത വസ്ത്രം തുടങ്ങിയവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ആകര്‍ഷണം. അടുത്ത വ്യാഴാഴ്ചയാണ് ശവസംസ്‌കാരം നടക്കുക. ഏകദേശം ഏകദേശം രണ്ടരലക്ഷത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
ഭൂമിപാലിന്റെ ഏകമകന്‍ മഹാ വജ്രലോങ്കോണാണ് അനന്തരാവകാശി. ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തുവെങ്കിലും പിതാവിന്റെ ശവസംസ്‌കാരത്തിന് ശേഷമേ കിരീടധാരണം നടക്കുവെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ശവസംസ്‌കാര ചടങ്ങ് നടക്കുന്ന ഒക്ടോബര്‍ 26ന് ദേശീയ അവധി പ്രഖ്യാപിച്ചു. ഒട്ടുമിക്ക ബിസിനസ് സ്ഥാപനങ്ങളും അന്നേ ദിവസം അടച്ചിടുന്നതായി അറിയിച്ചിട്ടുണ്ട്.

 

Pic Courtesy: The Hindu