തട്ടിപ്പ്: 97 ആശുപത്രികളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്നും പുറത്താക്കി

Web Desk
Posted on September 17, 2019, 9:00 pm

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടുകളുള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്തിയ 97 ആശുപത്രികളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്നും പുറത്താക്കി. ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആശുപത്രികള്‍ക്കെതിരെ നടപടിയെടുത്തത്. ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള 1,200 കേസുകള്‍ 338 ആശുപത്രികളെ സംബന്ധിച്ച് പ്രത്യേക അന്വേഷണ ഏജന്‍സി കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏകദേശം 376 ആശുപത്രികള്‍ അന്വേഷണത്തിന് കീഴിലാണെന്നും ഇതില്‍ത്തന്നെ 338 ആശുപത്രികള്‍ക്കെതിരെ നോട്ടീസ്, സസ്‌പെന്‍ഷന്‍, പിഴയീടാക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആറ് ആശുപത്രികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 1.5 കോടി രൂപ കേസിലുള്‍പ്പെട്ട ആശുപത്രികളില്‍ നിന്ന് പിഴ ഇനത്തില്‍ ഈടാക്കിയിട്ടുമുണ്ട്. ആയിരത്തിലധികം സ്ഥിരീകരിച്ച കേസുകളും ആശുപത്രികള്‍ക്കെതിരെയുണ്ടെന്നാണ് ഔദ്യോഗികവിവരങ്ങള്‍ വ്യക്തമാക്കുന്നത്.