23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 15, 2024
August 15, 2024
August 14, 2024
August 14, 2024
August 13, 2024
August 15, 2023
August 15, 2023
August 15, 2023
August 15, 2023
August 15, 2023

എത്രയെത്ര സ്വാതന്ത്ര്യ ദിനങ്ങൾ

അജിത് കൊളാടി
August 15, 2021 12:04 pm

ന്ത്യയിൽ ജനാധിപത്യം എന്ന ആശയം, സൃഷ്ടിയുടെയും വിനാശത്തിന്റെയും അത്ഭുതാവഹമായ പ്രവർത്തനശക്തിയെ പുറത്തുവിട്ടിട്ടുണ്ട്. ഒരു ഭരണരീതി എന്ന നിലയിൽ, തീർച്ചയായും എല്ലാ സ്ഥാപനങ്ങളും അതിലൂടെ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. ചരിത്രത്തെ സമൂഹത്തിന്റെ ഇച്ഛാശക്തിക്ക് കീഴിൽ കൊണ്ടുവരാൻ ഉതകുന്ന, അതേസമയം സംഭ്രമിപ്പിക്കുന്ന ആശയമാണ് അത്. ഉദ്ദേശവും അനന്തരഫലവും തമ്മിലുള്ള അകലം അനിവാര്യമായതുകൊണ്ടുതന്നെ, ആ പ്രതിജ്ഞ ഭാഗികമായേ നിറവേറ്റപ്പെടുന്നുള്ളു. മാത്രമല്ല, ഗതിമാറ്റാനൊക്കാത്ത രീതിയിൽ അത് ഇന്ത്യയിലെ രാഷ്ട്രീയ മനസിന്റെ സർഗശക്തിയെ ദോഷകരമായി ബാധിച്ചു. ഇന്നു നാം സങ്കല്പിക്കാനൊക്കാത്ത രീതിയിൽ പഴയ ജാതി വ്യവസ്ഥയിലേക്ക്, പഴയകാല സാമ്രാജ്യ നിയമങ്ങളിലേക്ക് മടങ്ങിപ്പോകുന്നു. സ്വാതന്ത്ര്യ ദിനങ്ങൾ പിന്നിടുമ്പോൾ അധികാരത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് സ്ഥാനാന്തര ഗമനം സംഭവിച്ചു. സ്വാതന്ത്ര്യം കിട്ടി എഴുപത്തിനാല് വർഷം പിന്നിടുമ്പോൾ ആരാണ് ഇന്ത്യാക്കാരൻ എന്ന ചോദ്യം തീഷ്ണമായി ആവർത്തിക്കപ്പെടുന്നു. ഏഴര ദശകങ്ങൾക്കു മുമ്പ്, ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന മഹത്തായ ദേശീയ വിമോചന സമരത്തിന്റെ ഫലമായി നേടിയെടുത്തതാണ് സ്വാതന്ത്ര്യം. ലോകം കണ്ട ഏറ്റവും മഹത്തായ ദേശീയ വിമോചന പ്രസ്ഥാനമായിരുന്നു അത്. ദേശീയ പ്രസ്ഥാനം ആവാഹിച്ചെടുത്ത മഹത്തായ പൈതൃകങ്ങളും പാരമ്പര്യങ്ങളും ഭാരതീയ ജനാധിപത്യത്തിലേക്ക് അനുക്രമം സംക്രമിപ്പിക്കുക എന്ന സമഗ്ര ലക്ഷ്യമാണ് പ്രസ്ഥാനം ഉയർത്തിപ്പിടിച്ചിരുന്നത്. എന്നാൽ വല്ലാത്തൊരു ഭാഗ്യ വിപര്യയാണ് പിന്നീട് സംഭവിച്ചത്. ഏതെല്ലാം പാവനമായ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമാണോ സ്വതന്ത്ര ഇന്ത്യ പടുത്തുയർത്തുമ്പോൾ നമുക്കുണ്ടായിരുന്നത് അവയൊക്കെ കാലമേറെ കഴിയുന്നതിനു മുൻപ്, വഞ്ചിക്കപ്പെട്ടതായിട്ടാണ് നമുക്ക് അനുഭവപ്പെട്ടത്. കാലാകാലമായി നാം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഒന്നൊന്നായി തകരുന്ന കാഴ്ച നാം കണ്ടു. മഹത്തും ഉന്നതങ്ങളുമെന്ന സങ്കല്പത്തിൽ നാം പടുത്തുയർത്തിയ ഭരണഘടനാ സ്ഥാപനങ്ങൾ അധഃ പതനത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയിലേക്ക് നമുക്ക് ദൃക്സാക്ഷികൾ ആകേണ്ടി വന്നു. രാഷ്ടീയ രംഗത്തെ മാത്രമല്ല, സർവ്വ മേഖലകളെയും അഴിമതി വിഴുങ്ങിക്കളഞ്ഞു. അഴിമതിക്കാരെ സമർത്ഥരായി ചിത്രീകരിക്കുന്ന കാലം തുടങ്ങിയിട്ട് കുറെയായി. ഏറ്റവും വലിയ അഴിമതിക്കാരൻ, ഏറ്റവും മിടുക്കനാണ് എന്ന ചിന്തയിലേക്ക് നീങ്ങി രാജ്യം.

ദാർശനിക പിൻബലവും ആദർശനിഷ്ഠയുമുള്ള നേതൃത്വം തീരെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരം എന്നുള്ളത് മനസിന്റെ രൂപപ്പെടുത്തലായിരുന്നു. സ്വാതന്ത്ര്യ സമരം മനസിന്റെ സ്വാതന്ത്ര്യം ആയിരുന്നു. സ്വതന്ത്രമായ മനസ്, ഈ രാജ്യത്ത് നിറഞ്ഞപ്പോൾ, ഇവിടെ പാരതന്ത്ര്യത്തിന്റെ അധീശ ശക്തികൾക്ക് സ്ഥാനമില്ലാതെ വന്നു. സ്വതന്ത്രമായ മനസിന്റെ പ്രഭാതമാണ് സ്വതന്ത്ര്യം. ഇന്നാണെങ്കിലോ, ബഹു ഭൂരിഭാഗം ജനങ്ങളും മാനസിക അടിമത്തത്തിന് വിധേയമായി. പലരുടെയും വിധേയന്മാരായി. ഇന്ത്യക്ക് സർഗാത്മകമായ രംഗത്തുണ്ടായ ഏറ്റവും വലിയ വിജയം സ്വാതന്ത്ര്യത്തിന്റെ സമ്പാദനമാണ്. ഈ നൂറ്റാണ്ടിലെ സർഗാത്മകതയിലെ പരാജയം, ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തി എന്നതാണ്. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി അതാണ്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടിയ നാം, 1948 ജനുവരി 30ന് ഗാന്ധിജിയിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇന്നും ഗാന്ധിവധം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു നമ്മൾ സ്വാതന്ത്ര്യത്തിനു ശേഷം വിജയഗാഥകൾ പറയുന്നു. പക്ഷെ മാർഗമധ്യേ ഈ രാഷ്ട്രം തെറ്റിന്റെ പാതയിലേക്ക് നീങ്ങി. അതുമൂലം ഉണ്ടായ ദുരിതത്തിന്റെ നരകസിന്ധുവിൽ നിന്ന് കരകയറാൻ വലിയ ഊർജ്ജം ആവശ്യമാണ്. സാമൂഹിക അസമത്വവും, സാമ്പത്തിക അസമത്വവും, രാഷ്ട്രീയ അസമത്വവും ക്രമാതീതമായി വർധിച്ചു. ഇപ്പോൾ രാജ്യം കുത്തക മൂലധനശക്തികളുടെ പിടിയിലായി. ഒരു വലിയ വിഭാഗം മനുഷ്യർ തൊഴിലില്ലായ്മയുടെയും, ദാരിദ്ര്യത്തിന്റെയും പടുകുഴിയിൽ ജീവിക്കുന്ന രാജ്യം. കോവിഡ് മഹാമാരി ജീവിതം ദുരിതപൂർണമാക്കി. ഭരണകൂടം നിസംഗരാണ്. ഗംഗാനദിയിൽപോലും മനുഷ്യ മൃതദേഹങ്ങൾ ഒഴുകിയെത്തി. സ്വാതന്ത്ര്യത്തിന്റെ ഏഴര ദശകം പിന്നിടുമ്പോൾ, നാം എവിടെയോ വച്ച് അതിനെ വൃത്തികേടാക്കി. ഇന്ന് ഗംഗയും മറ്റും മലിനമായതുകൊണ്ട്, നമ്മുടെ കണ്ണീരിന്റെ പവിത്രതയിൽ നാം നമ്മുടെ മനസിനെ കഴുകി ശുദ്ധമാക്കേണ്ടിയിരിക്കുന്നു. പണ്ടേ നെഹ്റു പഠിപ്പിച്ച ഒരു കാര്യമുണ്ട്. ഇന്ത്യ മരിച്ചാൽ നമ്മൾ ജീവിക്കുകയില്ല. നമ്മൾ ജീവിക്കണമെങ്കിൽ ഇന്ത്യ ജീവിക്കണം എന്ന്. ഇന്ത്യയെ സാഹോദര്യത്തിന്റെ, സഹിഷ്ണുതയുടെ ഇന്ത്യയാക്കാൻ കെൽപുള്ള മനസുകൾ ഇവിടെയുണ്ട്. അവരാണ് പോരാട്ടം നടത്തേണ്ടവർ. ഇന്ത്യയിലെ അവസാനത്തവൻ മർദ്ദനവിമുക്തനാക്കുമ്പോഴാണ്, മഹാത്മാവിന്റെ സ്വാതന്ത്ര്യ പ്രഭാതത്തിന്റെ ഉദയം സാക്ഷാത്കരിക്കുക. ഗാന്ധിജിയുടെ മുന്നിൽ എപ്പോഴും ഉണ്ടായിരുന്ന ചിത്രം പട്ടിണികിടന്നു വലയുന്ന ദുരന്തകഥാപാത്രമായ ഇന്ത്യാക്കാരന്റേതാണ്. വിശക്കുന്നവന്റെ, പാവപ്പെട്ട കർഷകന്റെ ചിത്രം. ഇവർക്കും കൂടി വേണ്ടിയാണ് ഗാന്ധിജി സ്വാതന്ത്ര്യം അന്വേഷിച്ചത്. എന്നിട്ട്, ഇന്നും ഇവിടെ മർദ്ദനത്തിന് സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ മർദ്ദനം സംഭവിക്കുന്നു. എത്രയോ ദശകങ്ങളായി സ്വാതന്ത്ര്യത്തിൽ നിന്നു നാം അകന്നു പോയില്ലെ.

നീതിയും ന്യായവും സമാധാനവും സഹിഷ്ണുതയും, സ്വാതന്ത്ര്യവും പ്രായോഗികതലത്തിൽ ചുരുക്കം ഭാഗ്യശാലികളുടെതായി. നീതിയിൽ നിന്ന് അനീതിയിലേക്ക് നാട് കുതിക്കുമ്പോൾ, സ്വാതന്ത്ര്യത്തിന്റെ ശോഭ എത്രയോ മങ്ങി. പലർക്കും പല രൂപത്തിൽ നീതി നൽകപ്പെടുമ്പോൾ, അവിടെ നിഷേധിക്കപ്പെടുന്നത് സമത്വമല്ലെ. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ, മനുഷ്യസ്നേഹമുള്ളവരുടെ കണ്ണുകളിൽ നിന്നും ഇറ്റിറ്റു വീണ കണ്ണീർ തുള്ളികൾ കാണാൻ സാധിക്കും. അത് ഭരണഘടന നമ്മൾ സ്വയം സമർപ്പിക്കുകയാണ്. ലോകത്തിലെവിടെയും കാണാത്ത കർമ്മം. നമ്മുടെ അഭിലാഷങ്ങൾക്ക്, നാം വാക്കിന്റെ രൂപംകൊടുത്ത്, നിർമ്മിച്ച്, നമ്മൾ അത് മറ്റാർക്കും പണയം വയ്ക്കാതെ നമുക്ക് തന്നെ തരികയാണ്. സ്വാതന്ത്ര്യത്തിന്റെ ജീവിതമാണ് അത്. നമ്മൾ സ്വാതന്ത്ര്യം നേടിയത്, നമ്മൾക്കു തന്നെ സ്വയം സമർപ്പിക്കാനാണ്. ഇന്ന് ആ ഭരണഘടനയെപോലും ഭരണാധികാരികൾ അവഗണിക്കുന്നു. ഗാന്ധിജി അനേകമുള്ളതിനെ ഒന്നാക്കി മാറ്റി. സ്വാതന്ത്ര്യത്തിനുശേഷം വന്ന അധികാരികളും സമൂഹവും ഒന്നിനെ പലതാക്കി മാറ്റി. നമ്മുടെ പ്രവർത്തനങ്ങൾ തലതിരിഞ്ഞു പോയിരിക്കുന്നു. ഗാന്ധിജി എപ്പോഴും ബഹുവചനം പറഞ്ഞു. ഇന്നിപ്പോൾ ഏകവചനമേ പാടുള്ളു. ഏകവചനം തന്നെ ഏകാധിപത്യം ആണ്. ഗാന്ധിജിയുടെ സ്വാഭവത്തിന്റെ സവിശേഷത, അദ്ദേഹത്തിന്റെ അതിശയകരമായ ആത്മധൈര്യവും, അഗാധമായ സ്വയം നിയന്ത്രണവുമാണ്. അദ്ദേഹത്തിന്റെ ജീവിതം കഠിന വൃതമായിരുന്നു, എന്നാൽ കഠിനാധ്വാനത്തിന്റെ ഉത്തമ ദൃഷ്ടാന്തവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ദർശനത്തെ ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ, അദ്ദേഹം സ്വാതന്ത്ര്യംകൊണ്ട് ലക്ഷ്യമിട്ടതും ഉദ്ദേശിച്ചതും, “ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ” ഓരോ വ്യക്തിയുടെയും പരിപൂർണ്ണ സ്വാതന്ത്ര്യത്തിൽ അദ്ദേഹം വിശ്വസിച്ചു. കുറച്ചുപേർ, അധികാരം കയ്യടക്കുമ്പോൾ, കയ്യടക്കിയ അധികാരം ദുരുപയോഗപ്പെടുത്തുമ്പോൾ, അതിനെ പരമാവധി കഴിവ് ഉപയോഗിച്ചുകൊണ്ട് ബഹുഭൂരിഭാഗവും പ്രതിരോധിക്കുമ്പോളാണ് പൂർണ സ്വരാജ് കൈവരുക എന്നദ്ദേഹം വിശ്വസിച്ചു. യങ് ഇന്ത്യയിൽ നിരവധി തവണ അദ്ദേഹം സ്വാതന്ത്ര്യത്തെക്കുറിച്ചെഴുതി. നമ്മുടെ ശ്വാസമാണ് സ്വാതന്ത്ര്യം എന്നദ്ദേഹം പറഞ്ഞു. ഇന്ന്, വ്യക്തിസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എല്ലാം നിഹനിക്കപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ സന്ദേശം, നിങ്ങൾ പ്രവർത്തിക്കുന്നത് ഇവിടെ പിന്നീടുവരുന്ന മനുഷ്യർക്ക് മാതൃകയായിത്തീരണം എന്നതായിരുന്നു. പക്ഷെ, ഇന്ന് നാം സ്വാതന്ത്ര്യം അനുഭവിക്കുന്നത് എന്റേത്, ഞങ്ങളുടെത്, എന്നായി ചുരുങ്ങിപ്പോകുന്നു. അതുമൂലം, നമ്മുടെ മനസ്, ചെറുതും ദുരങ്കലവും ആയ മനസായി തീർന്നു. ഇന്ന് കണ്ണുനീർ ഉണ്ടാക്കുന്നവരാണ് അധികവും. ഗാന്ധിജി അഭിലഷിച്ചത് കണ്ണുനീരിന്റെ മഹാനദികളെ വററിക്കാനാണ്. അതാണ് നമ്മുടെ വലിയ വിപര്യയം. ഏഴര ദശകം കഴിഞ്ഞിട്ടും വർഗീയതയിൽ നിന്നും മോചനം നേടിയിട്ടില്ല. ആരാധനാലയങ്ങളുടെ പേരിൽ എത്ര കലാപങ്ങൾ നാം കണ്ടു. സ്വകാര്യവൽക്കരണം കൂടാതെ മൂലധനനിക്ഷേപം സാധ്യമല്ല എന്ന് ഭരണകൂടം ഉറച്ച് വിശ്വസിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണ മേഖല, കുടിവെള്ളം, ഗതാഗതം തുടങ്ങിയ പൊതുമേഖലകളിൽ നിന്നു സർക്കാർ പിന്മാറുന്നു. ബ്യൂറോക്രസി തടിച്ചു കൊഴുത്തു. മൂലധന നിക്ഷേപവും സ്വകാര്യവൽക്കരണവും വരുത്തിവക്കുന്ന വിനകൾക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള മൂലധനശക്തികളുടെ മർദ്ദനോപകരണമായി ഭരണകൂടം പ്രവർത്തിക്കുന്നു. സ്വകാര്യ ഭാരതങ്ങൾ വിജയിച്ചരുളുന്നു ഇന്നത്തെ ഇന്ത്യയിൽ.

കുറച്ചാളുകൾ രാഷ്ട്രത്തെ സ്വന്തമാക്കുമ്പോൾ, മറ്റെല്ലാവരും രാജ്യഭ്രഷ്ട രാകുന്നു. രാഷ്ട്രം എല്ലാവരുടേതുമാകുമ്പോൾ എല്ലാവരും രാജ്യപ്രിയരാകുന്നു. അതാണ് രാഷ്ട്രപിതാവ് ലക്ഷ്യമിട്ടത്. അംബേദ്കർ പറഞ്ഞതും അതുതന്നെ. രാഷ്ട്രീയ ജനാധിപത്യം അർത്ഥവത്താകണമെങ്കിൽ സാമൂഹിക ജനാധിപത്യവും, സാമ്പത്തിക ജനാധിപത്യവും കൂടിയേ തീരു എന്ന് അസന്ദിഗ്ധമായി പറഞ്ഞു അദ്ദേഹം. നമ്മളെ ചിറകറ്റുപോയ ഒരു ജനതയായി തീർക്കാൻ പല ഭരണകൂടങ്ങളും ശ്രമിച്ചുകൊണ്ടെയിരുന്നു. അതിനെ പ്രതിരോധിച്ചത്, സ്വാതന്ത്ര്യസമരത്തിന്റെ ജീവിതാദർശങ്ങളെ കൂട്ടിച്ചേർക്കാനായി, ഇവിടത്തെ യുവജനങ്ങളുടെ രക്തധമനികളിൽ, ഈ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങളുടെ ശോണിത ചൈതന്യം പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെ ആദർശങ്ങൾ, നമ്മുടെ ഭരണഘടന നമ്മുടെ വെളിച്ചമാണ്. നമുക്ക് ഈ വെളിച്ചം കെടാതെ നിലനിർത്തണം. ഒളിമ്പിക്സ് ദീപം കെടാറില്ലല്ലൊ. ഒളിമ്പിക്ക് ദീപത്തിന്റെ അപ്പുറത്ത് ഒരു രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള, പ്രതീക്ഷയുടെ ഒരു ദീപമുണ്ട്. അത് ജ്വലിച്ചുകൊണ്ടേയിരിക്കണം. ഒരു രാജ്യത്തിന്റെ മഹത്തായ ശക്തി യുവതലമുറയുടെ ആദർശ ദീപ്തിയാണ്. ചരിത്രം യൗവനത്തിന്റെ ജ്വാലയാണ്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുന്ന സാഹസികതയാണ് യൗവനം. ധീരത ഉണ്ടാവുക എന്നതാണ് പ്രധാനം. ഇരുട്ടിൽ സന്തോഷിക്കുകയും, സ്വകാര്യ മേഖലയിലെ പാപാന്ധകാരം സമ്പൂർണമായി ഇവിടെ വന്നുചേരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ശക്തികളാണ് സ്വാതന്ത്ര്യത്തിന്റെ മൂല്യം ചോർത്തിയത്, ശോഭ കെടുത്തിയത്. നമ്മുടെ യുവത്വം ഓർക്കുക, പുതിയ ലോകം നിങ്ങളുടെ വിരൽതുമ്പിൽ നൃത്തം ചെയ്യുന്നു. സ്വാതന്ത്ര്യം മൗലികാവകാശമാണ്. ആത്മധൈര്യത്തോടെ മുന്നോട്ടുപോയി, മാനവികതയുടെ പരിമളം പടർത്തി, രാജ്യത്ത് സാഹോദര്യവും സ്നേഹവും പടർത്തി, മനുഷ്യനെ കണ്ട്, ഉൾക്കൊണ്ട്, മുന്നോട്ടു പോവുക. ഭയമില്ലാത്ത സമൂഹത്തിൽ ജീവിക്കാൻ പഠിപ്പിച്ച പൂർവികരുടെ ദർശനം ഉൾക്കൊള്ളുക. ഈ മഹാരാജ്യത്തിന്റെ ശോഭ വീണ്ടെടുക്കുക.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.