കൊറോണ കാലത്ത് ഒന്നു മാറി ചിന്തിക്കാം. എല്ലാവരും കൊറോണയെ കുറിച്ച് മാത്രമാണല്ലോ സംസാരിക്കുന്നത്. നമുക്ക് ഒരിടവേള ആശ്വാസത്തിനായി മറ്റൊരു വിഷയമാകട്ടെ. വിഷയം പുതിയതല്ലെങ്കിലും ഐതിഹാസിക സന്ദര്‍ഭങ്ങള്‍ ഓര്‍മ്മിക്കുമ്പോള്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാവുമല്ലോ. ഇവിടെ ഉദ്ദേശിക്കുന്നത് നവതി തികയ്ക്കുന്ന ദണ്ഡിയാത്രയെയാണ്. തൊണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യസമരം തിളച്ചുമറിയുമ്പോള്‍ ഗാന്ധിജി ഒരു പുതിയ ആശയവുമായി വന്നു. സബര്‍മതിയില്‍ നിന്നു ദണ്ഡിയിലേയ്ക്ക് ഏതാനും പേരുമായി ഒരു യാത്ര. കടലില്‍ എത്തി ഉപ്പു കുറുക്കി നിയമം ലംഘിക്കുക. പല നേതാക്കള്‍ക്കും ഇത് ഒരു ഗാന്ധിയന്‍ അസംബന്ധമായേ തോന്നിയിട്ടുള്ളു. പരിഹാസത്തിന്റെ മുന്നില്‍ പ്രശസ്തയായ സരോജിനി നായിഡുതന്നെയായിരുന്നു.
ദണ്ഡിയിലെ ഉപ്പുകുറുക്കലിന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ എന്തു ചെയ്യാനാവും? സാമാന്യ ബുദ്ധിക്കു പോകാവുന്ന ദൂരമതായിരുന്നു. അത്രയേ ഉള്ളുതാനും. പക്ഷെ, ഗാന്ധിജി എല്ലാം നേരത്തെ മനസില്‍ കുറിച്ചിരുന്നു. തൊണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് സബര്‍മതി ആശ്രമത്തില്‍ നിന്ന് എഴുപത്തൊമ്പതുപേരെ ചേര്‍ത്ത് എണ്‍പതാമനായി എം കെ ഗാന്ധിയെന്ന അറുപതു വയസുകാരന്‍ ദണ്ഡിയിലേയ്ക്കൊരു യാത്ര തയ്യാറാക്കി. ഏതാണ്ട് ഇരുപത്തിരണ്ടോളം, തനി കുഗ്രാമങ്ങളിലൂടെ കടന്ന് ദണ്ഡി കടപ്പുറത്തെത്തി ഉപ്പു കുറുക്കി നിയമം ലംഘിക്കുക. പ്രശ്നം താഴ്‌ത്തട്ടുവരെ എത്തുന്നതായിരുന്നു. ജീവിതത്തില്‍ ലവണം പകരുന്ന ഉപ്പിനുമേല്‍ ബ്രിട്ടീഷ് ആധിപത്യം ചുമത്തിയ നികുതിയെ പ്രതീകാത്മകമായി ലംഘിക്കുക. ആധിപത്യത്തിന്റെ നിയമങ്ങള്‍ സാധാരണക്കാരന്റെ അന്നത്തിലെ ഉപ്പിനുമേലും കൈവയ്ക്കുമ്പോള്‍ അതു ലംഘിക്കാതിരുന്നുകൂടാ. ഗാന്ധിജിക്കതിന്റെ മര്‍മ്മമറിയാമായിരുന്നു. ഈ നിയമത്തിനെതിരെ അങ്ങുമിങ്ങും ഉയര്‍ന്ന പ്രതിഷേധങ്ങളും ചില കലാപങ്ങളും ഗാന്ധിജി സസൂക്ഷ്മം കരുതിവച്ചിരുന്നു. ആ പ്രതിഷേധങ്ങളെ തന്റെ രാഷ്ട്രീയ തന്ത്രത്തിന്റെയും സ്വാതന്ത്ര്യസമര നീക്കത്തിന്റെയും ഭാഗമാക്കുമ്പോള്‍ സ്വാതന്ത്ര്യസമരം അവസാനത്തെ വ്യക്തിവരെ എത്തും. പ്രസംഗവും പ്രബന്ധവുമൊന്നും വേണ്ട.
ഇംപീരിയലിസത്തെക്കുറിച്ചുള്ള ഗഹന പഠനങ്ങള്‍ വേണ്ട. ഈ തിരിച്ചറിവായിരുന്നു ഗാന്ധിജിയുടെ സമരങ്ങളുടെ അടിത്തറ. ചര്‍ച്ചയിലും ഗാന്ധിജി കണ്ടെത്തിയത് ഇതുതന്നെ. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉപ്പുനികുതിക്കെതിരെ 1891 ല്‍ തന്നെ ഗാന്ധി ലേഖനമെഴുതിയിരുന്നു. പിന്നീട് 1909 ല്‍ ‘ഹിന്ദ് സ്വരാജി‘ലെഴുതിയ ലേഖനത്തിലും ഉപ്പ് നികുതിയെ അദ്ദേഹം എതിര്‍ത്തത്, സാധാരണ മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട നിത്യോപയോഗ ഉപഭോഗ വസ്തുവില്‍ കൈവച്ച വൈദേശികാധിപത്യത്തെ തിരസ്കരിക്കാനായിരുന്നു. പിന്നീട് 1929 ഡിസംബര്‍ 26 നു ചേര്‍ന്ന ലാഹോര്‍ കോണ്‍ഗ്രസില്‍ ഉപ്പു നികുതി പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. അതൊക്കെ മെല്ലെമെല്ലെ ഇല്ലാതാവുമെന്നറിഞ്ഞ ഗാന്ധി കണ്ടെത്തിയത് പ്രമേയമല്ല, പ്രത്യക്ഷ സമരമായിരുന്നു. നേരെ കടപ്പുറത്തെത്തുക, ഉപ്പു കുറുക്കി ഒരു സാമ്രാജ്യത്തെ ധിക്കരിക്കുക, രാജ്യത്തെ ഏറ്റവും താഴ്‌ത്തട്ടുകാരന്റെ കൂടി അവകാശം സ്ഥാപിച്ചെടുക്കാന്‍ കൊളോണിയല്‍ ശക്തിയെ ധിക്കരിക്കുക, അവരുടെ നിയമം ലംഘിക്കുക. യാത്രയിലെ സഹയാത്രകരോ? പ്രഗത്ഭരും പ്രശസ്തരുമായ രാഷ്ട്രീയ നേതാക്കളെയൊക്കെ ഒഴിവാക്കിയായിരുന്നു ദണ്ഡി മാര്‍ച്ച്. ഏതാണ്ടെല്ലാവരും യുവാക്കളായിരുന്നു. പ്യാരേലാല്‍ നയ്യാര്‍, ഗാന്ധിജിയുടെ മൂത്ത മകന്‍ ഹരിലാലിന്റെ മകന്‍ കാന്തിലാല്‍ ഹരിലാല്‍ ഗാന്ധി, പിന്നെ കൃഷ്ണന്‍ നായര്‍, നടുവിലപ്പാട്ട് രാഘവപൊതുവാള്‍, തേവര്‍തുണ്ടിയില്‍ ടൈറ്റസ്, ശങ്കരന്‍, തപന്‍ നായര്‍ തുടങ്ങി അഞ്ചു മലയാളികളും അടക്കം 69 പേരും ഗാന്ധിയുമായാല്‍ ദണ്ഡി കൂട്ടമായി. പ്രശസ്തരില്ല. നേതാക്കളില്ല. അതൊരു മഹാപ്രസ്ഥാനത്തിന്റെ രൂപത്തിലായിരുന്നു. പ്രാര്‍ത്ഥനയും ഭജനുമായി അവര്‍ നീങ്ങി. ഇരുപത്തിനാല് ദിവസങ്ങള്‍ വിവിധ ഗ്രാമങ്ങളിലൂടെ നടന്നു. അവിടെ തങ്ങി നാട്ടുകാരെ കണ്ടു സംസാരിച്ചു. അങ്ങനെ നാനൂറോളം നാഴികതാണ്ടി ദണ്ഡി കടപ്പുറത്തെത്തി. ഏപ്രില്‍ അഞ്ചാം തീയതി ഉപ്പു കുറുക്കി, ഒരുപിടി കയ്യിലെടുത്ത്, ഗാന്ധിജി നിയമലംഘനം നടത്തിയതായും ബ്രിട്ടീഷ് ചൂഷണത്തെ തുറന്ന് ധിക്കരിക്കുന്നതായും അറിയിച്ചു. പോകുന്ന ഗ്രാമങ്ങളും തങ്ങുന്ന സ്ഥലങ്ങളും ലഘുവായ ഭക്ഷണങ്ങളുമെല്ലാം നേരത്തെ തയ്യാറാക്കിയിരുന്നു. എല്ലാം അവസാനത്തെ വിശദാംശങ്ങളോടെ ആസൂത്രണം ചെയ്തിരുന്നു. കേരളത്തിലും പയ്യന്നൂര്‍ക്ക് നടന്ന പദയാത്രാ സംഘത്തില്‍ കെ കേളപ്പന്‍, മാധവന്‍ നായര്‍, മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ്, ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍ എന്നിവരുണ്ടായിരുന്നു. പിന്നെ അതങ്ങ് പടര്‍ന്നുപിടിച്ചു. എഴുപതു പേരുടെ ഒരു സാഹസം.
ഇന്ത്യയിലെ ഒടുങ്ങാത്ത സമരമായി. ഉപ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇളക്കിമറിച്ചു. ദണ്ഡിയാത്രാരംഭത്തിലെ എഴുപത് സംഘം ആയിരങ്ങളായി. ഒരാളുടെ ദീര്‍ഘദര്‍ശിത്വമായിരുന്നു അത്. ഒരു മഹാസമരത്തിന് ആശയമാണ് ആയുധം എന്ന അറിവാണ് ഗാന്ധിജി നല്‍കിയത്. അവിടെ പ്രഗത്ഭര്‍ വേണ്ട. സാധാരണക്കാരെ വലിയവര്‍ തേടിയെത്തി. ഗാന്ധിജിയെ പുച്ഛിച്ച സരോജിനി നായിഡു എന്ന കവി ഓടി മുന്നിലെത്തി സ്ഥാനം പിടിച്ചു. ദണ്ഡിയെക്കാള്‍ അടുത്ത് ബീച്ച് ഉണ്ടായിട്ടും ഗാന്ധിയെന്തേ ഇത്രദൂരത്തേക്ക് ഗ്രാമങ്ങള്‍ താണ്ടിയും തങ്ങിയും പോയത്. ഒറ്റനോട്ടത്തില്‍ സാധാരണക്കാരന് മണ്ടത്തരമെന്നു തോന്നാവുന്ന ഒരു കാര്യം അദ്ദേഹം ഒരു മഹാസമരത്തിന്റെ ‘ഹബ്ബ്’ ആക്കിമാറ്റി. അട്ടിമറിച്ചും ജാഥകളും മുദ്രാവാക്യങ്ങളും നിറച്ചും ഉണര്‍ത്തേണ്ട ഒരു മഹാസമരത്തിനിടെ എന്തേ കുറേ സാധാരണ അനുയായികളെയും കൂട്ടി ഗാന്ധിജി മനുഷ്യര്‍ ചെന്നെത്താത്ത സ്ഥലത്ത് ഉപ്പുവാരി വിളംബരം നടത്തിയത്. അതായിരുന്നു മഹാസമ്പര്‍ക്കതന്ത്രം. അതോടെ ഗ്രാമങ്ങള്‍ ഉണര്‍ന്നു. സമരസന്ദേശം സാധാരണക്കാരിലെത്തി. മനുഷ്യന്റെ ജീവിതത്തിന്റെ ലാവണ്യമായ ലവണം നികുതി വിധേയരാക്കിയവരോടുള്ള അമര്‍ഷം പുറത്തുവന്നു. അപ്പോഴും അദ്ദേഹം അതൊരു നീതിയുടെ പ്രശ്നവും അഹിംസയുടെ സംസ്ഥാപനവുമാക്കി. താഴ്‌ത്തല മനുഷ്യരുടെ പ്രശ്നം താഴ്‌ത്തല ജനങ്ങള്‍ ഏറ്റെടുത്തു. ദണ്ഡിയാത്ര ഒരു പാഠപുസ്തക ഏട് ആകുന്നതങ്ങനെയാണ്.
ജനങ്ങളിലെത്താന്‍ അവരുടെ പ്രശ്നങ്ങളുമായി അവരിലേക്കെത്തണം. അവരുടെ ഭാഷ പറയണം. ഇതിലൊരു ധാര്‍മ്മിക സന്ദേശംകൂടിയുണ്ട്. സ്വന്തം നാടിന്റെ ഓരത്തുള്ള കടലില്‍ നിന്ന് ഉപ്പു കുറുക്കാന്‍ അവകാശമില്ലെങ്കില്‍ എന്തു ജീവിതം എന്ന് ഇന്ത്യക്കാരനെക്കൊണ്ട് തോന്നിപ്പിച്ചു. ഉപ്പു കുറുക്കിയവന്റെ പുറത്ത് അടിയേറ്റപ്പോള്‍ ഏതു പാഠത്തിലും വലിയ തിരിച്ചറിവാണത് നല്‍കിയത്. സഹനത്തിലും വലിയ പാഠമേതാണ്. പിന്നെ പഠനക്ലാസുകളുടെ കാര്യമില്ലായിരുന്നു. ജാഥയും മുദ്രാവാക്യവും അപ്രസക്തമായിരുന്നു. നാം കൂട്ടുന്ന ഉപ്പ് എങ്ങനെ സായ്‌പിനു നികുതി വിധേയമാക്കാനാവും എന്ന ഗ്രാമ്യമായ രോഷം. ഗാന്ധിജി അതിലാണ് കൈവച്ചത്. ദണ്ഡിയാത്രയെക്കുറിച്ച് വൈസ്രോയിയോട് ഉപദേശകന്‍ പറഞ്ഞത്രെ ‘വൈകാതെ ഈ അര്‍ദ്ധനഗ്നന്‍ ബ്രിട്ടീഷ് സാമ്രാജ്യം വലിച്ച് താഴെയിടും’. അത്രദൂരം ഗാന്ധിജി കണ്ടു. ഇപ്പോള്‍ ദണ്ഡിയിലേക്ക് ഒരു യാത്ര പുറപ്പെട്ടു കഴിഞ്ഞു. ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയും അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കറും നയിക്കുന്ന യാത്ര. ആദ്യ ഏപ്രില്‍ അഞ്ച്, തൊണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധി ഉപ്പു കുറുക്കിയ ദണ്ഡിയിലെത്തി, ഉപ്പ് കുറുക്കും. അന്നത് ബ്രിട്ടനെതിരായിരുന്നു. ഇന്നത് ഇവിടത്തെ കോയ്മകള്‍ക്കെതിരായി തീരും. ദണ്ഡിയാത്രയ്ക്ക് ഓരോകാലത്ത് ഓരോ പ്രസക്തിയാണ്.
ENGLISH SUMMARY: 90 years of dandi march
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.