സ്പെക്ട്രം ലൈസൻസ്: ടെലികോം കമ്പനികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

Web Desk

ന്യൂഡൽഹി

Posted on January 16, 2020, 10:29 pm

സ്പെക്ട്രം ലൈസൻസ് കുടിശിക ഇനത്തിൽ മൊബൈൽ കമ്പനികൾ നൽകാനുള്ള 92,000 രൂപ കേന്ദ്ര സർക്കാരിന് നൽകാൻ സുപ്രീം കോടതി ഉത്തരവ്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ ലിമിറ്റഡ് എന്നിവരോടാണ് കുടിശിക ഇനത്തിൽ നൽകേണ്ട തുക സർക്കാരിന് നൽകാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്നും അതുകൊണ്ടുതന്നെ കുടിശിക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് ഇരു കമ്പനികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഈ മാസം 24ന് മുമ്പ് കുടിശിക നൽകണമെന്നാണ് കോടതി ഇന്നലെ ഉത്തരവിട്ടത്. സ്പെക്ട്രം ലൈസൻസ് ഇനത്തിലുള്ള കുടിശിക നൽകണമെന്ന് ടെലികോം മന്ത്രാലയം നിരവധി തവണ കമ്പനികൾക്ക് കത്തയച്ചിരുന്നു. എന്നാൽ ലൈസൻസ് ഫീസ് കണക്കാക്കിയ മാനദണ്ഡങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കമ്പനികൾ തുക അടയ്ക്കാൻ തയ്യാറായില്ല. തുടർന്നാണ് 92,000 കോടി രൂപ കുടിശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

Eng­lish sum­ma­ry: 92,000 to be paid by mobile com­pa­nies on spec­trum license dues