കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ (കെ റയിൽ) പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ അതിവേഗം കുതിക്കുന്നു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായായാണ് അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 530 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തിൽ അതിരടയാള കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് ഇത്രയും ദൂരം കല്ലിട്ടത്. പത്തനംതിട്ട ജില്ലയിലും കല്ലിടൽ ഉടൻ ആരംഭിക്കും.
കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കല്ലിട്ടത്. 14 വില്ലേജുകളിലായി 38 കിലോമീറ്റർ ദൂരത്തിൽ 1,439 കല്ലുകളിട്ടു. കണ്ണൂർ ജില്ലയിൽ 12 വില്ലേജുകളിലായി 37 കിലോമീറ്റർ നീളത്തിൽ 1,130 കല്ലുകളും എറണാകുളം ജില്ലയിൽ 16 കിലോമീറ്റർ ദൂരത്തിലും കല്ലിടൽ പൂർത്തിയായി. കോഴിക്കോട് ജില്ലയിൽ നാലര കിലോമീറ്ററോളം ദൂരത്തിലും കോട്ടയം ജില്ലയിൽ എട്ട് കിലോമീറ്റർ ദൂരത്തിലുമാണ് കല്ലുകൾ സ്ഥാപിച്ചത്. ആലപ്പുഴയിൽ 1.6 കിലോമീറ്ററും തിരുവനന്തപുരം ജില്ലയിൽ 12 കിലോമീറ്റർ ദൂരത്തിൽ 623 കല്ലും സ്ഥാപിച്ചു. കൊല്ലം ജില്ലയിൽ 14 കിലോമീറ്ററും തൃശൂർ ജില്ലയിൽ രണ്ടര കിലോമീറ്റർ, മലപ്പുറം ജില്ലയിൽ നാല് കിലോമീറ്ററോളം ദൂരത്തിലും കല്ലുകൾ സ്ഥാപിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം 4(1) വകുപ്പ് അനുസരിച്ചാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. 1961ലെ കേരള സർവ്വേ അതിരടയാള നിയമത്തിലെ 6(1) വകുപ്പ് അനുസരിച്ച അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചിരുന്നു.
English Summary: Silverline Rapid Forward: 140 km of masonry completed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.