Web Desk

തൊടുപുഴ

March 16, 2020, 10:19 pm

കൊറോണ ഇടുക്കിയിൽ 92 പേർ നിരീക്ഷണത്തിൽ 

Janayugom Online

മൂന്നാറിൽ തങ്ങിയ വിദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വൈറസ് രോഗത്തിനെതിരെ മുൻകരുതൽ ശക്തമാക്കുന്നതിനായി ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇപ്പോൾ 92 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരെയും ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല. കോവിഡ് 19 വ്യാപിക്കാനുള്ള സാധ്യത മുൻ നിർത്തിയും പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായും ജില്ലയുടെ അതിർത്തി മേഖലയായ മറയൂരിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മറയൂർ പഞ്ചായത്ത്, പൊലീസ്, റവന്യു, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കരിമുട്ടി ചെക്പോസ്റ്റിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയായതുകൊണ്ട് അതിർത്തി കടന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുകയും മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയുമാണ് കടത്തിവിടുന്നത്. മാസ്ക്ക് ധരിപ്പിച്ചും കൈകൾ വൃത്തിയാക്കിയതിനു ശേഷവുമാണ് പ്രവേശനാനുമതി നൽകുന്നത്. കരുതൽ നടപടികളുടെ ഭാഗമായി അടിമാലിയിൽ പ്രത്യേക യോഗം ചേർന്നു. വൈദ്യുത മന്ത്രി എം എം മണിയുടെ നേതൃത്വത്തിലും എസ് രാജേന്ദ്രൻ എം എൽ എയുടെ അധ്യക്ഷതയിലുമാണ് യോഗം ചേർന്നത്.

രോഗ ലക്ഷണങ്ങളുള്ളവർക്ക് ഐസൊലേഷനുള്ള സജ്ജീകരണം ചിത്തിരപുരത്തും അടിമാലിയിലും ക്രമീകരിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. ഒന്നിച്ചുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും സ്വകാര്യ ആശുപത്രികളുടെ സഹരണവും ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവരുടെ വിവരങ്ങൾ കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്നാറിലേക്കുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമാണ് അടിമാലി. നിലവിൽ മൂന്നാർ റ്റി കൗണ്ടിയിൽ ഐസൊലേഷനിൽ കഴിയുന്നവർ നിരീക്ഷണത്തിലാണെന്നും രോഗ ലക്ഷണമുള്ളവർക്ക് കൊറോണ ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും ഡെപൂട്ടി ഡിഎംഒ ഡോ. സുഷമ അറിയിച്ചു. യോഗത്തിൽ അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, വൈസ് പ്രസിഡന്റ് എം പി വർഗ്ഗീസ്, എഡിഎം ആറ്റണി സ്കറിയ, തഹസിൽദാർ ജിജി കുന്നപ്പിള്ളി, അടിമാലി സിഐ അനിൽ ജോർജ്, ഡോ. സുരേഷ് വർഗ്ഗീസ് മേഖലയിലെ വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഹോട്ടൽ, റിസോർട്ട് ഉടമകൾ തുടങ്ങിയവരും പങ്കെടുത്തു.

Eng­lish sum­ma­ry: 92 peo­ple observed in Coro­na Idukki