27 September 2024, Friday
KSFE Galaxy Chits Banner 2

പുതുയുഗത്തിന് നാന്ദികുറിച്ച് കേരള പേപ്പർ പ്രോഡക്ട്സ്

സരിത കൃഷ്ണൻ
കോട്ടയം
January 1, 2022 10:00 pm

സംസ്ഥാന സര്‍ക്കാരിന്റെ പുതുവർഷ സമ്മാനമായി കേരള പേപ്പർ പ്രൊഡക്സ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. 3200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കുതിച്ചു കയറുക എന്ന ലക്ഷ്യവുമായാണ് കെപിപിഎൽ പുതുയുഗത്തിലേക്ക് മിഴി തുറന്നത്. ഇന്ന് പ്രാരംഭപ്രവർത്തനം ആരംഭിച്ച കമ്പനി നാലുഘട്ടങ്ങൾ പിന്നിട്ട് അവസാനഘട്ടത്തിൽ എത്തുമ്പോൾ മറ്റ് ഏതൊരു വ്യവസായ സ്ഥാപനത്തെയും കിടപിടിക്കുന്ന വിധത്തിൽ മുൻ നിരയിലേക്ക് കുതിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതരും കോട്ടയവും. അടച്ചു പൂട്ടലിന്റെ വക്കിലെത്തി, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നിപ്പിച്ച വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി പുതിയ ജന്മവുമായി തിരികെ എത്തുന്നത് സംസ്ഥാന സർക്കാരിന്റെ കരുതലിന്റെ കരം പിടിച്ചാണ്. 

പൊതുമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ കരുതലിന്റെ മികച്ച ഉദാഹരണം കൂടിയാണ് കെപിപിഎൽ. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ നിരവധിയാണ്. കോട്ടയം ടെക്സ്റ്റൈൽസ്, കേരള സോപ്പ്സ്, ഓട്ടോ കാസ്റ്റ് തുടങ്ങി എത്രയോ സ്ഥാപനങ്ങൾ ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. എന്നാൽ മരിച്ചുവെന്ന് കരുതി കുഴിച്ചുമൂടാൻ കേന്ദ്ര സർക്കാർ നിർദേശിച്ച ഒരു സ്ഥാപനം പുതു ജീവനിലേക്ക് എത്തുന്നുവെന്നതാണ് കെപിപിഎല്ലിന്റെ പ്രത്യേകത.മൂവായിരത്തിലധികം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന കമ്പനിയുടെ നടത്തിപ്പും പൂർണ നിയന്ത്രണവും കിൻഫ്രയ്ക്കാണ്. പഴയ കമ്പനിയുടെ റെസൊല്യൂഷൻ പ്രകാരമുള്ള എല്ലാ ബാധ്യതകളും നൽകിക്കഴിഞ്ഞാണ് കിൻഫ്ര സ്ഥാപനം ഏറ്റെടുത്തത്. വ്യവസായവകുപ്പ് സെക്രട്ടറി എ പി എം. മുഹമ്മദ് ഹനീഷ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായും കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ്, സ്പെഷൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നീ മൂന്നംഗ ബോർഡിനാണ് കമ്പനിയുടെ പൂർണ ചുമതല. ഒന്നാം ഘട്ടമായി വരുന്ന അഞ്ചു മാസംകൊണ്ട് ഫാക്ടറി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. മേയിൽ ഉദ്ഘാടനം നടത്താൻ ആവുമെന്നാണ് പ്രതീക്ഷ. 

ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടി അഞ്ചു മാസത്തേക്ക് വകയിരുത്തിയിട്ടുണ്ട്. മൂന്നു മുതൽ ആറു മാസത്തിനകം രണ്ടാംഘട്ടത്തിൽ 44.9 കോടി മുതൽ മുടക്കിൽ ഉല്പാദനം ആരംഭിക്കും. ഇതിന് 75.15 കോടി രൂപ പ്രവർത്തനമൂലധനം ആവശ്യമാണ്. ആദ്യ മാസങ്ങൾ പരീക്ഷണഘട്ടമാണ്. ഉല്പാദനം പുനരാരംഭിക്കുമ്പോൾ ഇറക്കുമതി ചെയ്ത പൾപ്പാവും കൂടുതൽ ഉപയോഗിക്കുക. ചെറിയ തോതിൽ റീസൈക്കിൾ പൾപ്പ്, വെർജിൻ പൾപ്പ്, മെക്കാനിക്കൽ പൾപ്പ് എന്നിവ പേപ്പർ നിർമാണത്തിനായി ഉപയോഗിച്ചു തുടങ്ങും. മൂന്നാം ഘട്ടം 650 കോടി രൂപ നിക്ഷേപത്തോടെ പ്രവർത്തനമാരംഭിച്ച് ഒമ്പതു മാസമാകുമ്പോൾ പ്രകടമായ മാറ്റം ലാഭത്തിലുണ്ടാകും.പ്രവർത്തനം ആരംഭിച്ചതിനുശേഷം കമ്പനിയുടെ സ്വന്തം സംവിധാനത്തിലും ബാങ്കുകളുടെ പിന്തുണയോടെയുമാണ് തുക സമാഹരിക്കുക. നാലാം ഘട്ടമായ 17 മാസം കൊണ്ട് 3.50 ലക്ഷം ടൺ ഉല്പാദനമുള്ള 350 കോടി വരുമാനമുണ്ടാക്കുന്ന കമ്പനിയായി വളരുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഉല്പാദനത്തിന്റെ ആദ്യ ഘട്ടം ന്യൂസ് പ്രിന്റിംഗ് മാത്രമെങ്കിലും ശേഷം ടിഷ്യു പേപ്പർ ഉൾപ്പെടെയുള്ള പ്രീമിയം പേപ്പർ ഉല്പന്നങ്ങളുടെ നിർമ്മാണവും ആരംഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.