ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി ഗൗതം അഡാനി. ബ്ലൂംബര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ആസ്തി 88.5 ബില്യണ്‍ ഡോളറിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ ധനികരിലൊരാളായ മുകേഷ് അംബാനിയുടെ റെക്കോഡാണ് അഡാനി ഭേദിച്ചത്. മുകേഷ് അംബാനിക്ക് 87.9 ബില്യണ്‍ ഡോളറാണ് ആസ്തി.
ആസ്തിയില്‍ ഈ വര്‍ഷം 12 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് അഡാനി സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് നേടിയ വ്യക്തികൂടിയായി മാറിയിട്ടുണ്ട് ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗൗതം അഡാനി.
ചെറുകിട ചരക്ക് വ്യാപാരത്തില്‍നിന്ന് തുടങ്ങി തുറമുഖങ്ങളും വിമാനത്താവളങ്ങളും ഖനികളും വ്യാപിച്ചുകിടക്കുന്ന വന്‍ സാമ്രാജ്യമായി വളര്‍ത്തിയെടുക്കുകയായിരുന്നു അഡാനി. അടുത്തിടെ അഡാനിയുടെ ഓസ്ട്രേലിയന്‍ ഖനി പദ്ധതി വന്‍ വിവാദമായിരുന്നു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ഡാറ്റാ സെന്ററുകള്‍, പ്രതിരോധ കരാറുകള്‍ എന്നിവയിലേക്ക് ബിസിനസ് വിപുലീകരണത്തിനൊരുങ്ങുകയാണ് അഡാനി.
ആസ്തികളുടെ കാര്യത്തില്‍ വര്‍ഷങ്ങളോളം അംബാനിക്ക് പിന്നില്‍ രണ്ടാംസ്ഥാനക്കാരനായിരുന്നു അഡാനി. എന്നാല്‍, സമീപകാലത്തായി ആസ്തി വര്‍ധനയുടെ വേഗത വര്‍ധിപ്പിച്ചു. അതുകൊണ്ട് തന്നെ ഓഹരി വിപണികളില്‍ അഡാനി ഗ്രൂപ്പിന് കൂടുതല്‍ വിശ്വാസ്യത ലഭിച്ചു. അതേസമയം, സൗദി ആരാംകോ പോലുള്ള വമ്പന്‍ ഡീലുകളില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പിന്മാറേണ്ടിവന്നത് ഓഹരി വിപണിയില്‍ അംബാനിക്ക് തിരിച്ചടി സമ്മാനിച്ചിരുന്നു.
ഇന്ത്യയില്‍ ഒരു ലക്ഷം കോടി ആസ്തിയുള്ള അഞ്ചു കമ്പനികളുള്ള ഒരേ ഒരു വ്യവസായിയും അഡാനിയാണ്. അഡാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ശരാശരി 600 ശതമാനത്തിലധികം വില ഉയര്‍ന്നിട്ടുണ്ട്. അഡാനി ഗ്രീന്‍, അഡാനി ടോട്ടല്‍ ഗ്യാസ് എന്നിവയുടെ ഓഹരിവിലയില്‍ 1000 ശതമാനം ഉയര്‍ച്ചയുണ്ടായി.
അഡാനി എന്റര്‍പ്രൈസസിന് 730 ശതമാനം വില ഉയര്‍ന്നു. അഡാനി ട്രാന്‍സ്മിഷന്‍ 500 ശതമാനത്തിലധികവും അഡാനി പോര്‍ട്ട്സ് 95 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ഓഹരിവിലയിലെ അസാധാരണ ഉയര്‍ച്ചകളുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു.
english summary; Adani is Asia’s richest man, surpassing Mukesh Ambani
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.