സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി

April 02, 2020, 8:46 pm

മര്‍ക്കസിലെ 9,000 പ്രവര്‍ത്തകരെ കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര വകുപ്പ്

Janayugom Online

കോവിഡിന്റെ പുതിയ പ്രഭവ കേന്ദ്രമായി മാറിയ നിസാമുദ്ദീന്‍ മര്‍ക്കസിലെ 9000 തബ്‌ലീഗ് ജമാഅത്തെ പ്രവര്‍ത്തകരെ കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പുനിയ സലില ശ്രീവാസ്തവ. ഇതില്‍ 1306 പേര്‍ വിദേശികളാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലായി മര്‍ക്കസിലെ പരിപാടിയില്‍ പങ്കെടുത്ത 9000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞ 2000 തബ്‌ലീഗ് ജമാഅത്തെ പ്രവര്‍ത്തകരില്‍ 1804 പേര്‍ ക്വാറന്റൈനിലാണ്.

334 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഏറെ ബുദ്ധിമുട്ടേണ്ടി വന്നെന്നും ശ്രീവാസ്തവ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത മഹാരാഷ്ട്ര, കര്‍ണ്ണാടക, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിലര്‍ രോഗത്തിനു കീഴടങ്ങി മരിച്ചു. ഡല്‍ഹിയില്‍ സ്ഥിരീകരിച്ച 219 കോവിഡ് കേസുകളില്‍ 108 കേസുകളും മര്‍ക്കസുമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

you may also like this video;

ബാക്കിയുള്ളവയില്‍ 51 പേര്‍ വിദേശത്തുനിന്നും രോഗബാധിതരായി എത്തിയവരും 29 കേസുകള്‍ വിദേശത്തുനിന്നും എത്തിയവരുടെ കുടുംബാംഗങ്ങളുമാണ്. നാലുപേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. ഇതില്‍ രണ്ടുപേര്‍ മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ചവരാണ്. രോഗബാധിതരായ എട്ടുപേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ്ജായി. ഒരു രോഗി വെന്റിലേറ്ററില്‍ ചികിത്സയിലുണ്ട്. അഞ്ചു പേര്‍ക്ക് ഒക്‌സിജന്‍ നല്‍കി വരുന്നുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ 2943 പേരാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ക്വാറന്റൈനിലുള്ളത്. 31,307 പേര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നു.

മര്‍ക്കസില്‍ നിന്നും ഒഴിപ്പിച്ചു കൊണ്ടുവന്ന 2943 പേരില്‍ 1810 പേര്‍ ക്വാറന്റൈനിലും 536 പേര്‍ വിവിധ ആശുപത്രികളിലുമാണ്. ഇവരുടെ സാമ്പിള്‍ പരിശോധനാ റിപ്പോര്‍ട്ട് വരാനിരിക്കുന്നതേയുള്ളൂ. റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ സംഖ്യ വര്‍ധിക്കാന്‍ ഇടയുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ റിക്ഷ, ടാക്‌സി, ഓട്ടോ, ഇ ‑റിക്ഷ, ഗ്രാമീണ്‍ സേവ ഡ്രൈവര്‍മാരുടെ അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ 5000 രൂപ നേരിട്ടു നല്‍കുമെന്നും കെജ്രിവാള്‍ അറിയിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കെല്ലാം തൊഴില്‍നഷ്ടമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.