മലയാളത്തിന്റെ ഗൾഫ് പ്രവാസം 60 വർഷത്തിലേക്ക് കടക്കുന്ന ഈ കാലത്താണ് ഇന്നത്തെ തലമുറ അവരുടെ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ മഹാമാരി ലോകത്തെ ഗ്രസിക്കുന്നത്. ലോകത്തിലെ മറ്റു ജനവിഭാഗങ്ങളെ പോലെ പ്രവാസ സമൂഹത്തിന്റെ ജീവിതത്തെയും കോവിഡ് അടിമുടി ബാധിക്കുകയും മാറ്റിമറിക്കുകയും ചെയ്തു എന്നത് വസ്തുതാപരമാണ്. കോവിഡ് കാലത്തെ പ്രവാസ അനുഭവങ്ങളും, പ്രതിസന്ധികളും വർത്തമാന കാലത്തെ നേർസാക്ഷ്യങ്ങൾ ആയി നില കൊള്ളുന്നു.
കേരളത്തിന്റെ ബജറ്റ് രേഖ പ്രകാരം ഏകദേശം 14 ലക്ഷം കേരളീയരാണ് കോവിഡ് മൂലം വിദേശത്തു നിന്ന് തിരിച്ചു വന്നത് എന്ന് കാണുന്നു. ഇതിൽ ഏറ്റവും ചുരുങ്ങിയത് എട്ട് ലക്ഷം പേരെങ്കിലും ജോലി നഷ്ടപ്പെട്ടവർ ആണ്. എട്ട് ലക്ഷം പേരുടെ ജോലി നഷ്ടപ്പെട്ടു എന്നതിന് അർത്ഥം എട്ട് ലക്ഷം കുടുംബങ്ങൾ താൽക്കാലികം ആയെങ്കിലും പ്രശ്നത്തിൽ ആയെന്നർത്ഥം. 25 ലക്ഷം പേരെങ്കിലും ഇത് മൂലം ദുരിതം അനുഭവിക്കുന്നു എന്ന് മനസിലാക്കണം. ജിഡിപിയുടെ 30 ശതമാനം പ്രവാസ വരുമാനത്തെ ആശ്രയിക്കുന്ന നാടാണ് കേരളം, മാത്രമല്ല നിർമ്മാണ മേഖല മുതൽ സാംസ്കാരിക മേഖല വരെയുള്ള വിവിധ മേഖലകളിൽ പ്രവാസി യുടെ പണത്തിന്റെ കയ്യൊപ്പ് ഉണ്ട്. അത് കൊണ്ട് തന്നെ പ്രവാസത്തിന്റെ ഈ മടങ്ങി വരവിനെ എങ്ങനെ നമ്മൾ അതിജീവിക്കും എന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്.
ഇന്ത്യയിൽ തന്നെ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ ആണ്. 2020 ജനുവരിയിൽ ചൈനയിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥിനി കോവിഡ് പോസിറ്റിവ് ആയി. അതിന് ശേഷം ആണ് ഗൾഫ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്. എന്നാൽ പ്രവാസികളാണ് നാട്ടിൽ കോവിഡ് പരത്തുന്നത് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പ്രവാസികൾ നാട്ടിൽ വരുന്നു എന്നറിഞ്ഞാൽ അയൽവാസികൾ വീട് മാറുന്ന അവസ്ഥ വരെ ഉണ്ടായി. സ്വന്തം വീട്ടുകാർ പോലും പ്രവാസികളെ തള്ളിപറയുന്ന ദുരന്തപൂർണമായ സ്ഥിതിയും കോവിഡ് കാലത്ത് നമ്മൾ കണ്ടു. ശരിക്കും അതൊരു ദുരിതപൂർണമായ കാലമായിരുന്നു പ്രവാസിക്ക്. ഒരു വശത്ത് ജോലി നഷ്ടപ്പെടൽ അടക്കം ഉള്ള മാനസിക പിരിമുറുക്കം. മറുവശത്ത് സ്വന്തം നാട്ടിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഉള്ള അവഗണന, ഇതിനെയെല്ലാം അതിജീവിക്കാൻ പ്രവാസിക്ക് കരുത്ത് ആയത് സ്വന്തം ജീവിത അനുഭവങ്ങൾ തന്നെ ആയിരുന്നിരിക്കണം.
കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ എല്ലാം സജീവമായിരുന്നു. കേരളത്തിൽ എങ്ങനെ ആണോ രാഷ്ട്രീയ യുവജന സംഘടനകൾ കോവിഡ് രോഗികൾക്ക് വേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയും രംഗത്ത് ഇറങ്ങിയത് അതെ രീതിയിൽ തന്നെയാണ് ഭൂരിഭാഗം പ്രവാസ സംഘടനകളും പ്രവർത്തിച്ചത്. കോവിഡ് രോഗികൾക്ക് വേണ്ട താമസ സൗകര്യം വരെ ഒരുക്കി കൊടുത്ത സംഘടനകൾ ഉണ്ട്. തൊഴിൽ നഷ്ടപ്പെട്ടവർക്കും വരുമാനം നിലച്ചവർക്കും സംഘടനകൾ ഉള്ളതുകൊണ്ട് പട്ടിണി കിടക്കേണ്ടിവന്നില്ല. ഗൾഫ് നാടുകളിൽ ഇപ്പോൾ കോവിഡ് ഏറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. മരണ നിരക്ക് കുറഞ്ഞു. തൊഴിൽ ഇടങ്ങൾ സജീവമായി. സ്കൂളുകളും കോളജുകളും തുറന്നു. എങ്കിലും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇനിയും ഏറെ സമയം എടുക്കും. പെട്രോൾ വിലയിൽ ഉണ്ടായ മാറ്റം തൊഴിൽ മേഖലയിൽ സ്വദേശി വൽക്കരണത്തിന്റെ തോത് വർധിപ്പിക്കുവാൻ ഗൾഫ് രാജ്യങ്ങളെ പ്രേരിപ്പിച്ചു എങ്കിൽ കോവിഡ് അതിന്റെ ആക്കം കൂട്ടും എന്നതിൽ സംശയം ഇല്ല.
തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസം ഒരുക്കുന്ന കാര്യത്തിലും, പദ്ധതികൾ ആവിഷ്കരിക്കുന്ന കാര്യത്തിലും വേണ്ടത്ര മുന്നോട്ട് പോകാൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നയാഥാർത്ഥ്യം നിലനിൽക്കുന്നു. ഇപ്പോൾ കേരള സർക്കാർ കുറെ കൂടി ഭാവനാത്മകമായ ശ്രമങ്ങൾ ഈ മേഖലയിൽ നടത്തുന്നു എന്നത് ആശാവാഹം ആണ്. അപ്പോൾ പോലും പദ്ധതി കൾക്ക് വേണ്ടി നീക്കി വെക്കപ്പെടുന്ന തുക ഏറെ കുറവ് ആണെന്ന് പറയേണ്ടി വരും. പ്രവാസികളും തങ്ങളുടെ സമ്പാദ്യത്തെ ഉല്പാദകപരമായി നിക്ഷേപിക്കുന്ന അവസ്ഥയിലേക്ക് മാറുക എന്നത് അത്യാവശ്യം ആണ്. പ്രവാസികളുടെ പണത്തെ ആശ്രയിച്ചാണ് കേരളത്തിലെ വിപണി നിലനിൽക്കുന്നത്. അതോടൊപ്പം തന്നെ കേരളത്തിലെ മനുഷ്യ വിഭവം കയറ്റി അയക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളികളും അവർ ഇവിടെ നിന്ന് നേടുന്ന മൊത്തം വരുമാനവും എല്ലാം ഈ അവസരത്തിൽ പഠന വിധേയമാക്കേണ്ടതുണ്ട്.
കോവിഡ് വന്നു മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് സർക്കാർ നൽകുന്ന സഹായധനത്തിന് പ്രവാസികൾ അർഹർ അല്ല എന്ന് അറിയുന്നു. ഏകദേശം 8000 പ്രവാസികൾ ഗൾഫ് നാടുകളിൽ കോവിഡ് മൂലം മരണപ്പെട്ടു എന്നാണ് ഔദ്യോദിക വിവരം. പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിക്കുന്നില്ല എന്നതിന്റെ അവസാനത്തെ തെളിവ് ആയി ഇതിനെ കണക്കാക്കാം പ്രവാസത്തെ ആശ്രയിച്ചു മാത്രം മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് നമ്മുടെ നാട് എത്തിയിട്ടുള്ളത്. അത് ആരെല്ലാം തിരിച്ചറിയുന്നുണ്ട് എന്നതാണ് യഥാർത്ഥ പ്രശ്നം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.