23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 22, 2024
October 12, 2024
September 10, 2024
September 4, 2024
August 30, 2024
August 29, 2024
August 29, 2024
August 23, 2024
August 16, 2024

കിഫ്ബിക്കെതിരേയുള്ള നുണപ്രചരണങ്ങള്‍; മുതലെടുപ്പിനുള്ള ശ്രമം

Janayugom Webdesk
November 16, 2021 11:18 am

ബജറ്റിനു പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ സംവിധാനമല്ല കിഫ്‌ബിയെന്നും സിഎജിയുടെ 2020ലെ ഓഡിറ്റ് റിപ്പോർട്ടിൽ വായ്പകളെക്കുറിച്ചുള്ള പരാമർശങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും കിഫ്ബി അധികൃതര്‍ വ്യക്തമാക്കിയിട്ടും നുണപ്രചരണം നടത്തുകയാണ്.അന്യുറ്റി മാതൃകയിൽ പ്രവർത്തിക്കുന്ന തനത് സാമ്പത്തിക സംവിധാനമാണ്‌ കിഫ്‌ബി. ബജറ്റ് പ്രസംഗങ്ങളിലുള്ള 70,000 കോടിയോളം രൂപയുടെ പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാർ കിഫ്ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്‌ കാലക്രമേണ വളരുന്ന അന്വിറ്റി (ഗ്രോവിങ്‌ അന്വിറ്റി) പെയ്‌മെന്റായി കിഫ്‌ബിക്ക് മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ്‌ തുകയും നൽകുമെന്നും ഉറപ്പ് നൽകുന്നു.ശക്തമായ വരുമാന സ്രോതസ്സാണ്‌ കിഫ്‌ബിയുടേത്‌. 25 ശതമാനം പദ്ധതികളും വരുമാനദായകമാണ്. 

വൈദ്യുതി ബോർഡ്‌, കെ ഫോൺ, വ്യവസായ ഭൂമി തുടങ്ങിയവയ്‌ക്ക് നൽകുന്ന വായ്പ മുതലും പലിശയും ചേർന്ന് കിഫ്ബിയിൽ തിരിച്ചെത്തുന്നുണ്ട്. ഇവ ചേർത്താൽ കിഫ്ബി ഒരിക്കലും കടക്കെണിയിലാകില്ല. 2019–-20 വരെ കിഫ്ബി 5036.61 കോടി രൂപ കടമെടുക്കുകയും 353.21 കോടി രൂപ പലിശയിനത്തിൽ അടച്ചുതീർത്തിട്ടുമുണ്ട്. ഈ കാലയളവിൽ സംസ്ഥാന സർക്കാർ 5572.85 കോടി രൂപ കിഫ്ബിക്ക് നൽകിട്ടുമുണ്ട്‌. പദ്ധതി ഏറ്റെടുക്കുമ്പോൾ ബാധ്യതകൾ കൃത്യമായി കണക്കാക്കാൻ ‘അസെറ്റ് ലയബിലിറ്റി മാനേജ്‌മെന്റ് സോഫ്റ്റ് വെയർ’ വികസിപ്പിച്ചിട്ടുണ്ട്‌. വരുംവർഷങ്ങളിൽ ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക്‌ കൂട്ടാം. അസറ്റ് ലയബിലിറ്റി മാച്ചിങ് (എഎൽഎം) മോഡൽ നടത്താൻ കഴിയുന്ന സോഫ്റ്റ് വെയർ അടിസ്ഥാനത്തിലാണ് കിഫ്ബിയുടെ പ്രവർത്തനം. അതിനാൽ, സംസ്ഥാനത്തിന് ബാധ്യതയാകില്ല.സിഎജി റിപ്പോർട്ടിലുള്ള കാലയളവിൽ കേന്ദ്ര സർക്കാരും അന്യുറ്റി മാതൃകയിലുള്ള സാമ്പത്തിക ക്രയവിക്രയം നടത്തിയിട്ടുണ്ട്. 

76,435.45 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി അനുവർത്തിക്കുന്ന രീതിയിൽ അന്യുറ്റി മാതൃകയിൽ ഫണ്ട് ചെയ്യുന്നതിനാണ്‌ കേന്ദ്ര സർക്കാർ ഉറപ്പ്‌ നൽകിയത്‌. ആ സമയത്തുതന്നെ 41,292.67 കോടിയിലേറെ രൂപയുടെ അന്യുറ്റി ബാധ്യത കേന്ദ്രസർക്കാരിന് നിലനിൽക്കുന്നുണ്ട്. കാര്യങ്ങള്‍ ഇത്തരത്തില്‍ നിലനില്‍ക്കെയാണ് കിഫ്‌ബിക്കെതിരായ നുണപ്രചാരണത്തിന്‌ ഓഡിറ്റ്‌ സംശയങ്ങൾ അതേപടി ചോർത്തിനൽകി. ഇവയ്‌ക്ക്‌ കിഫ്‌ബി നൽകിയ മറുപടി മറച്ചുവച്ചാണ്‌ നുണപ്രചാരണം‌ നടത്തുന്നത്‌. മസാല ബോണ്ടിലെ തുകയുടെ നിശ്ചിത കാലാവധി നിക്ഷേപം നേരത്തെ പിൻവലിച്ചതിനാൽ 4.57 കോടി രൂപ നഷ്ടപ്പെടുത്തിയെന്നാണ്‌ എജി കുറ്റപ്പെടുത്തിയത്‌. ബോർഡ്‌ തീരുമാനപ്രകാരമാണ്‌‌ തുക വിജയബാങ്കിൽ നിക്ഷേപമാക്കിയത്‌. രണ്ടുവർഷത്തിനകം ഈ തുക ചെലവഴിക്കണമെന്ന്‌ ലോക്കൽ ഓഡിറ്റ്‌ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. എജിക്ക്‌ നൽകിയ മറുപടിയിൽ ഇത്‌ വ്യക്തമാക്കിയതാണ്‌. വിജയബാങ്ക്‌ ലയിച്ച ബാങ്ക്‌ ഓഫ്‌ ബറോഡ 2.75 ശതമാനം നിരക്കിൽ 123 ദിവസത്തേക്ക്‌ 1.85 കോടി രൂപ പലിശ അനുവദിച്ച്‌ പ്രത്യേക പരിഗണനയും നൽകി.കെഎസ്‌എഫ്‌ഇ‌ പ്രവാസി ചിട്ടിക്ക്‌ അടിസ്ഥാനസൗകര്യം ഒരുക്കിയ തുക മടക്കിവാങ്ങിയില്ലെന്നത്‌ മറ്റൊരു ആക്ഷേപം. 

ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ, പ്രവാസി ചിട്ടിക്ക്‌ തയ്യാറാക്കിയ സോഫ്‌റ്റ്‌വെയർ വികസനം പൂർത്തികരിച്ചാലേ ഇടപാട്‌ തീർക്കാനാകൂ. കിഫ്‌ബി ബോണ്ടിൽ കെഎസ്‌എഫ്‌ഇ നിക്ഷേപത്തിന്‌‌ ട്രഷറി നിക്ഷേപപലിശ നൽകുന്നു. ഇതിനെ അമിത പലിശയായും എജി ചിത്രീകരിക്കുന്നു.മന്ത്രിസഭ പരിശോധിച്ച്‌ സുതാര്യത ഉറപ്പാക്കിയ ചീഫ്‌ പ്രോജക്ട്‌ എക്‌സാമിനർ നിയമനത്തിലും എജി വിവാദത്തിന്‌ അവസരമൊരുക്കി. കിഫ്‌ബിയിൽ കരാർ അടിസ്ഥാനത്തിൽ സേവനത്തിനെത്തിയ ഉദ്യോഗസ്ഥനെയാണ്‌ ആക്ഷേപിക്കാൻ ശ്രമിച്ചത്‌. സർക്കാർ കമ്പനികൾ, ഭരണഘടനാ സ്ഥാപനങ്ങൾ, ബോഡി കോർപറേറ്റുകൾ എന്നിവയിലെ താൽക്കാലിക, ദിവസ, കരാർ ജോലിക്കാർക്ക്‌ ‌ ബാധകമായ സേവന വേതന വ്യവസ്ഥകളാണ്‌ കിഫ്‌ബിയും നടപ്പാക്കിയത്‌. സാങ്കേതിക വൈദഗ്‌ധ്യവും പരിചയസമ്പത്തുമൊക്കെ പരിഗണിക്കും. ഇത്‌ സർക്കാർ ജീവനക്കാരുമായി താരതമ്യംചെയ്യാനുള്ള എജിയുടെ ശ്രമവും ബോധപൂർവമാണ്‌.കിഫ്‌ബി പദ്ധതികളുടെ ഗുണമേന്മ പരിശോധന അടക്കമുള്ള ചുമതലകൾക്കായി യാത്ര, താമസ സൗകര്യം നൽകിയതിനെയും കുറ്റമാക്കി. 

മിന്നൽ പരിശോധനയ്‌ക്ക്‌ പോകുന്നവർ സർക്കാർ അതിഥി മന്ദിരങ്ങളിലും റെസ്‌റ്റു ഹൗസുകളിലും മുൻകൂർ ബുക്ക്‌ ചെയ്‌ത്‌ താമസിക്കണമെന്ന ‘വിചിത്ര കണ്ടുപിടിത്ത’വും എജിയുടേതായുണ്ട്‌.കിഫ്‌ബിയുമായി ബന്ധപ്പെട്ട്‌ സിഎജി റിപ്പോർട്ടിൽ മുമ്പ്‌ പറഞ്ഞ കാര്യങ്ങൾ അങ്ങനെതന്നെ ആവർത്തിക്കുന്നത്‌ അസാധാരണമാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. നിയമസഭ പ്രത്യേക പ്രമേയംവഴി നിരാകരിച്ച പരാമർശമശങ്ങളാണ്‌ ആവർത്തിച്ചത്‌. ഒരു തവണ നിയമസഭ ചർച്ചചെയ്യുകയും പ്രമേയം പാസാക്കുകയും ചെയ്‌ത കാര്യം രണ്ടാമതും അങ്ങനെതന്നെ വരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. നിയമസഭയും സർക്കാരും സിഎജിയും വ്യവസ്ഥാപിത നിയമങ്ങൾക്കകത്ത്‌ പ്രവർത്തിക്കുന്നവയാണ്‌. നിയമങ്ങൾക്ക്‌ അകത്തുനിന്ന്‌ പറയാവുന്ന കാര്യങ്ങൾ പറയാം. അതിനനുസരിച്ച്‌ പരിശോധനകളും നടത്താം. അതാകും നല്ലത്‌. നിയമങ്ങളനുസരിച്ചാണ്‌ സർക്കാർ കാര്യങ്ങൾ ചെയ്യുന്നത്‌. വികസനവും പരമാവധി ആളുകൾക്ക്‌ സഹായവും എത്തിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.കിഫ്‌ബിയെ കരിതേക്കാൻ സിഎജിയെ മറപിടിച്ചുള്ള ഗൂഢാലോചന നടക്കുന്നു.

ഏപ്രിൽ 14ന്‌ റിപ്പോർട്ട്‌ കിഫ്‌ബിക്കും ധന സെക്രട്ടറിക്കും നൽകിയെന്നും, സർക്കാർ ഇത്‌ ഒളിച്ചുവച്ചുവെന്നുമുള്ള കള്ളത്തരമാണ് പടച്ചുവിടുന്നത്‌. കേരളത്തിലെ മുൻ അക്കൗണ്ടന്റ്‌ ജനറൽ(എജി) നിർദേശ പ്രകാരം നടന്ന പ്രത്യേക ഓഡിറ്റ്‌ റിപ്പോർട്ടിൽ‌ കിഫ്‌ബിയിൽ വ്യാപക കുഴപ്പങ്ങൾ കണ്ടെത്തിയെന്ന ഇല്ലാത്ത റിപ്പോർട്ടാണ് പ്രചരിപ്പിക്കുന്നത്‌. കിഫ്‌ബിയെ അപകീർത്തിപ്പെടുത്താനും സർക്കാരിനെതിരായ ആയുധമാക്കാനും യുഡിഎഫും ബിജെപിയും കിണ‍ഞ്ഞു പരിശ്രമിക്കുകയാണ് . എന്നാല്‍ ഇങ്ങനെയൊരു റിപ്പോർട്ട്‌ കിഫ്‌ബിക്കോ, സംസ്ഥാന ധന വകുപ്പിനോ കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. പൊതുതെരഞ്ഞെടുപ്പുകൾക്കുമുമ്പ്‌ കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട പല വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. കിഫ്‌ബിയെ സംബന്ധിച്ച 72 ചോദ്യം എജി ഉന്നയിച്ചു. ഇതിന്‌ കൃത്യമറുപടിയും നൽകി. തുടർന്ന്‌ ഓഡിറ്റ്‌ റിപ്പോർട്ടിന്റെ കരടോ, അന്തിമ റിപ്പോർട്ടോ എജി തയ്യാറാക്കിയതായ അറിയിപ്പൊന്നും കിഫ്‌ബിക്കും ധന വകുപ്പിനും ലഭിച്ചിട്ടില്ല.കിഫ്‌ബിയുടെ ധനസമാഹരണ സാധ്യത ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്‌ നിരന്തരം നുണപ്രചാരണം നടത്തുന്നതെന്ന്‌ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസർ ഡോ. കെ എം എബ്രഹാം പറഞ്ഞു. 

ബാങ്കുകളടക്കമുള്ള ധന സ്ഥാപനങ്ങൾക്ക്‌ ആശയക്കുഴപ്പമുണ്ടാക്കാൻ മനഃപൂർവം ചെയ്യുന്നതാണിത്തരം വ്യാജവാർത്തകൾ. ഇല്ലാത്ത ഓഡിറ്റ്‌ റിപ്പോർട്ടിന്റെ പേരിലാണ്‌ ഇപ്പോൾ വിവാദം. സിഎജി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും രേഖകളും കൈമാറി. കിഫ്‌ബിയുടെ ഓൺലൈൻ അക്കൗണ്ടിങ്‌‌ സംവിധാനത്തിലെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന നിലയിൽ, ശൃംഖലയിലേക്ക്‌ കയറാനുള്ള പാസ്‌വേഡും നൽകി. റിപ്പോർട്ട്‌ നിജസ്ഥിതി അറിയാൻ എജിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ നടപടി തുടരുകയാണെന്ന മറുപടിയാണ്‌ ലഭിച്ചതെന്നും പറയപ്പെടുന്നു . എന്നിട്ടും കള്ളപ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ്. കിഫ്‌‌ബിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൈക്കോടാലിയായി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ അധഃപതിക്കരുതെന്ന്‌ മുൻധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞത്എത്രയോ അന്വര്‍ത്ഥമാണ് ഈ സന്ദര്‍ഭത്തില്‍. കിഫ്‌ബി സംസ്ഥാനത്ത് പശ്ചാത്തല സൗകര്യസൃഷ്ടിയിൽ വൻകുതിപ്പ് സൃഷ്ടിക്കുന്നു. മൂന്നുവർഷത്തിനുള്ളിൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാനാകും. 

ഇത് തകർക്കാനുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ചട്ടുകമായി സിഎജി മാറരുത്. കഴിഞ്ഞതവണ പറഞ്ഞ മഠയത്തരങ്ങൾ ഇത്തവണ സിഎജി ഉപേക്ഷിച്ചത് നന്നായെന്നും തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. മാധ്യമ തലക്കെട്ടുകൾ സൃഷ്ടിക്കാനുള്ള മറിമായത്തിന്റെ ഭാഗമാണ് കിഫ്ബിയുടെയും പെൻഷൻഫണ്ടിന്റെയും വായ്പകൾ കൂട്ടിച്ചേർത്ത് കേരളത്തെ കടക്കെണിയിലാഴ്‌ത്തിയത്‌‌. അങ്ങനെയങ്ങ് കേരളം മെച്ചപ്പെടരുതെന്ന ഗൂഢനിശ്ചയമാണിത്‌. കിഫ്‌ബി സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന ആക്ഷേപം അസംബന്ധമാണ്‌. നിയമപ്രകാരം കൊടുക്കേണ്ടതിനപ്പുറം ഒരുരൂപയും സർക്കാർ കിഫ്‌ബിക്ക് ഭാവിയിൽ കൊടുക്കേണ്ടിവരില്ല . ആ നിയമം ഭരണ–-പ്രതിപക്ഷങ്ങൾ ഏകകണ്ഠമായി പാസാക്കിയതാണ്. കേന്ദ്ര സർക്കാർ വർഷവും രണ്ടുംമൂന്നും ലക്ഷം കോടിവരെ വായ്‌പ എടുക്കുന്നു. ഒരിക്കൽപ്പോലും വായ്‌പാതുകയിൽ ബജറ്റിനുപുറത്തെ വായ്‌പകൾ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനങ്ങളും ഇതേരീതിയിൽ വായ്‌പ എടുക്കുന്നു. സിഎജി ഇതിനെ ചോദ്യംചെയ്തിട്ടുമില്ല. എന്നിട്ടാണ്‌ കേരളത്തിനുനേരെ കുതിര കയറാൻ വരുന്നതെന്നും തോമസ്‌ ഐസക്‌ അഭിപ്രായപ്പെട്ടിരുന്നു.

Eng­lish Sum­ma­ry : false news spread­ing about kifb 

You may also like this video :

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.